ബിജെപി – ദൾ സഖ്യം: കുമാരസ്വാമിയുടെ അനുനയ യോഗത്തിൽനിന്ന് ശരണഗൗഡ പാട്ടീൽ വിട്ടുനിന്നു
Mail This Article
ബെംഗളൂരു∙ ബിജെപിയുമായുള്ള സഖ്യ രൂപീകരണത്തിൽ ഇടഞ്ഞു നിൽക്കുന്ന എംഎൽഎമാരെ അനുനയിപ്പിക്കാൻ ജനതാദൾ എസ് സംസ്ഥാന പ്രസിഡന്റ് എച്ച്.ഡി. കുമാരസ്വാമി വിളിച്ചുചേർത്ത യോഗത്തിൽനിന്ന് ഗുർമിത്കൽ എംഎൽഎ ശരണഗൗഡ പാട്ടീൽ കണ്ടക്കൂർ വിട്ടുനിന്നു. നേരത്തേ സഖ്യത്തിനെതിരെ പരസ്യമായി രംഗത്തെത്തിയ നേതാവാണ് ശരണഗൗഡ. എന്നാൽ ശരണഗൗഡ കുടുംബാംഗത്തെ പോലയാണെന്നും ഉടൻ നേരിൽ കണ്ടു പ്രശ്നങ്ങൾ പരിഹരിക്കുമെന്നും കുമാരസ്വാമി അറിയിച്ചു. മുതിർന്ന ദൾ നേതാവും മുൻ എംഎൽഎയുമായ നാഗൻഗൗഡ പാട്ടീൽ കണ്ടക്കൂറിന്റെ മകനാണ് ശരണഗൗഡ പാട്ടീൽ കണ്ടക്കൂർ.
അതേസമയം, സഖ്യത്തിൽ അതൃപ്തി പ്രകടിപ്പിച്ചിരുന്ന ദൾ നിയമസഭാ കക്ഷി ഉപനേതാവ് ശാരദ പുരനായിക്, മറ്റ് എംഎൽഎമാരായ കരെയമ്മ നായക്, ന്യാമരാജ നായിക് ഉൾപ്പെടെ ബാക്കി 18 എംഎൽഎമാരും യോഗത്തിനെത്തി.
ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപിയുമായി കൈകോർക്കാനുള്ള തീരുമാനത്തിൽ പ്രതിഷേധിച്ച് ദളിൽനിന്ന് പത്തോളം എംഎൽഎമാർ കോൺഗ്രസിലേക്കു കൂറുമാറിയേക്കുമെന്ന അഭ്യൂഹം ശക്തമായ സാഹചര്യത്തിലാണു ഹാസനിലെ സ്വകാര്യ റിസോർട്ടിൽ യോഗം നടന്നത്. യോഗത്തിനിടെ ഓരോ എംഎൽഎമാരുമായും കുമാരസ്വാമി പ്രത്യേകം ചർച്ച നടത്തി. ശേഷം കുമാരസ്വാമിയുടെ നേതൃത്വത്തിൽ എംഎൽഎമാർ ഹാസനാംബ ക്ഷേത്രത്തിൽ ദർശനം നടത്തി.
അടുത്തയിടെ മന്ത്രിമാർക്കായി നടത്തിയ അത്താഴ വിരുന്നിൽ ബിജെപി, ദൾ പാർട്ടികളിൽ നിന്നായി 50 എംഎൽഎമാരെ കോൺഗ്രസിലെത്തിക്കാൻ മുഖ്യമന്ത്രി സിദ്ധരാമയ്യ നിർദേശം നൽകിയെന്ന് കുമാരസ്വാമി ആരോപിച്ചു.