ADVERTISEMENT

ന്യൂഡൽഹി∙ കാണാതായ രണ്ടു വിദ്യാർഥികൾ കൊല്ലപ്പെട്ടെന്ന വാർത്തയോടെ വീണ്ടും ആളിപ്പടർന്ന മണിപ്പുരിലെ പ്രതിഷേധം നിയന്ത്രിക്കാൻ കേന്ദ്രം മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥനായ രാകേഷ് ബൽവാലിനെ നിയോഗിച്ചിരിക്കുകയാണ്. 2021 ഡിസംബർ മുതൽ ശ്രീനഗർ സീനിയർ സൂപ്രണ്ട് ഓഫ് പൊലീസ് ആയി സേവനം അനുഷ്ഠിച്ചിരുന്ന ബൽവാലിനെ കാലാവധി പൂർത്തിയാകും മുൻപ് പെട്ടെന്നാണ് മണിപ്പുരിലേക്കു സ്ഥലംമാറ്റിയത്. പുല്‍വാമ ഭീകരാക്രമണ കേസ് ഉൾപ്പെടെയുള്ളവ തെളിയിക്കുന്നതിൽ നിർണായക പങ്കുവഹിച്ച ബൽവാലിനെ എന്തുകൊണ്ടാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം മണിപ്പുരിലേക്കു നിയോഗിച്ചത്?

2012 ബാച്ച് മണിപ്പുർ കേഡർ ഐപിഎസ് ഉദ്യോഗസ്ഥനാണ് ജമ്മുവിലെ ഉധംപുർ സ്വദേശിയായ ബൽവാൽ. 2021ൽ അദ്ദേഹത്തെ മൂന്നുവർഷത്തേക്ക് എജിഎംയുടി (അരുണാചൽ പ്രദേശ് – ഗോവ – മിസോറം – കേന്ദ്ര ഭരണപ്രദേശങ്ങൾ) എന്നതിലേക്ക് സ്ഥലംമാറ്റിയിരുന്നു. മൂന്നുവർഷം പൂർത്തിയാകുന്നതിനുമുൻപുതന്നെ അദ്ദേഹത്തെ സ്വന്തം കേഡറിലേക്കു മാറ്റുകയാണ് ആഭ്യന്തര മന്ത്രാലയം ചെയ്തത്. മണിപ്പുരിൽ മികച്ച അന്വേഷണ ഉദ്യോഗസ്ഥരെ എത്തിച്ച് കേസുകളിൽ എത്രയും പെട്ടെന്നു തീർപ്പുണ്ടാക്കാനുള്ള നീക്കമാണ് കേന്ദ്രത്തിന്റേത്. മാത്രമല്ല, അക്രമം രൂക്ഷമായ ചുരാചന്ദ്പുരിൽ ബൽവാൽ സേവനം അനുഷ്ഠിച്ചിരുന്നു.

∙ മേയ് മുതൽ ഇതുവരെ 40 ഐപിഎസുകാർ

മേയിൽ ആരംഭിച്ച സംഘർഷം നിയന്ത്രണവിധേയമാക്കാനും കേസുകളുടെ അന്വേഷണത്തിനുമായി നാൽപ്പതോളം ഐപിഎസ് ഉദ്യോഗസ്ഥരെയാണ് സംസ്ഥാനത്ത് നിയോഗിച്ചിരിക്കുന്നത്. സിബിഐയുടെ 10 ഉന്നതതല ഉദ്യോഗസ്ഥരെ ഈയാഴ്ച ആദ്യവും മണിപ്പുരിലേക്കു നിയോഗിച്ചിരുന്നു. നിലവിലെ മണിപ്പുർ പൊലീസ് മേധാവിയായ രാജീവ് സിങ്ങിന്റെ കേഡർ ത്രിപുരയായിരുന്നു. സിആർപിഎഫ് ആസ്ഥാനത്തെ ഐജിയായിരുന്ന അദ്ദേഹത്തെ കേഡർ മാറ്റി മണിപ്പുരിലെത്തിച്ച് ഡിജിപിയാക്കുകയായിരുന്നു.

