ശരദ് പവാറിന് പത്മവിഭൂഷൺ നൽകിയത് മോദി സർക്കാർ; പ്രധാനമന്ത്രിക്ക് മറുപടിയുമായി സുപ്രിയ സുളെ
Mail This Article
മുംബൈ∙ കാർഷിക മേഖലയിലെ പ്രവർത്തനത്തിന് എൻസിപി അധ്യക്ഷൻ ശരദ് പവാറിന് രാജ്യത്തെ രണ്ടാമത്തെ പരമോന്നത സിവിലിയൻ ബഹുമതിയായ പത്മവിഭൂഷൺ നൽകിയത് നരേന്ദ്ര മോദി സർക്കാരാണെന്ന് എൻസിപി നേതാവ് സുപ്രിയ സുളെ. ശരദ് പവാറിനെ ഉന്നമിട്ട് ‘കർഷകരുടെ പേരിൽ ചിലർ രാഷ്ട്രീയം കളിക്കുന്നു’ എന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരാമർശത്തിലാണ് അവരുടെ പ്രതികരണം.
മഹാരാഷ്ട്രയിലെ സിന്ധുർഗ് ജില്ലയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സുപ്രിയ. ‘‘പ്രധാനമന്ത്രി മഹാരാഷ്ട്രയിൽ വരുമ്പോഴെല്ലാം എൻസിപിയെ ‘അഴിമതി നിറഞ്ഞ പാർട്ടി’ എന്നാണ് വിശേഷിപ്പിക്കുന്നത്. എന്നാൽ, വ്യാഴാഴ്‌ച, സംസ്ഥാനത്തെത്തിയപ്പോൾ മുൻപത്തേ പോലെ അഴിമതി ആരോപണം ഉന്നയിച്ചില്ല. കൃഷിയിലെയും രാഷ്ട്രീയത്തിലെയും സംഭാവനയ്ക്ക് ശരദ് പവാറിന് മോദി സർക്കാരാണ് പത്മവിഭൂഷൺ നൽകിയത്’’– അവർ പറഞ്ഞു.
വ്യാഴാഴ്ച അഹമ്മദ്‌നഗർ ജില്ലയിലെ ഷിർദിയിൽ നടത്തിയ പ്രസംഗത്തിലാണ് പവാറിന്റെ പേര് പരാമർശിക്കാതെ പ്രധാനമന്ത്രി വിമർശിച്ചത്. കർഷകരെ മുന്നിൽനിർത്തി ചിലർ രാഷ്ട്രീയ നേട്ടമുണ്ടാക്കിയപ്പോൾ കർഷകർക്കു നേട്ടമുണ്ടാകുന്ന ഒട്ടേറെ പദ്ധതികളാണ് തന്റെ നേതൃത്വത്തിലുള്ള സർക്കാർ ആവിഷ്കരിച്ചിരിക്കുന്നതെന്നിയിരുന്നു പ്രധാനമന്ത്രിയുടെ പരാമർശം.
മഹാരാഷ്ട്രയിലെ ഒരു മുതിർന്ന നേതാവ് രാജ്യത്തിന്റെ കൃഷി മന്ത്രിയായി സേവനമനുഷ്ഠിച്ചുവെന്നും താൻ വ്യക്തിപരമായി അദ്ദേഹത്തെ ബഹുമാനിക്കുന്നുവെങ്കിലും കർഷകർക്ക് വേണ്ടി അദ്ദേഹം എന്താണ് ചെയ്തതെന്നും പ്രധാനമന്ത്രി ചോദിച്ചിരുന്നു. കോൺഗ്രസ് നേതൃത്വത്തിലുള്ള യുപിഎ സർക്കാരിൽ (2004-14) പവാർ കൃഷിമന്ത്രിയായിരുന്നു.