ദുരൂഹവും ഞെട്ടിക്കുന്നതും: ഖത്തറിൽ 8 ഇന്ത്യക്കാർക്ക് വധശിക്ഷ വിധിച്ച സംഭവത്തിൽ തരൂർ
Mail This Article
തിരുവനന്തപുരം∙ ഖത്തറിൽ മുൻ ഇന്ത്യൻ നേവി ഉദ്യോഗസ്ഥരായ 8 പേർക്ക് വധശിക്ഷ വിധിച്ചത് ഞെട്ടിപ്പിക്കുന്നുവെന്ന് ശശി തരൂർ എംപി. എക്സ് പ്ലാറ്റ്ഫോമിലൂടെയാണ് തരൂർ ഇക്കാര്യം അറിയിച്ചത്.
കേസുമായി ബന്ധപ്പെട്ട മുഴുവൻ കാര്യങ്ങളും ദുരൂഹമായി മറഞ്ഞിരിക്കുകയാണ്. തടവിലായവരെ തിരികെയെത്തിക്കാൻ വിദേശകാര്യ മന്ത്രാലയവും പ്രധാനമന്ത്രിയുടെ ഓഫിസും എത്രയും പെട്ടെന്ന് ഖത്തറിലെ ഉന്നത നേതൃത്വവുമായി ഇടപെടുമെന്ന് വിശ്വസിക്കുന്നുവെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.
അലോസരപ്പെടുത്തുന്ന കാര്യമെന്നാണ് കോൺഗ്രസ് സംഭവത്തെക്കുറിച്ച് പ്രതികരിച്ചത്. ഖത്തറുമായുള്ള നയതന്ത്ര, രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് തടവിലായവരെ പുറത്തുകൊണ്ടുവരാൻ ഇന്ത്യൻ സർക്കാർ ശ്രമിക്കുമെന്ന് വിശ്വസിക്കുന്നുവെന്നും കോൺഗ്രസ് പ്രസ്താവനയിൽ അറിയിച്ചു.
മലയാളി ഉൾപ്പെടെ 8 ഇന്ത്യക്കാരെ ചാരവൃത്തിക്കുറ്റത്തിനാണ് ഖത്തറിലെ കോടതി വധശിക്ഷയ്ക്കു വിധിച്ചത്. 8 പേരും ഇന്ത്യൻ നാവികസേനയിൽനിന്നു വിരമിച്ചശേഷം ദോഹയിലെ അൽ ദഹ്റ ഗ്ലോബൽ ടെക്നോളജീസ് ആൻഡ് കൺസൽറ്റൻസി സർവീസസ് എന്ന സൈനിക പരിശീലന കമ്പനിയിൽ പ്രവർത്തിച്ചിരുന്നവരാണ്. തിരുവനന്തപുരം സ്വദേശിയെന്നു കരുതുന്ന രാഗേഷ് ഗോപകുമാർ, പൂർണേന്ദു തിവാരി, നവ്തേജ് സിങ് ഗിൽ, ബിരേന്ദ്ര കുമാർ വർമ, സുഗുനകർ പകാല, സഞ്ജീവ് ഗുപ്ത, അമിത് നാഗ്പാൽ, സൗരഭ് വസിഷ്ഠ് എന്നിവർക്കാണ് ‘കോർട്ട് ഓഫ് ഫസ്റ്റ് ഇൻസ്റ്റൻസ്’ വധശിക്ഷ വിധിച്ചത്.
കഴിഞ്ഞ വർഷം ഓഗസ്റ്റ് 30ന് ആണു ഖത്തറിലെ രഹസ്യാന്വേഷണ വിഭാഗമായ സ്റ്റേറ്റ് സെക്യൂരിറ്റി ബ്യൂറോ ഇവരെ അറസ്റ്റ് ചെയ്തത്. മോചനത്തിനു കേന്ദ്ര വിദേശകാര്യ മന്ത്രാലയം നയതന്ത്രതലത്തിൽ ഏറെ പരിശ്രമിച്ചിരുന്നു. വിധിയുടെ വിശദാംശം പുറത്തുവന്നിട്ടില്ല. ഖത്തറിലെ ജുഡീഷ്യൽ സംവിധാനമനുസരിച്ച് ക്രിമിനൽ, സിവിൽ കേസുകൾ പരിഗണിക്കുന്നതാണു കോർട്ട് ഓഫ് ഫസ്റ്റ് ഇൻസ്റ്റൻസ്. വിധിക്കെതിരെ അപ്പീൽ കോടതിയെ സമീപിക്കാം.