ശിവസേന അയോഗ്യതാ തർക്കം: വാദങ്ങൾ ആവർത്തിച്ച് ഇരുപക്ഷവും; നടപടിക്രമങ്ങൾ നീളുന്നു
Mail This Article
മുംബൈ∙ ശിവസേനയിലെ അയോഗ്യതാ തർക്കത്തിൽ ഓരോ എംഎൽഎമാരുടെയും ഹർജികൾ വെവ്വേറെ പരിഗണിക്കണമെന്ന് ഏക്നാഥ് ഷിൻഡെ പക്ഷം സ്പീക്കർ രാഹുൽ നർവേക്കറോട് ആവശ്യപ്പെട്ടു. അതിനെ എതിർത്ത ഉദ്ധവ് പക്ഷം, ഒരേ വിഷയത്തിലുള്ളതാണ് എല്ലാ എംഎൽഎമാരുടെയും മറുപടികൾ എന്നതിനാൽ ഒരുമിച്ച് പരിഗണിക്കണമെന്ന ആവശ്യം ആവർത്തിച്ചു. അയോഗ്യതാ കേസിൽ ഇന്നലെ നടന്ന വാദം കേൾക്കലിനിടെയാണിത്.
പാർട്ടി പിളർത്തി ബിജെപിക്കൊപ്പം കൈകോർത്ത ഷിൻഡെ പക്ഷത്തെ എംഎൽഎമാരെ അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ട് ഉദ്ധവ് പക്ഷമാണ് ആദ്യം സ്പീക്കറെ സമീപിച്ചത്. ഇതേത്തുടർന്നാണ് ഇരുപക്ഷത്തുമായി ആകെയുള്ള 54 എംഎൽഎമാരോടും പറയാനുള്ളത് വിശദീകരിച്ച് മറുപടി സമർപ്പിക്കാൻ സ്പീക്കർ നിർദേശിച്ചത്.
അയോഗ്യതാ വിഷയത്തിൽ നടപടികൾ പരമാവധി നീട്ടിക്കൊണ്ടുപോകാൻ ലക്ഷ്യമിടുന്നതിനാലാണ് ഷിൻഡെ പക്ഷം ഓരോ എംഎൽഎക്കും പറയാനുള്ളത് പ്രത്യേകം കേൾക്കണമെന്ന ആവശ്യത്തിൽ ഉറച്ചുനിൽക്കുന്നത്. ഷിൻഡെ പക്ഷത്തെ 40 എംഎൽഎമാരും 6000 പേജ് വീതമുള്ള മറുപടികളാണ് സ്പീക്കർക്കു കൈമാറിയിരിക്കുന്നത്. അതിനാൽ, നടപടികൾ നീട്ടുകയാണ് അവരുടെ ലക്ഷ്യമെന്നാണ് ഉദ്ധവ് വിഭാഗം നേതാക്കളുടെ ആരോപണം.