രാഹുൽ എൻ.കുട്ടിയുടെ മരണം: ആത്മഹത്യയെന്ന് പൊലീസ്; കാരണമെന്തെന്ന ചോദ്യം ബാക്കി
Mail This Article
പനങ്ങാട് (കൊച്ചി) ∙ ഫുഡ് വ്ലോഗർ രാഹുൽ എൻ.കുട്ടിയുടെ മരണം ആത്മഹത്യ തന്നെയെന്നു കേസ് അന്വേഷിക്കുന്ന പൊലീസ് പറയുമ്പോഴും അതിലേക്കു നയിച്ച കാരണമെന്തെന്ന ചോദ്യം നിലനിൽക്കുകയാണ്. കസ്റ്റഡിയിലെടുത്ത രാഹുലിന്റെ മൊബൈൽ പരിശോധന പൂർത്തിയാകുന്നതോടെ ദുരൂഹതകൾ നീങ്ങുമെന്ന നിഗമനത്തിലാണു പനങ്ങാട് പൊലീസ്.
രാഹുലിന്റെ വീട്ടിലെത്തി ഇന്നലെയും ബന്ധുക്കളിൽ നിന്നു പൊലീസ് വിവരങ്ങൾ ശേഖരിച്ചു. രാഹുലിന്റെ ഒപ്പമുണ്ടായിരുന്ന കൂട്ടുകാരെ ചോദ്യം ചെയ്യാൻ വിളിപ്പിക്കും. മരണത്തിലെ അവ്യക്തതകൾ നീങ്ങണമെന്നാണു രാഹുലിന്റെ ബന്ധുക്കളുടെ ആവശ്യം. പനമ്പിള്ളി നഗറിൽ അടുത്തിടെ തുടങ്ങിയ കോഫി ഷോപ്പുമായി ബന്ധപ്പെട്ടു സാമ്പത്തികപ്രശ്നങ്ങൾ ഉണ്ടായിരുന്നതായി സൂചനയുണ്ടെന്നും ബന്ധുക്കൾ പറഞ്ഞു.
രാഹുൽ എൻ. കുട്ടിയെ (33) വെള്ളിയാഴ്ച രാത്രി പന്ത്രണ്ടരയോടെയാണ് കൊച്ചി മാടവന ഉദയത്തുംവാതിലിലെ വീട്ടിലെ ഹാളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഈറ്റ് കൊച്ചി ഈറ്റ് എന്ന ഫുഡ് വ്ലോഗർ കൂട്ടായ്മയിലെ പ്രധാനി ആയിരുന്നു. രാഹുലിനെ സംഭവ ദിവസം രാത്രി കൊച്ചിയിലെ ഹോട്ടലിൽ കുറച്ചു പേരോടൊപ്പം കണ്ടതായും അദ്ദേഹം അസ്വസ്ഥനായിരുന്നെന്നും പറയുന്നു.
ആത്മഹത്യയെപ്പറ്റി കൂട്ടുകാരോടു പറഞ്ഞതായും പൊലീസിന് സൂചന ലഭിച്ചു.ഹോട്ടലിൽ നിന്ന് ഇറങ്ങിയതിനു ശേഷം വിളിച്ചിട്ടു ഫോൺ എടുക്കാതായതോടെ കൂട്ടുകാർ രാഹുലിന്റെ അച്ഛന്റെ ഫോണിൽ വിളിച്ചു. അദ്ദേഹം നോക്കിയപ്പോഴാണ് തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ഭാര്യ ശ്രീപ്രിയയും രണ്ടുവയസ്സുള്ള മകൻ ഇഷിതും ശ്രീപ്രിയയുടെ വീട്ടിലായിരുന്നു. കുടുംബ പ്രശ്നങ്ങൾ ഒന്നുമില്ലെന്ന് വീട്ടുകാർ പറഞ്ഞു. പനമ്പിള്ളി നഗറിൽ അടുത്തിടെ പാർട്നർഷിപ്പിൽ കോഫി ഷോപ്പ് തുടങ്ങിയിരുന്നു.