‘രുദ്ര’ പരീക്ഷണം വിജയം; ആകാശത്ത് റോക്കറ്റ് വർഷിച്ച് ഇന്ത്യയുടെ ആദ്യ തദ്ദേശീയ യുദ്ധ ഹെലികോപ്റ്റർ
Mail This Article
ന്യൂഡൽഹി∙ ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ആദ്യ യുദ്ധ ഹെലികോപ്റ്ററിന്റെ പരീക്ഷണം വിജയം. രുദ്ര ഹെലികോപ്റ്ററിൽനിന്ന് റോക്കറ്റും തോക്കും യുദ്ധസാമഗ്രികളും ഇന്ത്യൻ സേന പരീക്ഷിച്ചു. സേനയുടെ ധ്രുവ് ഹെലികോപ്റ്ററിന്റെ യുദ്ധപ്പതിപ്പും തദ്ദേശീയമായി വികസിപ്പിച്ച ആദ്യത്തെ ആക്രമണ ഹെലികോപ്റ്ററുമാണ് രുദ്ര. രുദ്രയിൽനിന്ന് റോക്കറ്റുകൾ വർഷിക്കുന്ന വിഡിയോ ഇന്ത്യൻ ആർമിയുടെ സ്പിയർ കോർപ്സ് എക്സ് പ്ലാറ്റ്‌ഫോമിൽ പങ്കുവച്ചു. ലക്ഷ്യസ്ഥാനത്തേക്ക് ഹെലികോപ്റ്റർ പറക്കുന്നതും റോക്കറ്റും വെടിയുണ്ടകളും വർഷിക്കുന്നതുമാണ് വിഡിയോയിലുള്ളത്.
വ്യോമസേനയുടെയും കരസേനയുടെയും യുദ്ധ ആവശ്യങ്ങൾക്കായി ബെംഗളൂരു ആസ്ഥാനമായുള്ള ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡാണ് രുദ്ര വികസിപ്പിച്ചത്. 5.8 ടണ്ണാണ് ഭാരം. യുദ്ധടാങ്കുകൾ നശിപ്പിക്കുന്നതിനും ആവശ്യഘട്ടങ്ങളിൽ ഗ്രൗണ്ടിൽനിന്ന് പൊരുതുന്ന സേനയ്ക്ക് സഹായം ഉറപ്പാക്കുന്നതിനും സായുധ നിരീക്ഷണം നടത്തുന്നതിനുമാണ് ഉപയോഗിക്കുക. 20 എംഎം തോക്കുകളും 700 എംഎം റോക്കറ്റുകളും വഹിക്കാനാകും. ആകാശത്തേയ്ക്കും കരയിലേയ്ക്കും മിസൈൽ തൊടുക്കാമെന്നതും പ്രത്യേകതയാണ്.