ADVERTISEMENT

ന്യൂഡൽഹി∙ തൃണമൂൽ കോൺഗ്രസ് എംപിമാർക്കായി തന്റെ ഓഫിസിൽ രണ്ട് മണിക്കൂറിലേറെ കാത്തിരുന്നുവെന്ന് കേന്ദ്ര ഗ്രാമവികസന സഹമന്ത്രി സാധ്വി നിരഞ്ജൻ ജ്യോതി. എന്നാൽ, കൂടിക്കാഴ്ചയ്ക്കായി കേന്ദ്ര മന്ത്രി തങ്ങൾക്ക് അപ്പോയിന്റ്മെന്റ് നൽകിയിരുന്നുവെങ്കിലും കൂടിക്കാഴ്ച നടത്താനായില്ലെന്ന് തൃണമൂൽ കോൺഗ്രസ് നേതാക്കൾ അവകാശപ്പെട്ടു.

‘‘ഇന്ന് എന്റെ രണ്ടര മണിക്കൂർ സമയം പാഴായി. തൃണമൂൽ എംപിമാരെ കാത്തിരുന്ന ശേഷം 8.30നാണ് ഓഫിസിൽ നിന്നിറങ്ങിയത്. ഷെഡ്യൂൾ ചെയ്ത വിഷയങ്ങൾ ചർച്ച ചെയ്യാൻ തൃണമൂൽ കോൺഗ്രസ് ആഗ്രഹിക്കുന്നില്ല. എന്നാൽ, രാഷ്ട്രീയം കളിക്കുന്നു’’– ഓഫിസിൽ കാത്തിരിക്കുന്നതിന്റെ വിഡിയോ പങ്കുവച്ചുകൊണ്ട് അവർ എക്സ് (ട്വിറ്റർ) പ്ലാറ്റ്ഫോമിൽ പോസ്റ്റ് ചെയ്തു.

എന്നാൽ, മന്ത്രിയുടെ അവകാശവാദം നുണയാണെന്ന് പറഞ്ഞ് തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്ര രംഗത്തെത്തി. മൂന്നുമണിക്കൂർ തങ്ങളെ ഇരുത്തിയ ശേഷം മന്ത്രി പിൻവാതിലിലൂടെ ‘ഓടിപ്പോയി’ എന്നും അവർ പറഞ്ഞു. ‘‘ക്ഷമിക്കണം, സാധ്വി നിരഞ്ജൻ ജ്യോതി. നിങ്ങൾ കള്ളം പറയുകയാണ്. ഞങ്ങളുടെ പ്രതിനിധി സംഘത്തിന് നിങ്ങൾ അപ്പോയിന്റ്മെന്റ് നൽകി. നിങ്ങൾ എല്ലാ പേരുകളും പരിശോധിച്ചു. ഞങ്ങളെ പ്രവേശിക്കാൻ അനുവദിക്കുന്നതിന് മുൻപ് ഓരോരുത്തരെയായി പരിശോധിച്ചു. ഞങ്ങളെ 3 മണിക്കൂർ പുറത്തിരുത്തി. എന്നിട്ട് പിൻവാതിലിലൂടെ നിങ്ങൾ ഓടിപ്പോയി’’– സാധ്വി നിരഞ്ജൻ ജ്യോതിയുടെ പോസ്റ്റിനു മറുപടിയായി മഹുവ എക്സിൽ കുറിച്ചു.

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമപ്രകാരം (എംജിഎൻആർഇജിഎ) ബംഗാളിന് ഫണ്ട് അനുവദിക്കണമെന്ന ആവശ്യവുമായി ബന്ധപ്പെട്ട് തൃണമൂൽ കോൺഗ്രസ് നേതാക്കൾ ചൊവ്വാഴ്ച കൃഷിഭവനിൽ മന്ത്രിയുമായി ചർച്ച നിശ്ചയിച്ചിരുന്നു. തൃണമൂൽ കോൺഗ്രസ് ജനറൽ സെക്രട്ടറി അഭിഷേക് ബാനർജി ഉൾപ്പെടെ 30-ഓളം നേതാക്കളെ കൃഷിഭവനിനുള്ളിൽ നടത്തിയ പ്രതിഷേധത്തിനിടെ ഡൽഹി പൊലീസ് കസ്റ്റഡിയിലെടുത്തതായി പാർട്ടി ആരോപിച്ചിരുന്നു. മഹുവ മൊയ്‌ത്ര ഉൾപ്പെടെയുള്ള നേതാക്കളെ കൃഷിഭവനിൽനിന്ന് പൊലീസ് വലിച്ചിഴച്ചതിന്റെ വിഡിയോ പാർട്ടി നേതാക്കൾ പങ്കുവച്ചു. 

English Summary: Minister says she waited for Trinamool MPs, Mahua Moitra calls her 'liar'

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com