ADVERTISEMENT

പത്തനംതിട്ട ∙ കാട്ടിനുള്ളിൽ ഭക്ഷണവും ജലവും കുറയുന്ന സാഹചര്യത്തിൽ വനജീവികളും മനുഷ്യരും തമ്മിൽ സംഘർഷമല്ല, സഹജീവനമാണ് വേണ്ടതെന്ന് വനം വകുപ്പ് ചീഫ് വെറ്ററിനറി സർജൻ ഡോ. അരുൺ സക്കറിയ. കാട്ടുപന്നികളുടെ കാര്യത്തിൽ എന്നപോലെ ജനവാസ മേഖലയിലേക്കു കടന്നു കയറി മനുഷ്യനു ഭീഷണി സൃഷ്ടിക്കുന്ന വന്യജീവികളുടെ എണ്ണം വർധിച്ചാൽ നിയന്ത്രിത ഉന്മൂലനം ഉൾപ്പെടെയുള്ള കാര്യങ്ങളെപ്പറ്റി ആലോചിക്കേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു. പെരിയാർ കടുവ സംരക്ഷണ ഫൗണ്ടേഷൻ പച്ചക്കാനം ഫോറസ്റ്റ് സ്റ്റേഷനിൽ നടത്തിയ സംഗമത്തിൽ പങ്കെടുക്കുകയായിരുന്നു അരുൺ സക്കറിയ.

ഒറ്റയാൻ എന്നറിയപ്പെടുന്ന ആനകളും ഇപ്പോൾ ഒന്നോ രണ്ടോ കൊമ്പനാനകളെ  കൂട്ടുപിടിച്ച് സംഘം ചേരുന്ന പ്രവണത കാണാനാവും. ആനകളുടെയും മറ്റു വന്യജീവികളുടെയും സ്വഭാവത്തിൽ മാറ്റങ്ങൾ പ്രകടമാണ്. കാടിനുള്ളിൽ അധിനിവേശ സസ്യങ്ങൾ വർധിക്കുന്നത് അപകടകരമാണ്. വനാതിർത്തികളോടു ചേർന്നു കഴിയുന്ന ജീവിയാണ് ആന.

കമ്പം ടൗണിലിറങ്ങിയ അരിക്കൊമ്പൻ (ഫയൽ ചിത്രം: റെജു അർണോൾഡ് ∙ മനോരമ)
കമ്പം ടൗണിലിറങ്ങിയ അരിക്കൊമ്പൻ (ഫയൽ ചിത്രം: റെജു അർണോൾഡ് ∙ മനോരമ)

പ്രായവും പരുക്കും മൂലം ഇരപിടിക്കാൻ കഴിയാതാകുന്ന കടുവകളാണ് കാടിറങ്ങുന്നത്. ഇത്തരത്തിലുള്ള മനുഷ്യ–വനജീവി മുഖാമുഖം വർധിക്കാനാണ് സാധ്യത. ഈ സാഹചര്യത്തിൽ കാര്യങ്ങളെ സമഗ്രമായി കാണാനുള്ള നയങ്ങളാണ് വേണ്ടത്.

മയക്കുവെടി കാണാൻ കൂടുന്ന ജനക്കൂട്ടം വലിയ ഭീഷണിയാണ്. പൊലീസ് 144 പ്രഖ്യാപിച്ച ശേഷമേ ഇത്തരം ചുമതലകളിലേക്ക് കടക്കാനാവൂ. വിഡിയോ എടുക്കാനെത്തുന്നവരുടെ എണ്ണവും വർധിച്ചു. സ്വയംരക്ഷയ്ക്കു പുറമെ വനംവകുപ്പു ജീവനക്കാരുടെയും കാണാനെത്തുന്നവരുടെയും സുരക്ഷ ഉറപ്പാക്കേണ്ട അധിക വെല്ലുവിളിയാണ് നേരിടുന്നത്.

arikomban-reju-three

22 വർഷത്തിനിടെ 650 വന്യജീവികളുടെ പോസ്റ്റ്മോർട്ടം നടത്തിയിട്ടുണ്ടെന്നു ഡോ. അരുൺ പറഞ്ഞു. ഒരു വർഷം ഏകദേശം ഇരുപതിനായിരം വനജീവികളെയാണ് വനം വകുപ്പ് രക്ഷപ്പെടുത്തുന്നത്. കാട്ടാനകളിൽ ക്ഷയരോഗം ലോകത്തു തന്നെ ആദ്യം കണ്ടെത്തിയ വനജീവി ഡോക്ടറാണ് ഡോ. അരുൺ.

