ട്രിവാൻഡ്രം ക്ലബ്ബിൽ പണംവച്ച് ചീട്ടുകളി; പിടിയിലായവരിൽ പൊതുമേഖലാ സ്ഥാപനത്തിന്റെ എംഡിയും
Mail This Article
തിരുവനന്തപുരം∙ ട്രിവാൻഡ്രം ക്ലബ്ബിൽ പണംവച്ച് ചീട്ടുകളിച്ചതിനു പൊലീസ് പിടിയിലായവരിൽ പൊതുമേഖലാ സ്ഥാപനത്തിന്റെ എംഡിയും. യുണൈറ്റഡ് ഇലക്ട്രിക്കൽ ഇൻഡസ്ട്രീസ് എംഡി എസ്.ആർ.വിനയകുമാർ അടക്കം 9 പേരാണ് അറസ്റ്റിലായത്. 7.5 ലക്ഷം രൂപയും കണ്ടെത്തി. വിനയകുമാറിനെതിരെ വകുപ്പുതല നടപടി സ്വീകരിക്കുമെന്നാണ് അധികൃതർ നൽകുന്ന സൂചന. അന്തരിച്ച സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ ഭാര്യാ സഹോദരനാണ് വിനയകുമാറെന്ന് പൊലീസ് പറയുന്നു.
സെക്രട്ടറിയറ്റ് ജീവനക്കാരനായ ജയകൃഷ്ണൻ, സിമന്റ് വ്യാപാരിയായ ശങ്കർ, പ്രവാസിയായ ഷിഹാസ്, റിയൽ എസ്റ്റേറ്റ് ബിസിനസുകാരായ അഷറഫ്, ആന്റണി, വ്യാപാരിയായ വിനോദ്, ഐടിഐ ഇൻസ്ട്രക്ടർ സീതാറാം, വ്യാപാരിയായ മനോജ്, എസ്.ആർ.വിനയകുമാർ എന്നിവരാണ് ഇന്നലെ ചീട്ടു കളിക്കുന്നതിനിടയിൽ മ്യൂസിയം പോലീസിന്റെ പിടിയിലായത്.
പണംവച്ച് ചീട്ടുകളിക്കുന്നതായുള്ള രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് മ്യൂസിയം പൊലീസ് ക്ലബ്ബിൽ റെയ്ഡ് നടത്തിയത്. പൊലീസെത്തിയപ്പോൾ ചീട്ടുകളി നടക്കുകയായിരുന്നു. ക്ലബ്ബിലെ അഞ്ചാം നമ്പർ മുറിയിൽനിന്നാണ് സംഘത്തെ പിടികൂടിയത്. വിനയകുമാറിന്റെ പേരിലെടുത്ത മുറിയിലായിരുന്നു ചീട്ടുകളി. വിനയകുമാറിന്റെ പേരിലാണ് മുറിയെടുത്തതെന്ന് ക്ലബ്ബ് അധികൃതരും പൊലീസിനോട് പറഞ്ഞു.
English Summary: Gambling with Money at Trivandrum Club: UEI MD Among Those Arrested