കളമശേരി സ്ഫോടനത്തിൽ മരിച്ചത് ലെയോണ തന്നെ; ഡിഎൻഎ പരിശോധനാഫലം പുറത്ത്
Mail This Article
കൊച്ചി ∙ കളമശേരി സ്ഫോടനത്തിൽ ആദ്യം മരിച്ച സ്ത്രീ ലെയോണ പൗലോസ് തന്നെയെന്നു ഡിഎൻഎ പരിശോധനയിൽ സ്ഥിരീകരിച്ചു. തിരിച്ചറിയാനാകാത്ത നിലയിലായിരുന്ന മൃതദേഹം ആശുപത്രിയിൽ എത്തിച്ചിരുന്നത്. ഡിഎൻഎ ഫലം പുറത്തുവന്ന സാഹചര്യത്തിൽ ഉടൻ പോസ്റ്റ്മോർട്ടം നടത്തുമെന്ന് അധികൃതർ അറിയിച്ചു.
സ്ഫോടനത്തിൽ ഗുരുതരമായി പൊള്ളലേറ്റു ചികിത്സയിൽ കഴിഞ്ഞിരുന്ന ഒരാൾ കൂടി കഴിഞ്ഞദിവസം മരിച്ചതോടെ ആകെ മരണപ്പെട്ടവർ നാലായി. എറണാകുളം മെഡിക്കൽ സെന്ററിൽ വെന്റിലേറ്ററിൽ ചികിത്സയിലായിരുന്ന ആലുവ മുട്ടം ജവാഹർ നഗർ ഗണപതിപ്ലാക്കൽ വീട്ടിൽ മോളി ജോയ് (61) ആണ് മരിച്ചത്. പരുക്കേറ്റു ചികിത്സയിലുള്ള 19 പേരിൽ 11 പേരും തീവ്രപരിചരണ വിഭാഗത്തിലാണ്. ആസ്റ്റർ മെഡ്സിറ്റിയിൽ ചികിത്സയിലുള്ള 2 പേരുടെ നില ഗുരുതരമാണ്.
സ്ഫോടനക്കേസിലെ പ്രതി ഡൊമിനിക് മാർട്ടിനെ 10 ദിവസത്തേക്കു പൊലീസ് കസ്റ്റഡിയിൽ വിട്ടു. പ്രതിയുടെ രാജ്യാന്തര ബന്ധങ്ങൾ അന്വേഷിക്കണമെന്നും പത്തിലേറെ സ്ഥലങ്ങളിൽ എത്തിച്ചു തെളിവെടുക്കണമെന്നും പൊലീസ് കോടതിയിൽ പറഞ്ഞു. സ്ഫോടകവസ്തുക്കൾ വാങ്ങാനുള്ള പണം മാർട്ടിന് എവിടെനിന്നു ലഭിച്ചു തുടങ്ങിയ കാര്യങ്ങൾ ചോദിച്ചറിയാനുണ്ട്. തനിക്ക് അഭിഭാഷകൻ വേണ്ടെന്നു പ്രതി കോടതിയിൽ ആവർത്തിച്ചു.