∙ തിരികെ വരുമോ അരിക്കൊമ്പൻ

ചില ആനകളിൽ അരിയോട് ഇഷ്ടം വരുന്നത് അവയുടെ ജനിതക സ്വഭാവം മൂലമാണ്. അരി കഴിക്കുന്നതിനാൽ ഇത്തരം ആനകൾക്ക് നല്ല തലയെടുപ്പും ശക്തിയുമാണ്. വിട്ട സ്ഥലങ്ങളിലേക്ക് ആന തിരികെ വന്ന ചരിത്രമുണ്ടെങ്കിലും അരിക്കൊമ്പൻ ഇനി തിരികെ വരാൻ സാധ്യത കുറവാണെന്ന് അരിക്കൊമ്പനെ മയക്കുവെടി വച്ച് പെരിയാർ വന്യജീവി സങ്കേതത്തിലേക്ക് മാറ്റുന്നതിനു നേതൃത്വം നൽകിയ ഡോ. അരുൺ പറഞ്ഞു.

arikomban-reju-two-ten
അരിക്കൊമ്പനെ മയക്കുവെടി വച്ച് പിടികൂടിയപ്പോൾ (ഫയൽ ചിത്രം)

കാരണം, അവിടെ ധാരാളം തീറ്റിയും വെള്ളവുമുണ്ട്. തമിഴ്നാട്ടിലെ അപ്പർ കോതയാൽ വനമേഖലയിൽ നിന്ന് പെരിയാർ ടൈഗർ റിസർവ് ഓഫിസിൽ ഇപ്പോഴും അരിക്കൊമ്പന്റെ കഴുത്തിലെ റേഡിയോ കോളറിൽ നിന്നുള്ള സിഗ്നൽ ലഭിക്കുന്നുണ്ട്. വിതുരയിൽ നിന്ന് ഏകദേശം 100 കിമീ അകലെയാണ് കോതയാർ വനം. അരിക്കൊമ്പനെ യാത്രയാക്കാൻ ഇണയും കുട്ടികളുമെത്തി എന്ന മട്ടിലുള്ള പറച്ചിലുകൾക്ക് യാതൊരു ശാസ്ത്രീയ അടിത്തറയുമില്ല.

arikomban-reju-pic
മയക്കുവെടിവച്ച് പിടികൂടിയ അരിക്കൊമ്പനെ ലോറിയിൽ കൊണ്ടുപോകുന്നു (ഫയൽ ചിത്രം)

കേരളത്തിലെ വനം മലഞ്ചരിവുകളിലായതിനാൽ മയക്കുവെടി വയ്ക്കുന്നത് ദുഷ്കരമാണ്. മയങ്ങിപ്പോകുന്ന ആന വീണാൽ ഉരുണ്ടു കൊക്കകളിലേക്കു വീണുപോകും.

അരിക്കൊമ്പനെ  വെള്ളിമല വനത്തിലേക്ക് മാറ്റാൻ വാഹനത്തിൽ കയറ്റുന്നു.  (Twitter, @supriyasahuias)
അരിക്കൊമ്പനെ വെള്ളിമല വനത്തിലേക്ക് മാറ്റാൻ വാഹനത്തിൽ കയറ്റുന്നു. (Twitter, @supriyasahuias)

കല്ലൂർ കൊമ്പൻ, പിടി 7, അരിക്കൊമ്പൻ തുടങ്ങി 63 കാട്ടാനകളില്‍ ചിലതിനെ കുങ്കിയാക്കുകയും മറ്റുള്ളവയെ വനത്തിലേക്കു തിരിച്ചുവിടുകയും ചെയ്ത  വനജീവി വിദഗ്ധനാണ് അരുൺ. 33 കടുവകളെയും നൂറോളം പുലികളെയും മയക്കുവെടി വച്ച് ഉൾക്കാട്ടിൽ വിട്ടു. പലതവണ തലനാരിഴയ്ക്ക് ജീവൻ തിരിച്ചുകിട്ടിയിട്ടുണ്ട്. ഒരു സഹപ്രവർത്തകൻ മരിച്ചത് ഇന്നും വേദനയാണ്.

English Summary:

Did the spouse and children come to see off Arikompan that day? Dr. Arun Zakaria speaks

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com