നടി രശ്മികയുടെ ഡീപ് ഫേക്ക് വിഡിയോ വൈറൽ; ഇരയായ വ്യക്തിക്ക് കോടതിയെ സമീപിക്കാമെന്ന് കേന്ദ്രമന്ത്രി
Mail This Article
ന്യൂഡൽഹി∙ നടി രശ്മിക മന്ദാനയുടെ ഡീപ് ഫേക്ക് വിഡിയോ വൈറലായതിൽ പ്രതികരണവുമായി കേന്ദ്രസർക്കാർ. ഇന്റർനെറ്റ് ഉപയോഗിക്കുന്ന എല്ലാവരുടെയും സുരക്ഷയും വിശ്വാസവും ഉറപ്പാക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് കേന്ദ്ര ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
ഇത്തരം വ്യാജ വിവരങ്ങൾ പ്രചരിപ്പിക്കുന്നത് തടയാൻ സമൂഹമാധ്യമ പ്ലാറ്റ്ഫോമുകൾക്ക് ഉത്തരവാദിത്തമുണ്ടെന്നും ഇതു പാലിക്കുന്നില്ലെങ്കിൽ ഇരയായ വ്യക്തിക്ക് കോടതിയെ സമീപിക്കാമെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു. ഐടി നിയമങ്ങൾ പ്രകാരം സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾക്കുള്ള ബാധ്യതകൾ അദ്ദേഹം എക്സിൽ പങ്കുവച്ചു.
ബ്രിട്ടിഷ്– ഇന്ത്യൻ ഇൻഫ്ലുവൻസറായ സാറ പട്ടേലിന്റെ വിഡിയോയാണ് രശ്മിക മന്ദാനയുടേത് എന്ന പേരിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചത്. കറുത്ത വസ്ത്രം ധരിച്ച ഒരു സ്ത്രീ ലിഫ്റ്റിൽ കയറുന്നതാണ് വിഡിയോയിൽ ഉള്ളത്. എന്നാൽ സ്ത്രീയുടെ മുഖം രശ്മികയോട് സാമ്യമുള്ള തരത്തിൽ മോർഫ് ചെയ്ത് എഡിറ്റ് ചെയ്തിരിക്കുകയാണ്. വിഡിയോ വൈറലായതോടെ ഇതു വ്യാജമാണെന്ന് സൂചിപ്പിച്ച് നിരവധിപ്പേർ രംഗത്തെത്തി. ബോളിവുഡ് താരം അമിതാഭ് ബച്ചൻ ഉൾപ്പെടെയുള്ളവർ നടി നിയമനടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു. സംഭവത്തിൽ രശ്മിക ഇതുവരെ പ്രതികരിച്ചിട്ടില്ല.
യഥാർഥ വിഡിയോയിലെ ബ്രിട്ടിഷ്-ഇന്ത്യൻ വനിതയായ സാറ പട്ടേലിന് സമൂഹമാധ്യമങ്ങളിൽ നിരവധി ഫോളോവേഴ്സുണ്ട്. ഒക്‌ടോബർ 9നാണ് സാറ, രശ്മികയുടേതായി എഡിറ്റ് ചെയ്ത വിഡിയോ അപ്‌ലോഡ് ചെയ്‌തത്. ഒറ്റനോട്ടത്തിൽ എഡിറ്റിങ് നടന്നതായി കണ്ടെത്താൻ ബുദ്ധിമുട്ടാണെങ്കിലും സൂക്ഷ്മമായി നിരീക്ഷിച്ചാൽ, സ്ത്രീ ലിഫ്റ്റിൽ പ്രവേശിക്കുന്ന അതേസമയത്തു തന്നെ മുഖം രശ്മികയുടേതായി മാറുന്നത് കാണാം. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) ഉപയോഗിച്ച് മുഖവും ശബ്ദവും വ്യാജമായി നിർമിക്കുന്ന ഫോട്ടോകളോ വിഡിയോകളോ ആണ് ഡീപ്ഫേക്കുകൾ.