ADVERTISEMENT

ന്യൂഡ‍ൽഹി∙ ദ്വാരകയിലെ പാർക്കിൽ ദുരൂഹസാഹചര്യത്തിൽ മരിച്ചനിലയിൽ കാണപ്പെട്ട മലയാളി വ്യവസായി പി.പി.സുജാതന്റെ മരണത്തിൽ ഡൽഹി പൊലീസിന്റെ സ്പെഷൽ ഇന്റലിജൻസ് ടീം അന്വേഷണം ആരംഭിച്ചു. പ്രതികളെ ഉടൻ കണ്ടെത്തണം എന്നാവശ്യപ്പെട്ട് ദ്വാരക പൊലീസ് കമ്മിഷണർ എം.ഹർഷവർധനുമായി മലയാളി സംഘടനകളുടെ പ്രതിനിധികൾ നടത്തിയ കൂടിക്കാഴ്ചയിലാണ് ഇക്കാര്യം പറഞ്ഞത്. 

സുജാതന്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് ഇന്നു ലഭിക്കും. റിപ്പോർട്ട് വിശദമായി പരിശോധിച്ചതിനു ശേഷം മാത്രമേ മരണകാരണത്തെക്കുറിച്ചു പറയാനാകൂവെന്നും കമ്മിഷണർ പറഞ്ഞു. ആത്മഹത്യ ആണോ എന്ന സംശയവും പൊലീസിന്റെ പ്രതികരണങ്ങളിൽ പ്രതിഫലിച്ചിരുന്നു. എന്നാൽ, മരണം നടന്ന ദിവസം സ്ഥലം സന്ദർശിച്ച ശേഷം പ്രഥമദൃഷ്ട്യാ കൊലപാതകം തന്നെയാണെന്നായിരുന്നു കമ്മിഷണർ തന്നെ പറഞ്ഞത്. കൊലപ്പെടുത്തിയ ശേഷം മരച്ചില്ലയിൽ കെട്ടിത്തൂക്കിയതാണെന്നു വ്യക്തമാണെന്നും പ്രതികളെ ഉടൻ തന്നെ പിടികൂടുമെന്നും പറഞ്ഞിരുന്നു. 302–ാം വകുപ്പു പ്രകാരം കൊലപാതകകുറ്റം ചുമത്തി തന്നെയാണ് പൊലീസ് കേസെടുത്തിരിക്കുന്നതും. തെക്കുപടിഞ്ഞാറൻ ഡൽഹിയിൽ പാർക്കിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയ മൃതദേഹത്തിൽ നിരവധി മുറിവുകൾ ഉണ്ടായിരുന്നുവെന്നും കൊലപാതകത്തിനു കേസെടുക്കുന്നുവെന്നുമായിരുന്നു പൊലീസിന്റെ ഔദ്യോഗിക പ്രതികരണവും.

അതേസമയം, സുജാതൻ ഉപയോഗിച്ചിരുന്ന മൊബൈൽ ഫോൺ ഇതുവരെ കണ്ടെത്താനായിട്ടില്ല. മൊബൈൽ ഫോണിൽ നിന്ന് അവസാന വാട്സാപ് സന്ദേശം അയച്ചിരിക്കുന്നതും ഫോൺ ചെയ്തിരിക്കുന്നതും വീടിന്റെ ഉള്ളിൽ നിന്നാണ്. സുജാതന്റെ ശരീരത്തിൽ മുറിവുകളുണ്ടാക്കിയ ബ്ലേഡ് കണ്ടുകിട്ടിയിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. ശരീരത്തിൽ കണ്ടെത്തിയ മുറിവുകളൊന്നും തന്നെ ആഴത്തിലുള്ളതല്ലെന്നു പോസ്റ്റ്മോർട്ടം ചെയ്ത ഡോക്ടർ സൂചിപ്പിച്ചതായി പൊലീസ് അറിയിച്ചു. മരിക്കുന്നതിനു മുൻപ് നടത്തിയ സാമ്പത്തിക, വസ്തു ഇടപാടുകളെക്കുറിച്ചും അന്വേഷിക്കുന്നുണ്ട്. 

