ADVERTISEMENT

ന്യൂയോർക്ക്∙ ഇസ്രയേൽ – ഹമാസ് സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഐക്യരാഷ്ട്ര സംഘടനയുടെ (യുഎൻ) രക്ഷാസമിതി അടിയന്തര യോഗം ചേർന്നെങ്കിലും, ഏകാഭിപ്രായത്തിൽ എത്താതെ പിരിഞ്ഞതായി റിപ്പോർട്ട്.  ഇപ്പോഴത്തെ സംഘർഷത്തിൽ ഹമാസിനെ മാത്രം കുറ്റപ്പെടുത്താനാകില്ലെന്ന് റഷ്യ നിലപാടെടുത്തതോടെയാണ് അഭിപ്രായ ഐക്യം സാധ്യമാകാതെ പോയതെന്നാണ് വിവരം. ഇതോടെ സംയുക്ത പ്രസ്താവന നടത്താതെ യോഗം പിരിഞ്ഞു. ഹമാസ് നടത്തിയ ആക്രമണത്തെ അപലപിക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് യുഎസ് 15 അംഗ രക്ഷാസമിതി വിളിച്ചുചേർത്തത്.

‘‘ഹമാസ് നടത്തിയ ആക്രമണത്തെ നല്ലൊരു വിഭാഗം ലോകരാജ്യങ്ങളും അപലപിച്ചിട്ടുണ്ട്. പക്ഷേ തീർച്ചയായും എല്ലാവരുമില്ല. ഹമാസിന്റെ ആക്രമണത്തെ അപലപിക്കാത്തവരെ ഞാൻ പേരെടുത്തു പറയാതെ തന്നെ നിങ്ങൾക്ക് തിരിച്ചറിയാം’’ – റഷ്യയെ പരോക്ഷമായി സൂചിപ്പിച്ച് യുഎസിന്റെ നയതന്ത്ര പ്രതിനിധി റോബർട്ട് വുഡ് പ്രതികരിച്ചു.

ഏതാണ്ട് ഒന്നര മണിക്കൂറോളം നീണ്ട ചർച്ചകൾക്കു ശേഷമാണ് രക്ഷാസമിതി അഭിപ്രായ ഐക്യം കണ്ടെത്താനാകാതെ പിരിഞ്ഞത്. ഇസ്രയേൽ – ഹമാസ് സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ, യുഎന്നിന്റെ മധ്യപൂർവേഷ്യൻ പ്രതിനിധി തോർ വെന്നെസ്‌ലൻഡ് സ്ഥിതിഗതികൾ യോഗത്തെ ധരിപ്പിച്ചു. 

ഹമാസ് നടത്തിയ ആക്രമണത്തെ അപലപിക്കുന്നതിനേക്കാൾ, ഈ വിഷയത്തിൽ കുറച്ചുകൂടി വിശാലമായ കാഴ്ചപ്പാട് ആവശ്യമാണെന്നായിരുന്നു യോഗത്തിൽ റഷ്യൻ പ്രതിനിധികൾ സ്വീകരിച്ച നിലപാട്.

‘‘എത്രയും വേഗം അക്രമം അവസാനിപ്പിക്കണമെന്നാണ് ഞാൻ ആവശ്യപ്പെട്ടത്. ഇതിന്റെ ഭാഗമായി വെടിനിർത്തലും അർഥവത്തായ ചർച്ചകളും ആവശ്യമാണ്. ഇത് ഞങ്ങൾ പതിറ്റാണ്ടുകളായി പറയുന്ന കാര്യം തന്നെയാണ്. ഇനിയും പരിഹരിക്കാനാകാതെ പോയ പ്രശ്നങ്ങളുടെ ബാക്കിപത്രമാണ് ഈ ആക്രമണം’’ – റഷ്യയുടെ യുഎൻ അംബാസഡർ വാസ്സിലി നെബെൻസിയ പ്രതികരിച്ചു.

ശനിയാഴ്ച രാവിലെ ഇസ്രയേലിനെതിരെ ഹമാസ് നടത്തിയ അപ്രതീക്ഷിത ആക്രമണത്തെ തുടർന്ന് ഉടലെടുത്ത സംഘർഷം ഇപ്പോഴും തുടരുകയാണ്. പ്രത്യാക്രമണത്തിന്റെ ഭാഗമായി പലസ്തിനെതിരെ യുദ്ധം പ്രഖ്യാപിച്ച ഇസ്രയേൽ, ഗാസ പിടിച്ചടക്കാനുള്ള പടപ്പുറപ്പാടിലാണ്. ആക്രമണത്തിൽ ഇസ്രയേൽ ഭാഗത്ത് മരിച്ചവരുടെ എണ്ണം ഇതിനകം 700 കടന്നു. ഗാസയിലും വെസ്റ്റ് ബാങ്കിലുമായി ഇസ്രയേൽ നടത്തിയ പ്രത്യാക്രമണത്തിൽ 500 പേരും മരിച്ചു. നൂറിനും നൂറ്റൻപതിനും ഇടയിൽ ആളുകളെ ഹമാസ് ബന്ദികളാക്കിയതായും റിപ്പോർട്ടുണ്ട്. ഇതിനിടെയാണ്, യുഎൻ രക്ഷാസമിതി അടിയന്തര യോഗം ചേർന്നത്.

English Summary:

UN Security Council meets on Gaza-Israel, but fails to agree on statement

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com