ഇസ്രയേൽ–ഹമാസ് സംഘർഷം: ഡൽഹിയിൽ സുരക്ഷാ മുന്നറിയിപ്പ്, നിരീക്ഷണത്തിന് പൊലീസിന്റെ സായുധസംഘം
Mail This Article
ന്യൂഡൽഹി∙ ഇസ്രയേൽ – ഹമാസ് സംഘർഷം അയവില്ലാതെ തുടരുന്നതിനിടെ, ഡൽഹിയിലും സുരക്ഷാ മുന്നറിയിപ്പ്. വെള്ളിയാഴ്ച പ്രാർഥനയ്ക്കിടെ തലസ്ഥാന നഗരിയിൽ പലസ്തീൻ അനുകൂലികളുടെ പ്രതിഷേധം ഉണ്ടായേക്കാമെന്നാണ് മുന്നറിയിപ്പ്. ഈ സാഹചര്യത്തിൽ ഡൽഹിയിലെ നിരത്തുകളിൽ പൊലീസിന്റെ സായുധ സംഘത്തെ നിരീക്ഷണത്തിനായി നിയോഗിച്ചു. ജൂത മത കേന്ദ്രങ്ങളിലും ഇസ്രയേൽ എംബസിക്കു പുറത്തും സുരക്ഷ ശക്തമാക്കി.
യുഎസ്എ, ബ്രിട്ടൻ, ഫ്രാൻസ്, ജർമനി തുടങ്ങിയ രാജ്യങ്ങളിലും പലസ്തീൻ അനുകൂല പ്രതിഷേധങ്ങൾക്കു സാധ്യതയുണ്ടെന്ന മുന്നറിയിപ്പിനെ തുടർന്ന് സുരക്ഷ വർധിപ്പിച്ചിരുന്നു. ഇസ്രയേൽ – ഹമാസ് സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഈ രാജ്യങ്ങളിലെല്ലാം പലസ്തീൻ അനുകൂലികൾ വ്യാപക പ്രകടനം സംഘടിപ്പിച്ചിരുന്നു. ജൂത കേന്ദ്രങ്ങളെയും ഇസ്രയേൽ എംബസികളെയും ലക്ഷ്യമിട്ട് ആക്രമണത്തിനു സാധ്യതയുണ്ടെന്നും മിക്ക രാജ്യങ്ങളിലും മുന്നറിയിപ്പുണ്ട്. ഈ സാഹചര്യത്തിൽ ഫ്രാൻസിൽ പലസ്തീൻ അനുകൂല പ്രതിഷേധ പ്രകടനങ്ങൾക്കു സർക്കാർ ഇടപെട്ട് നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. അതേസമയം, ഇത് വ്യക്തികളുടെ സ്വാതന്ത്ര്യത്തിനു മേലുള്ള കടന്നുകയറ്റമാണെന്നാണു വിമർശകരുടെ പക്ഷം.
അതിനിടെ, ഇസ്രയേലിൽ കുടുങ്ങിയ ഇന്ത്യക്കാരെ ഒഴിപ്പിക്കാനുള്ള ഓപ്പറേഷൻ അജയ് ദൗത്യത്തിനു തുടക്കമായി. ഇസ്രയേലിൽനിന്നു മടങ്ങുന്ന ഇന്ത്യക്കാരുമായി ആദ്യ ചാർട്ടേഡ് വിമാനം ഇന്ത്യയിലെത്തി. ഇന്നലെ രാത്രി ടെൽഅവീവിൽനിന്നു പുറപ്പെട്ട വിമാനം ഇന്നു രാവിലെ ആറോടെയാണ് ഇവിടെയെത്തിയത്. ദൗത്യത്തിന് ആവശ്യമെങ്കിൽ വ്യോമസേനാ വിമാനങ്ങളും ഉപയോഗിക്കുമെന്നു വിദേശകാര്യ വക്താവ് അരിന്ദം ബാഗ്ചി വ്യക്തമാക്കി. മലയാളികൾ ഉൾപ്പെടെ 220 പേർ ആദ്യവിമാനത്തിൽ തിരിച്ചെത്തി.
ഇസ്രയേലിൽ 18,000 ഇന്ത്യക്കാരാണുള്ളത്. തിരിച്ചുവരാനാഗ്രഹിക്കുന്നവർക്കു റജിസ്ട്രേഷൻ സൗകര്യം ഏർപ്പെടുത്തി. എത്രപേർ തിരിച്ചുവരുമെന്ന കാര്യത്തിൽ ഇപ്പോൾ വ്യക്തതയില്ല. നിലവിൽ വ്യോമമേഖല അടച്ചിട്ടില്ലെന്നും അതിനാൽ ഒഴിപ്പിക്കൽ എന്ന് ഇപ്പോഴത്തെ നടപടിയെ പറയാനാവില്ലെന്നും വക്താവ് പറഞ്ഞു. ഗാസയിൽ നാലും വെസ്റ്റ്ബാങ്കിൽ 10–12 ഇന്ത്യക്കാരുമുണ്ട്; താൽപര്യമെങ്കിൽ അവരെയും തിരിച്ചെത്തിക്കുമെന്ന് വക്താവ് വ്യക്തമാക്കി.