സുജാതന്റെ മരണാനന്തര കർമങ്ങൾക്കായി കുടുംബം ഇന്നലെ ഹരിദ്വാറിലായിരുന്നു. അന്വേഷണം ശക്തമാക്കണമെന്ന് ആവശ്യപ്പെട്ട് ആക്‌ഷൻ കൗൺസിൽ രൂപീകരിക്കുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ ചർച്ച ചെയ്യുന്നതിനായി വിവിധ മലയാളി സംഘടനകൾ ദ്വാരക സെക്ടർ 11ലെ മന്നം ഇന്റർനാഷനൽ സെന്ററിൽ ശനിയാഴ്ച വൈകിട്ട് 6ന് യോഗം ചേരുന്നുണ്ട്. എസ്എൻ‍ഡിപി, വേൾഡ് മലയാളി കൗൺസിൽ, ദ്വാരക ഡൽഹി മലയാളി അസോസിയേഷൻ, ജനസംസ്കൃതി, ഡൽഹി മലയാളി അസോസിയേഷൻ മഹാവീർ എൻക്ലേവ്, എൻഎസ്എസ്, ശ്രീനാരായണ കേന്ദ്രം, ദ്വാരക അയ്യപ്പ പൂജ സമിതി, അയ്യപ്പ സേവാ സമിതി, ഓൾ ഇന്ത്യ മലയാളി അസോസിയേഷൻ, നവോദയം തുടങ്ങിയ സംഘടനകളുടെ പ്രതിനിധികളാണ് ഇന്നലെ ദ്വാരക സെക്ടർ 19ലെ പൊലീസ് കമ്മിഷണറുടെ ഓഫിസിലെത്തിയത്. 

friends
വ്യവസായിയുടെ മരണവുമായി ബന്ധപ്പെട്ട് ദ്വാരക ഡിസിപിയുമായി ചർച്ച നടത്തിയ ശേഷം ഇതര മലയാളി സംഘടനകളിലുള്ളവരുമായി വിവരങ്ങൾ പങ്കിടുന്ന വേൾഡ് മലയാളി കൗൺസിൽ ഹരിയാന പ്രോവിൻസ് പ്രസിഡന്റ് ശശിധരൻ. സി.കെ.പ്രിൻസ്, എൻ.എ.മാധവൻ, വി.എസ്.സുരേഷ്, മധുകുമാർ, രാജേഷ് കുമാർ, ബിനു ജോൺ, ഉണ്ണികൃഷ്ണ പിള്ള, അനന്തകൃഷ്ണ പിള്ള, പി.കെ.അശോകൻ, സി.ജയകുമാർ, ആശ ജയകുമാർ, കുശല ബാലൻ, വി.കെ.ബാലൻ, വി.ബി.സുധീർ, സി.മോഹനൻ എന്നിവർ സമീപം.

വിശ്വസിക്കാനാകാതെ സുഹൃത്തുക്കൾ

അടുക്കള ഉപകരണങ്ങളുടെ വ്യവസായം നടത്തിവന്നിരുന്ന സുജാതനു കോവിഡ് ലോക്ഡൗണിന് ശേഷം സാമ്പത്തിക പ്രതിസന്ധികൾ ഉണ്ടായിരുന്നു എന്നാണ് അടുപ്പമുള്ളവരും സുഹൃത്തുക്കളും പറയുന്നത്. പക്ഷേ, എല്ലാ പ്രതിസന്ധികളെയും സമചിത്തതയോടെ നേരിടുന്ന സ്വഭാവക്കാരനായിരുന്നു അദ്ദേഹമെന്നും ഏവരും അഭിപ്രായപ്പെട്ടു. പൊതുവേ ഊർജസ്വലനും പ്രദേശത്തെ മലയാളികളുടെ ഉൾപ്പെടെ എല്ലാ വിഷയങ്ങളിലും മുൻനിരയിൽ നിന്ന് സജീവമായ ഇടപെടലുകൾ നടത്തുന്ന സുജാതൻ ആത്മഹത്യ ചെയ്യില്ലെന്നാണ് സുഹൃത്തുക്കൾ ഉറപ്പിച്ച് പറയുന്നത്. 

എസ്എൻഡിപി പരാതി നൽകി

ദ്വാരക എസ്എൻഡിപി ശാഖ സെക്രട്ടറി കൂടിയായിരുന്ന പി.പി.സുജാതന്റെ മരണത്തിനു പിന്നിലുള്ളവരെ അടിയന്തരമായി കണ്ടെത്തണം എന്നാവശ്യപ്പെട്ട് എസ്എൻഡിപി ഡൽഹി യൂണിയൻ ഡൽഹി പൊലീസ് കമ്മിഷണർക്കു പരാതി നൽകി. 

സുജാതന്റെ മരണം ആസൂത്രിതമാണെന്നു വ്യക്തമാണ്. ക്രൂരമായ കൊലപാതകം ഞെട്ടിക്കുന്നതും സുരക്ഷയിൽ ആശങ്ക ഉയർത്തുന്നതുമാണെന്ന് എസ്എൻഡിപി യോഗം ഡൽഹി യൂണിയൻ പ്രസിഡന്റ് ടി.എസ്.അനിൽ നൽകിയ പരാതിയിൽ പറയുന്നു. 

