ADVERTISEMENT

തിരുവനന്തപുരം∙ മാധ്യമങ്ങളോടു സംസാരിക്കുന്നതിനിടയിൽ മാധ്യമപ്രവർത്തകയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയിൽ പ്രതികരണവുമായി ചലച്ചിത്രതാരം സുരേഷ് ഗോപി.  മാപ്പു ചോദിക്കുന്നതായി അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചു. ‘മാധ്യമങ്ങളുടെ മുന്നിൽ വച്ചു വാത്സല്യത്തോടെ തന്നെയാണ് പെരുമാറിയത്. ജീവിതത്തിൽ ഇന്നുവരെ പൊതുവേദിയിലും അല്ലാതെയും അപമര്യാദയോടെ പെരുമാറിയിട്ടില്ല. എന്നാൽ ആ കുട്ടിക്ക്‌ അതിനെ കുറിച്ച് എന്തു തോന്നിയോ അതിനെ മാനിക്കണം എന്നു തന്നെ ആണ് എന്റെയും അഭിപ്രായം. ഏതെങ്കിലും രീതിയിൽ ആ കുട്ടിക്ക് മോശമായി തോന്നുകയോ മാനസിക ബുദ്ധിമുട്ട് അനുഭവപ്പെടുകയോ ചെയ്തിട്ടുണ്ടെങ്കിൽ ഞാൻ ക്ഷമ ചോദിക്കുന്നു’– അദ്ദേഹം കുറിച്ചു. 

ഒരു മകളെപ്പോലെയാണ് കണ്ടതെന്നും ഒരു അച്ഛനെപ്പോലെ മാപ്പു പറയുന്നുവെന്നും സുരേഷ് ഗോപി പറഞ്ഞു. വഴി മുടക്കി നിന്നപ്പോൾ വശത്തേക്ക് മാറ്റിപ്പോകാൻ ശ്രമിച്ചതെന്നു വിശദീകരിച്ച അദ്ദേഹം, ഇങ്ങനെയെങ്കിൽ ഇനി മാധ്യമങ്ങളുടെ മുന്നിലെത്തില്ലെന്നും പറഞ്ഞു. 

‘എനിക്ക് അങ്ങനെയൊരു തെറ്റായ ഉദ്ദേശ്യവുമില്ല. സോറി പറയാൻ ഞാൻ പല തവണ വിളിച്ചിട്ടും എടുത്തിട്ടില്ല. ഇന്നു നിയമനടപടി എന്നു പറയുമ്പോൾ ഞാൻ എന്തുപറയാനാണ്. എന്റെ വഴിമുടക്കിയാണ് നിന്നത്. സൈഡിലേക്ക് മാറ്റി പോകാൻ തുടങ്ങുകയായിരുന്നു. എനിക്കു പോകാൻ പറ്റുന്നില്ല. വീണ്ടും ചോദ്യം വരുന്നു. അങ്ങനെയാണെങ്കിൽ ഇനി മാധ്യമങ്ങളെ കാണില്ല. 

മാപ്പു പറയാം. ഞാൻ ഒരച്ഛനായി മാപ്പുപറയും. ഞാൻ ഒരച്ഛനായി മാത്രമേ പെരുമാറിയിട്ടുള്ളൂ. അച്ഛൻ എന്ന നിലയ്ക്കു തന്നെ മാപ്പുപറയും. എന്റെ മകളെ പേലെയാണ് കണ്ടത്. മൂന്നു പെൺകുട്ടികളുള്ള ആളാണ് ഞാൻ. പൊതുസ്ഥലത്ത് ഞാൻ അങ്ങനെ പെരുമാറുമോ?’– അദ്ദേഹം ചോദിച്ചു. 

ഇന്നലെ കോഴിക്കോട് തളിയിൽ മാധ്യമങ്ങളോടു സംസാരിക്കുമ്പോഴായിരുന്നു സംഭവമുണ്ടായത്. ചോദ്യം ചോദിച്ച മാധ്യമപ്രവർത്തകയുടെ തോളിൽ കൈവയ്ക്കുമ്പോൾ അവർ അതു തട്ടിമാറ്റി. ഇത് ആവർത്തിച്ചപ്പോഴും കൈ തട്ടി മാറ്റേണ്ടി വന്നു. വിഷയത്തിൽ നിയമനടപടി സ്വീകരിക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നതായി മാധ്യമപ്രവർത്തകയും അറിയിച്ചിരുന്നു. സുരേഷ് ഗോപിക്കെതിരെ വനിതാ കമ്മിഷനിൽ പരാതി നൽകുമെന്നും മറ്റു നിയമ നടപടികൾ സ്വീകരിക്കുമെന്നും കേരള പത്രപ്രവർത്തക യൂണിയൻ അറിയിച്ചിരുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com