കശ്മീരിലെ ക്രമസമാധാനം തീരെ മോശമായ അവസ്ഥയിലാണ് ബൽവാലിനെ കേന്ദ്രം ശ്രീനഗറിലേക്കു നിയോഗിച്ചത്. പ്രദേശവാസിയല്ലാത്തവരെ ലക്ഷ്യമിട്ട് ആക്രമണം വർധിച്ച അവസ്ഥയിലായിരുന്നു ശ്രീനഗർ. അദ്ദേഹത്തിന്റെ കൃത്യമായ മുന്നൊരുക്കങ്ങളും മറ്റും കാരണം 2021 ഡിസംബറിനുശേഷം ശ്രീനഗറിൽ അത്തരമൊരു ലക്ഷ്യംവച്ചുള്ള കൊലകൾ ഉണ്ടായിട്ടില്ലെന്ന് ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയമാധ്യമം റിപ്പോർട്ട് ചെയ്തു. ബൽവാലിന്റെ കാലത്തായിരുന്നു 30 വർഷങ്ങൾക്കുശേഷം ശ്രീനഗറിന്റെ വീഥികളിലൂടെ മുഹറം ഘോഷയാത്ര കടന്നുപോയത്. ഈ വർഷം സ്വാതന്ത്ര്യദിന ചടങ്ങുകളിൽ പൊതുജനത്തിന് പങ്കാളിത്തം നൽകിയതും അദ്ദേഹമാണ്. ജി20ന്റെ ടൂറിസം വർക്കിങ് ഗ്രൂപ്പ് യോഗവും ഇദ്ദേഹത്തിന്റെ കാലയളവിൽ സമാധാനമായി നടത്തി.

∙ പുൽവാമയിലെ ചുരുളഴിച്ചത്

ദേശീയ അന്വേഷണ ഏജൻസിയുടെ എസ്പിയായി സേവനം അനുഷ്ഠിക്കവെയാണ് 2019ൽ 40 സിആർപിഎഫ് ജവാന്മാരെ കൊലപ്പെടുത്തിയ പുൽവാമ ആക്രമണക്കേസ് അന്വേഷണ സംഘത്തെ നയിക്കാനുള്ള ചുമതല അദ്ദേഹത്തിനുണ്ടായത്. ചുമതല ഏറ്റെടുത്തപ്പോൾ കേസ് അന്വേഷണം മുന്നോട്ടുകൊണ്ടുപോകുന്നതിന് ഒരുതുമ്പും ഇല്ലാതിരിക്കുന്ന അവസ്ഥയായിരുന്നു. എന്നാൽ ചാവേറിൽനിന്നു കണ്ടെടുത്ത ഫോൺ പരിശോധനയ്ക്ക് അയച്ചതോടെയാണ് അന്വേഷണത്തിൽ മുന്നോട്ടുപോകാൻ സംഘത്തിനുകഴിഞ്ഞത്. ബൽവാലിന്റെ മേൽനോട്ടത്തിലായിരുന്നു എല്ലാം.

2020 ഓഗസ്റ്റിൽ 13,500 പേജ് കുറ്റപത്രമാണ് എൻഐഎ കേസിൽ ഫയൽ ചെയ്തത്. കേസ് അന്വേഷണത്തിലെ മികവിന് കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ ‘മെഡൽ ഫോർ എക്സലൻസ് ഇൻ ഇൻവെസ്റ്റിഗേഷൻ’ പുരസ്കാരം 2021ൽ ലഭിച്ചു. എൻഐഎയിൽ ഡപ്യൂട്ടേഷനു പോകും മുൻപ് ചുരാചന്ദ്പുരിലെ എസ്പിയായിരുന്നു ബൽവാൽ. അവിടെയാണ് മേയിൽ ആദ്യ സംഘർഷം ഉണ്ടാകുന്നത്. തോബാലിലും ഇംഫാലിലും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.

English Summary: Senior IPS officer Rakesh Balwal appointed to control protests in Manipur - Why the sudden transfer?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com