കമ്മിഷണറുടെ മേൽനോട്ടത്തിൽ നിഷ്പക്ഷമായ അന്വേഷണം നടക്കണം. കൃത്യം നടന്ന സ്ഥലത്ത് ഉൾപ്പെടെ തെളിവുകൾ നശിപ്പിക്കപ്പെടുന്നില്ലെന്ന് പൊലീസ് ഉറപ്പുവരുത്തണം. പരിചയസമ്പന്നരായ ഉദ്യോഗസ്ഥരെ അന്വേഷണ സംഘത്തിൽ ഉൾപ്പെടുത്തണം. അന്വേഷണ പുരോഗതി സംബന്ധിച്ച് സുജാതന്റെ കുടുംബത്തെയും എസ്എൻഡിപിയെയും മറ്റു മലയാളി സംഘടനകളെയും അറിയിക്കാൻ നടപടി ഉണ്ടാകണമെന്നും പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

അടിമുടി ദുരൂഹത

പൊലീസ് ആത്മഹത്യയെന്ന സംശയം പ്രകടിപ്പിക്കുമ്പോഴും സുജാതന്റെ മരണം കൊലപാതകം തന്നെയാണെന്ന നിഗമനത്തിലാണ് പ്രദേശത്തെ മലയാളികൾ. സാഹചര്യതെളിവുകൾ നൽകുന്ന സൂചനകളും ഇതു തന്നെയാണ്. മൃതദേഹം തൂങ്ങിനിൽക്കുന്ന നിലയിൽ കാണപ്പെട്ട മരവും പരിസരവും തീർത്തും ഒറ്റപ്പെട്ട പ്രദേശത്തല്ല. രാത്രി 9.42നു വീട്ടിൽ നിന്നിറങ്ങി 9.55നു സുജാതൻ പാർക്കിൽ പ്രവേശിച്ചു എന്നാണു സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിനു ശേഷം പൊലീസ് പറഞ്ഞത്. 

എന്നാൽ, ദ്വാരക െസക്റ്റർ 14 മെട്രോ സ്റ്റേഷനിൽ നിന്നു ദ്വാരക ദിശയിലേക്ക് വരുമ്പോൾ ഇടത്തേക്കു തിരിഞ്ഞ് കക്രോള മോഡിലേക്കു കടന്ന് മുന്നോട്ടുനീങ്ങുമ്പോൾ ഒരു വശത്ത് തിരക്കേറിയ മാർക്കറ്റും മറുവശത്ത് ജനവാസ കേന്ദ്രവുമുള്ള സ്ഥലത്താണ് പാർക്ക്. രാത്രി 12ന് ശേഷം പോലും വ്യായാമത്തിന് ഉൾപ്പെടെ പ്രദേശവാസികൾ എത്തുന്ന ഈ പാർക്കിൽ ഈ സമയത്ത് ഒരു അക്രമമുണ്ടായതിന് ദൃക്സാക്ഷികളായി ആരുമില്ലെന്നതും ദുരൂഹമാണ്. 

സുജാതന്റെ മൃതദേഹം തൂങ്ങി നിന്നിരുന്നതായി കണ്ടെത്തിയ മരത്തിനു ചുറ്റും മൃതദേഹം അഴിച്ചുനീക്കുന്ന സമയത്ത് പൊലീസ് ഉപയോഗിച്ച കയ്യുറകളും മറ്റും ഇപ്പോഴും കിടപ്പുണ്ട്. മൃതദേഹം കണ്ടെത്തിയ സമയത്തു മരത്തിന്റെ ചില്ലകളിലും പരിസരത്തെ ചെടിപ്പടർപ്പുകളിലും രക്തക്കറ ഉണ്ടായിരുന്നു എന്നാണ് അന്നു രാവിലെ സ്ഥലത്തെത്തിയിരുന്നവർ പറഞ്ഞത്. 

എന്നാൽ, കൃത്യം നടന്ന സ്ഥലം പൊലീസ് സീൽ ചെയ്യാതിരുന്നതിനാൽ നിർണായകമായ തെളിവുകൾ നശിപ്പിക്കപ്പെടാനോ മാഞ്ഞു പോകാനോ ഉള്ള സാധ്യതകളും ഏറെയാണ്. മൃതദേഹം തൂങ്ങി നിന്നിരുന്ന മരച്ചില്ല നിലത്ത് നിന്ന് ഏറെ ഉയരത്തിലല്ല എന്നതും ആത്മഹത്യ എന്ന നിഗമനത്തെ സംശയ നിഴലിലാക്കുന്നു.

വിഷയം ആഭ്യന്തര മന്ത്രിയുടെ ശ്രദ്ധയിൽപെടുത്തും

rajeev
രാജീവ് ചന്ദ്രശേഖർ

‘ദ്വാരകയിൽ മലയാളിയായ പി.പി.സുജാതൻ ദുരൂഹസാഹചര്യത്തിൽ മരിച്ച സംഭവം തികച്ചും ദുഃഖകരമാണ്. ഈ വിഷയത്തിൽ വിശദമായ അന്വേഷണം വേണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായോട് ആവശ്യപ്പെടും.’ 

കേന്ദ്ര സഹമന്ത്രി രാജീവ് ചന്ദ്രശേഖർ മനോരമയോട് പറഞ്ഞത് 

English Summary: Special intelligence has started investigating the mysterious death of the businessman

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com