ഡീസല്‍ ഓട്ടോറിക്ഷകളുടെ കാലപരിധി 22 വർഷം; ഹെവി വാഹനങ്ങൾക്ക് സീറ്റ് ബെല്‍റ്റും ക്യാമറയും നിര്‍ബന്ധം
Mail This Article
തിരുവനന്തപുരം ∙ ഡീസല്‍ ഓട്ടോറിക്ഷകള്‍ മറ്റു ഹരിത ഇന്ധനങ്ങളിലേക്കു മാറാനുള്ള കാലപരിധി 22 വര്‍ഷമായി ദീര്‍ഘിപ്പിച്ചു നല്‍കുമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു. നിലവില്‍ 15 വര്‍ഷം പൂര്‍ത്തിയായ ഓട്ടോറിക്ഷകള്‍ മറ്റു ഹരിത ഇന്ധനങ്ങളിലേയ്ക്കു മാറേണ്ടതുണ്ട്. ഡീസല്‍ ഓട്ടോറിക്ഷകള്‍ ഹരിത ഇന്ധനത്തിലേക്കു മാറ്റാൻ ആവശ്യമായ കാലതാമസം നേരിടുന്നതു കണക്കിലെടുത്താണ് നടപടി.
കോവിഡ് കാലത്തു രണ്ടു വര്‍ഷം ഓട്ടോറിക്ഷകള്‍ നിരത്തിലിറക്കാന്‍ കഴിയാതിരുന്ന സാഹചര്യവും ഇതര ഡീസല്‍ വാഹനങ്ങള്‍ക്ക് ഇത്തരം നിയന്ത്രണമില്ല എന്നതും പരിഗണിച്ചു. ഉപജീവനത്തിനായി ഓട്ടോറിക്ഷ ഓടിക്കുന്ന കേരളത്തിലെ അന്‍പതിനായിരത്തിലധികം ആളുകള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കുമെന്നും മന്ത്രി പറഞ്ഞു.
സീറ്റ് ബെല്‍റ്റും ക്യാമറയും നിര്‍ബന്ധം
എല്ലാ ഹെവി വാഹനങ്ങളുടെയും ഡ്രൈവര്‍ക്കും ഡ്രൈവറുടെ നിരയിലെ മുന്‍ സീറ്റില്‍ യാത്ര ചെയ്യുന്നയാള്‍ക്കും കേന്ദ്ര നിയമം അനുശാസിക്കുന്ന വിധത്തില്‍ സീറ്റ് ബെല്‍റ്റും സ്റ്റേജ് കാരിയേജുകള്‍ക്കുള്ളിലും പുറത്തും ക്യാമറകള്‍ ഘടിപ്പിക്കണമെന്ന ഉത്തരവും നവംബര്‍ 1 മുതല്‍ പ്രാബല്യത്തില്‍ വരും. സീറ്റ് ബെല്‍റ്റും ക്യാമറകളും ഘടിപ്പിച്ച വാഹനങ്ങള്‍ക്കു മാത്രമേ നവംബര്‍ 1 മുതല്‍ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് നല്‍കൂവെന്നും മന്ത്രി അറിയിച്ചു.