യുഎസ് ആയുധങ്ങളുമായി ആദ്യവിമാനം ഇസ്രയേലില്‍; യുഎസ് യുദ്ധക്കപ്പലും ഇസ്രയേൽ തീരത്ത്
Mail This Article
വാഷിങ്ടൻ∙ ഇസ്രയേൽ–ഹമാസ് സംഘർഷം അഞ്ചാം ദിനവും അയവില്ലാതെ തുടരുന്നതിനിടെ, ഇസ്രയേലിന് കൂടുതൽ പിന്തുണ പ്രഖ്യാപിച്ച് യുഎസ്. അമേരിക്കന്‍ ആയുധങ്ങളുമായി ആദ്യവിമാനം തെക്കന്‍ ഇസ്രയേലില്‍ എത്തിയതായി ഇസ്രയേല്‍ ഡിഫന്‍സ് ഫോഴ്‌സസ് (ഐഡിഎഫ്) അറിയിച്ചു. എന്തൊക്കെ ആയുധങ്ങളും സൈനിക ഉപകരണങ്ങളുമായി എത്തിയതെന്ന് ഐഡിഎഫ് വെളിപ്പെടുത്തിയിട്ടില്ല.
വൈകിട്ടോടെ നെവാറ്റില്‍ വ്യോമതാവളത്തിലാണു യുഎസ് വിമാനം എത്തിയതെന്ന് ഐഡിഎഫ് എക്‌സ് പ്ലാറ്റ്‌ഫോമില്‍ അറിയിച്ചു. ആയുധങ്ങളുമായി യുഎസ് യുദ്ധവിമാനവും ഇസ്രയേലിൽ എത്തി.മെഡിറ്ററേനിയൻ കടലിൽ യുഎസ്എസ് ജെറാൾഡ് പടക്കപ്പലെത്തി. ആണവശേഷിയുള്ള വിമാനവാഹിനി കപ്പലാണ് യുഎസ്എസ് ജെറാൾഡ്.
ഹമാസിന്റെ ആക്രമണത്തിൽ 14 യുഎസ് പൗരന്മാർ കൊല്ലപ്പെട്ടതായി യുഎസ് പ്രസിഡന്റ് ജോ ബൈഡൻ അറിയിച്ചു. ഹമാസ് ബന്ദികളാക്കയിവരിൽ യുഎസ് പൗരന്മാരുമുണ്ടെന്നും ഇത് തീർത്തും ക്രൂരമായ പ്രവർത്തിയാണെന്നും അദ്ദേഹം ഇന്നലെ വൈറ്റ് ഹൗസിൽ നടത്തിയ പ്രസംഗത്തിൽ വിശദീകരിച്ചു.
അതിനിടെ യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൺ ഇസ്രയേൽ സന്ദർശിക്കും. ഇസ്രയേൽ നേതാക്കളുമായി ബ്ലിങ്കൺ കൂടിക്കാഴ്ച നടത്തുമെന്ന് യുഎസ് സ്റ്റേറ്റ് ഡിപാർട്മെന്റ് വക്താവ് മാത്യു മില്ലർ അറിയിച്ചു. ഹമാസിന്റെ ആക്രമണത്തിൽ ഇസ്രയേലിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 1500 ആയ സാഹചര്യത്തിലാണ് ബ്ലിങ്കന്റെ ഇസ്രയേൽ സന്ദർശനം.
‘പിന്തുണയുടെയും ഐക്യദാർഢ്യത്തിന്റെയും സന്ദേശമാണിത്. ഇസ്രയേലുകാർ എന്താണ് അനുഭവിക്കുന്നത് എന്നത് അവരുടെ നേതാക്കളിൽനിന്ന് നേരിട്ട് അറിയാനാണ് അദ്ദേഹം ശ്രമിക്കുന്നത്. അതുവഴി അവർക്ക് എന്താണ് ആവശ്യമെന്നും യുഎസിന് എങ്ങനെയാണ് അവരെ ഏറ്റവും മികച്ച രീതിയിൽ സഹായിക്കാൻ കഴിയുകയെന്നും അറിയുകയാണ് ലക്ഷ്യം’– ബ്ലിങ്കന്റെ സന്ദർശനത്തെ കുറിച്ച് മാത്യു മില്ലർ പറഞ്ഞു. ബ്ലിങ്കനും മില്ലറുമാണ് ഇസ്രയേലിൽ എത്തുക. യുഎസിന്റെ സാമ്പത്തിക–സൈനിക സഹായം, ബന്ദികളെ മോചിപ്പിക്കൽ എന്നീ വിഷയങ്ങൾ ചർച്ചയാകുമെന്നാണ് വിവരം.
ഇസ്രയേലിന്റെ കനത്ത വ്യോമാക്രമണത്തിൽ ഗാസ സിറ്റി തകരുന്നതിനിടെ, ശനിയാഴ്ച ഹമാസ് സായുധസംഘം ഭേദിച്ച ഗാസ അതിർത്തിയുടെ നിയന്ത്രണം വീണ്ടെടുത്തതായി ഇസ്രയേൽ സേന പ്രഖ്യാപിച്ചു. വടക്കൻ ഇസ്രയേൽ പ്രദേശത്തുനിന്നു ഹമാസ് സംഘാംഗങ്ങളായ 1500 പേരുടെ മൃതദേഹങ്ങൾ കണ്ടെടുത്തതായും തിങ്കളാഴ്ചയ്ക്കു ശേഷം നുഴഞ്ഞുകയറ്റമുണ്ടായിട്ടില്ലെന്നും വ്യക്തമാക്കി. ഗാസയിലെ വ്യോമാക്രമണങ്ങൾക്കു തിരിച്ചടിയായി വടക്കൻ ഇസ്രയേൽ നഗരമായ ആഷ്‌കലോണിലേക്ക് ഹമാസ് റോക്കറ്റാക്രമണം നടത്തി. നഗരം വിടാൻ ജനങ്ങൾക്കു മുന്നറിയിപ്പു നൽകിയ ശേഷമായിരുന്നു ആക്രമണം.
പലസ്തീൻ വീടുകൾക്കുനേരെ മുന്നറിയിപ്പില്ലാതെ ഇസ്രയേൽ ഓരോ വട്ടം ബോംബാക്രമണം നടത്തുമ്പോഴും തടവിലുള്ള ഓരോ ഇസ്രയേൽ പൗരനെ വീതം കൊല്ലുമെന്നു ഹമാസ് ഭീഷണിയുയർത്തി. ഗാസയിൽ 150ൽ ഏറെ ബന്ദികളുണ്ടെന്നാണു വിവരം. ഇസ്രയേൽ ആക്രമണങ്ങളിൽ ഗാസയിലും വെസ്റ്റ് ബാങ്കിലുമായി 835 പലസ്തീൻകാരും കൊല്ലപ്പെട്ടു.