ADVERTISEMENT

കാസർകോട്∙ കളനാട് അരമങ്ങാനത്ത് യുവതിയായ അധ്യാപികയും മകളും കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ യുവതിയുടെ സുഹൃത്തും സ്വകാര്യ സ്കൂൾ അധ്യാപകനുമായ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. എം.എ.റുബിന (32) മകൾ കെ.ഹനാന മറിയം (5) എന്നിവരുടെ മരണത്തിൽ ബാര എരോൽ ജുമാ മസ്ജിദിനടുത്തെ സഫ്‍വാൻ ആദൂ‍ർ(29)നെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. സഫ്‍വാനുമായുള്ള പ്രണയബന്ധം തകർന്നതും അയാൾ വേറെ വിവാഹം കഴിക്കാൻ തീരുമാനച്ചതുമാണ് ആത്മഹത്യയിലേക്കു നയിച്ചതെന്നാണ് കണ്ടെത്തൽ. ആത്മഹത്യാ പ്രേരണ, തെളിവു നശിപ്പിക്കൽ എന്നീ കുറ്റങ്ങൾ ചുമത്തിയാണ് അറസ്റ്റ്.   

മരണവുമായി ബന്ധപ്പെട്ട് യുവതിയുടെ ഭർത്താവ് താജുദ്ദീൻ പൊലീസിൽ നൽകിയ പരാതിയുടെയും ബന്ധുക്കളുടെ  മൊഴികളുടെയും അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ വിശദമായ അന്വേഷണത്തിൽ സമൂഹമാധ്യമം വഴി പരിചയപ്പെട്ട അധ്യാപകനുമായി ഭർതൃമതിയായ യുവതി ഒൻപത് വർഷക്കാലമായി ഇഷ്ടത്തിലായിരുന്നെന്നു കണ്ടെത്തി. അടുത്തിടെ യുവാവ് വേറൊരു സ്ത്രീയെ വിവാഹം കഴിക്കാൻ തീരുമാനിച്ചതിനെ തുടർന്ന് ഇരുവരും വഴക്കാവുകയും യുവതിയെ ആത്മഹത്യയ്ക്ക് പ്രേരിപ്പിക്കുകയും ചെയ്തു എന്നാണ്  ബന്ധുക്കൾ പൊലീസിനു നൽകിയ പരാതിയിൽ പറയുന്നത്. 

രണ്ടു പേരുടെയും മൊബൈൽ ഫോണുകൾ പൊലീസ് പരിശോധിച്ചതിൽ പരസ്പരമുള്ള ചാറ്റിങ്ങുകൾ നശിപ്പിച്ചതായി കണ്ടെത്തിയിരുന്നു. ഇതോടെ യുവാവ് കേസിലെ തെളിവുകൾ നശിപ്പിച്ചതിനും കോടതിക്ക് റിപ്പോർട്ട് നൽകി. തുടർന്ന് മൊഴി എടുക്കുന്നതിനായി സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തിയ അധ്യാപകനെ വിശദമായ ചോദ്യം ചെയ്യലിനുശേഷം ആത്മഹത്യാ പ്രേരണ കുറ്റത്തിനും തെളിവുകൾ നശിപ്പിച്ചതിനുമുള്ള വകുപ്പുകൾ ചേർത്ത് അറസ്റ്റ് ചെയ്യുകയായിരുന്നു.

സെപ്റ്റംബർ 15 നായിരുന്നു കേസിനാസ്പദമായ സംഭവം. സ്വകാര്യ സ്കൂളിലെ അധ്യാപികയായിരുന്ന അരമങ്ങാനം ഹദ്ദാദ് നഗറിലെ എം.എ.റുബിനയെയും മകളെയും കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. 15നു മകളെയും പേരമകളെയും കാൺമാനില്ലെന്നു കാണിച്ച് റുബിനയുടെ പിതാവ് പൊലീസിൽ പരാതി നൽകിയിരുന്നു. ഇതേ തുടർന്നു നടത്തിയ തിരച്ചിലിലാണ് 12 മണിയോടെ വീടിനു സമീപത്തെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ മുങ്ങിമരണമാണെന്നു ബോധ്യപ്പെട്ടിരുന്നു.

English Summary:

Man arrested in the death of mother and child, Kasaragod

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com