മാനസികാരോഗ്യം: ലെന പറഞ്ഞ കാര്യങ്ങൾ അംഗീകരിക്കാനാവില്ലെന്ന് സൈക്കോളജിസ്റ്റ്സ് അസോസിയേഷൻ
Mail This Article
തിരുവനന്തപുരം ∙ മാനസികാരോഗ്യത്തെക്കുറിച്ച് നടി ലെന പറഞ്ഞ കാര്യങ്ങൾ അംഗീകരിക്കാനാവില്ലെന്ന് ഇന്ത്യൻ അസോസിയേഷൻ ഓഫ് ക്ലിനിക്കൽ സൈക്കോളജിസ്റ്റ്സ്. ലെന അംഗീകൃത ക്ലിനിക്കൽ സൈക്കോളജിസ്റ്റല്ലെന്നും ലെനയുടേതായി വന്നത് അവരുടെ മാത്രം അഭിപ്രായമാണെന്നും അസോസിയേഷന്റെ കേരള ചാപ്റ്റർ വ്യക്തമാക്കി. ലെന സമൂഹമാധ്യമത്തിൽ പറഞ്ഞ മെഡിക്കൽ പരാമർശങ്ങൾ വിവാദമായതോടെയാണ് അസോസിയേഷൻ വിശദീകരണവുമായി രംഗത്തുവന്നത്.
സംവിധായകൻ അൽഫോൻസ് പുത്രന്‍ ഓട്ടിസം സ്പെക്ട്രം തിരിച്ചറിഞ്ഞതിനെത്തുടർന്ന് സിനിമാ കരിയർ അവസാനിപ്പിക്കുയാണെന്നു പറഞ്ഞുകൊണ്ടുള്ള സമൂഹമാധ്യമ പോസ്റ്റിനു പിന്നാലെയായിരുന്നു ലെന അഭിപ്രായങ്ങളുമായി രംഗത്തുവന്നത്. ഇത്തരം അവസ്ഥയിൽ ഉപയോഗിക്കേണ്ട മരുന്ന് ഉൾപ്പെടെയുള്ള വിവരങ്ങൾ നടി പങ്കുവച്ചിരുന്നു. ഇതു പിന്നീട് വലിയ രീതിയിൽ പങ്കുവയ്ക്കപ്പെടുകയും ചർച്ചയാവുകയും ചെയ്തു.
ലെന ക്ലിനിക്കൽ സൈക്കോളജി പഠിച്ചിട്ടുണ്ടാകാമെന്നും എന്നാൽ അംഗീകൃത ക്ലിനിക്കൽ സൈക്കോളജിസ്റ്റ് അല്ലെന്നും അസോസിയേഷൻ പറയുന്നു. ഇത്തരം കാര്യങ്ങൾ പറയാൻ ലെനയ്ക്ക് ഔദ്യോഗിക അംഗീകാരമില്ല. അതിനാൽ ഇത്തരം അഭിപ്രായപ്രകടനങ്ങളിൽനിന്ന് അവർ മാറിനിൽക്കണമെന്നും അസോസിയേഷൻ കൂട്ടിച്ചേർത്തു.