അഭിനയത്തിന്റെ ഭാഗമല്ല രാഷ്ട്രീയമെന്ന് ഗോവിന്ദൻ; അഭിനയിച്ച് തുടങ്ങണം എന്ന് തോന്നിത്തുടങ്ങിയെന്ന് സതീശൻ
Mail This Article
കൊച്ചി ∙ രാഷ്ട്രീയക്കാർ മരിക്കുമ്പോൾ മാത്രമാണോ എതിരാളികൾ അവരെക്കുറിച്ചു നല്ലതു പറയുന്നത്? അല്ലാത്ത അവസരങ്ങളിൽ രാഷ്ട്രീയ എതിരാളികൾ തമ്മിൽ സൗഹൃദമുണ്ടാകില്ലേ?–ചോദ്യം സംയുക്തമായി നേരിട്ടത് രാഷ്ട്രീയ എതിരാളികളായ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനും പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും. മനോരമ ന്യൂസ് കോൺക്ലേവിൽ, സൗഹൃദത്തെ ബാധിക്കാത്ത തരത്തിൽ ഈ ചോദ്യങ്ങൾക്ക് ഇരുവരും ഉത്തരം നല്‍കി.
രാഷ്ട്രീയ നിലപാടുകൾ വിശദീകരിക്കുമ്പോൾ ‘സൗഹൃദം’ പ്രകടമായതുമില്ല. രാഷ്ട്രീയ വിയോജിപ്പ് നിലനിർത്തി, രാഷ്ട്രീയക്കാർക്ക് വ്യക്തിബന്ധം ആകാമെന്ന് എം.വി.ഗോവിന്ദൻ പറഞ്ഞു. എംഎൽഎ ആയിരുന്നപ്പോൾ മുതൽ വി.ഡി.സതീശനുമായി നല്ല സൗഹൃദമാണെന്നും അദ്ദേഹം വ്യക്തമാക്കി. അനുശോചന യോഗം നടത്തുമ്പോൾ, അറുത്തകൈയ്ക്ക് ഉപ്പു തേക്കാത്തവരെയും നല്ലവരെന്ന് പറയുമെന്ന് വി.ഡി.സതീശൻ പറഞ്ഞു. ജീവിച്ചിരിക്കുമ്പോൾ നല്ലവരെന്നു പറയില്ല. നിയമസഭയ്ക്ക് അകത്തും വ്യക്തിപരമായ പരാമർശങ്ങൾ ഒഴിവാക്കാറുണ്ട്. സൗഹൃദത്തെ ബാധിക്കാതിരിക്കാനാണത്. സൈദ്ധാന്തികമായാണ് എം.വി.ഗോവിന്ദൻ സംസാരിക്കുന്നത്. കാണുമ്പോഴും സംസാരിക്കുമ്പോഴും അദ്ദേഹത്തിന് സ്നേഹവും വിനയവുമുണ്ട്. ധാർഷ്ട്യമില്ലെന്നും വി.ഡി.സതീശൻ പറഞ്ഞു.
∙ രാഷ്ട്രീയക്കാർ ജനങ്ങൾക്കു മുന്നിൽ അഭിനയിക്കണോ?
അഭിനയത്തിന്റെ ഭാഗമല്ല രാഷ്ട്രീയമെന്ന് എം.വി.ഗോവിന്ദൻ പറഞ്ഞു. ജീവിതത്തിലെ പ്രധാനപ്പെട്ട കാര്യമാണ് രാഷ്ട്രീയം. ജീവിതം നഷ്ടപ്പെടുത്തുന്ന കാര്യവുമാണത്. രാഷ്ട്രീയം ലളിതമായ കാര്യമില്ല. സമൂഹത്തിന്റെ മാറ്റത്തിലേക്ക് നയിക്കുന്ന കാര്യം. ഇപ്പോൾ രാഷ്ട്രീയക്കാർ എങ്ങനെയാണു സംസാരിക്കേണ്ടതെന്നും പെരുമാറേണ്ടതെന്നും പിആർ കമ്പനികൾ തീരുമാനിക്കുകയാണ്. ആ തെറ്റായ പ്രവണതയെ രാഷ്ട്രീയക്കാർ പ്രോത്സാഹിപ്പിക്കരുത്. രാഷ്ട്രീയത്തിൽ അഭിനയിക്കരുത്, ജീവിതത്തിന്റെ ഭാഗമായി കാണണം. ജനത്തിന്റെ ജീവിതമാണ് രാഷ്ട്രീയക്കാർക്ക് മുന്നിലുള്ളത്. മൈക്ക് തകരാറായാൽ തകരാറായി എന്നു പറയുന്നതിൽ തെറ്റില്ല. രാഷ്ട്രീയത്തിൽ അഭിനയിക്കണമെന്നാണ് ചിലർ പഠിപ്പിച്ചു കൊണ്ടിരിക്കുന്നതെന്നും താൻ അഭിനയിക്കാനില്ലെന്നും എം.വി.ഗോവിന്ദൻ പറഞ്ഞു.
മാധ്യമങ്ങൾക്കു മുന്നിലും മൈക്കിനു മുന്നിലും അനാവശ്യ വാക്ക് വീഴാതിരിക്കാൻ ശ്രദ്ധിക്കുമെന്ന് വി.ഡി.സതീശൻ പറഞ്ഞു. 22 വർഷമായി നിയമസഭയില്‍ സംസാരിക്കുന്നു. ഒരു വാക്കും സ്പീക്കർ നീക്കം ചെയ്തിട്ടില്ല. രാഷ്ട്രീയക്കാരുടെ ശരീരഭാഷ ഇപ്പോൾ ആർക്കും വ്യാഖ്യാനിക്കാം. നേതാക്കളുടെ മുഖത്ത് ദേഷ്യമുണ്ടായി, വെറുപ്പുണ്ടായി എന്ന് വ്യാഖ്യാനിക്കും. ഇതുവരെ അഭിനയിച്ചിട്ടില്ല, അഭിനയിച്ചു തുടങ്ങണം എന്ന് തോന്നിത്തുടങ്ങിയതായും വി.ഡി.സതീശൻ പറഞ്ഞു.
∙ ഇന്ത്യ മുന്നണിൽ സൗഹൃദമോ ശത്രുതയോ?
ഇന്ത്യ മുന്നണിയെ സംബന്ധിച്ച് ചർച്ചയിൽ രൂക്ഷമായ വാദപ്രതിവാദമുണ്ടായി. ഇന്ത്യ മുന്നണിയുടെ കോ ഓർഡിനേഷൻ കമ്മിറ്റിയിൽ സിപിഎം പ്രതിനിധിയെ അയയ്ക്കാത്തതിനെ വി.ഡി.സതീശൻ രൂക്ഷമായി വിമർശിച്ചു. സിപിഎം പ്രതിനിധിയെ അയയ്ക്കാത്തത് കേരള ഘടകത്തിന്റെ ശക്തമായ വിയോജിപ്പ് കാരണമാണെന്ന് വി.ഡി.സതീശൻ പറഞ്ഞു. പാർട്ടി കേന്ദ്ര നേതൃത്വത്തിന്റെ കൂട്ടായ തീരുമാനമാണ് അതെന്നായിരുന്നു എം.വി.ഗോവിന്ദന്റെ മറുപടി. ഇന്ത്യ മുന്നണിയെ സംബന്ധിച്ച് കേരളത്തിൽ കോൺഗ്രസും സിപിഎമ്മുമായി നിലനിൽക്കുന്ന രൂക്ഷമായ ഭിന്നതയുടെ നേർകാഴ്ചയായി ചർച്ച.
വർഗീയ ഫാഷിസ്റ്റ് ശക്തികൾക്കെതിരായ ജനകീയ പ്ലാറ്റ്ഫോമായ ഇന്ത്യ മുന്നണിയെ നയിക്കുന്ന രാഹുൽ ഗാന്ധിക്ക് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി പിന്തുണ കൊടുക്കുമ്പോൾ സിപിഎം കേരള ഘടകം അതിനെ എതിർക്കുകയാണെന്നു വി.ഡി.സതീശൻ പറഞ്ഞു. ബിജെപിയുടെ ലക്ഷ്യം കോൺഗ്രസ് മുക്ത ഭാരതമാണ്. ദേശീയ തലത്തിലെ നിലപാടിന് വ്യത്യസ്തമായ നിലപാടാണ് കേരളത്തിൽ സിപിഎമ്മിന്. ബിജെപിയുമായി അവർ സന്ധി ചെയ്തു. ലാവ്‌ലിൻ കേസ് 36 തവണ മാറ്റിവച്ചത് ഇക്കാരണത്താലാണ്. ബിജെപി –സിപിഎം അന്തർധാരയുണ്ട്. രണ്ടുപേരുടെയും ശത്രു കോൺഗ്രസാണെന്നും വി.ഡി.സതീശൻ പറഞ്ഞു.
ബിജെപിയുടെ ശത്രു സിപിഎമ്മാണെന്നും കോൺഗ്രസല്ലെന്നും എം.വി.ഗോവിന്ദൻ പറഞ്ഞു. തിരഞ്ഞെടുപ്പിൽ ഓരോ സംസ്ഥാനവും ഓരോ യൂണിറ്റായി കാണണം. അവിടങ്ങളിൽ എങ്ങനെ ബിജെപിയെ തോൽപിക്കാമെന്നു നോക്കണം. കോ ഓർഡിനേഷൻ കമ്മിറ്റിയിലേക്ക് പ്രതിനിധിയെ അയയ്ക്കാത്തത് പാർട്ടി തീരുമാനപ്രകാരമാണ്. ലാവ്‌ലിൻ കേസിൽ ഒത്തുതീർപ്പുണ്ടെന്ന ആരോപണത്തിൽ വസ്തുതയില്ല. ലാവ്‌ലിൻ കേസിൽ വിചാരണ വേണമെന്ന് കോടതി പറഞ്ഞാലും പാർട്ടിക്ക് ആശങ്കയില്ലെന്നും എം.വി.ഗോവിന്ദൻ പറഞ്ഞു.
അതേസമയം, കോൺഗ്രസിൽ അർഹമായ സ്ത്രീ പ്രാതിനിധ്യം കൊണ്ടുവരാൻ കഴിഞ്ഞിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ സമ്മതിച്ചു. ‘കോണ്‍ഗ്രസിൽ സ്ത്രീ പ്രാതിനിധ്യം അർഹമായ രീതിൽ കൊണ്ടുവരാൻ കഴിഞ്ഞിട്ടില്ല. അത് തെറ്റാണ്. തിരുത്താനുള്ള ശ്രമമുണ്ടാകും’– വി.ഡി.സതീശൻ പറഞ്ഞു. വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ എൽഡിഎഫ് ഉറപ്പായും ഭൂരിപക്ഷം സീറ്റുകളിലും വിജയിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ പറഞ്ഞു.