ADVERTISEMENT

കോഴിക്കോട് ∙ മാധ്യമ പ്രവർത്തകയോടു മോശമായി പെരുമാറിയെന്ന പരാതിയിൽ നടനും മുൻ എംപിയും ബിജെപി നേതാവുമായ സുരേഷ് ഗോപിയെ കാത്ത് നടക്കാവ് പൊലീസ് സ്‌റ്റേഷനിലെ ആധുനിക ചോദ്യം ചെയ്യൽ മുറി (Police Interrogation Room). ചോദ്യം ചെയ്യുന്നതിനിടയിൽ പ്രതിയിൽ ഉണ്ടാകുന്ന നേരിയ ചലനങ്ങൾ, മുഖഭാവങ്ങൾ, ശബ്ദങ്ങൾ എന്നിവ പകർത്താനും സൂക്ഷിച്ചു വയ്ക്കാനുമുള്ള ഉപകരണങ്ങളും സൗകര്യങ്ങളും ഈ ശീതീകരിച്ച മുറിയിലുണ്ട്.

180 ഡിഗ്രി 4 ദിശാ ക്യാമറ, അനുബന്ധ ശബ്ദ ഉപകരണങ്ങൾ, റിക്കോഡിങ് ക്യാമറ എന്നിവയാണ് മുറിയിൽ സജ്ജീകരിച്ചിട്ടുള്ളത്. സീനിയർ പൊലീസ് ഓഫിസർക്കാണ് ഓപ്പറേറ്റിങ്ങ് ചുമതല. പ്രതിപ്പട്ടികയിലുള്ള ആളും അന്വേഷണ ഉദ്യോഗസ്ഥനും സഹായിയും മാത്രമാണു മുറിക്കുള്ളിലുണ്ടാവുക. മുറിയിൽനിന്നു പുറത്തേക്കു കാഴ്ചയുണ്ട്. എന്നാൽ അകത്ത് എന്താണു നടക്കുന്നതെന്നു പുറത്തുനിന്നു കാണാനാകില്ല.

വിവാദ സംഭവങ്ങളിൽ പ്രതികളെ ചോദ്യം ചെയ്യുന്നതിനുള്ള പൊലീസ് സംവിധാനമാണിത്. ജില്ലാ പൊലീസ് മേധാവിയായ കമ്മിഷണറുടെ പരിധിൽ നടക്കാവ് സ്റ്റേഷനിൽ മാത്രമാണ് ഈ സംവിധാനം നിലവിലുള്ളത്. വന്ദേ ഭാരത് ട്രെയിനിൽ കോഴിക്കോട് എത്തുന്ന സുരേഷ് ഗോപി തുടർന്ന് സ്‌റ്റേഷനിൽ എത്തുമെന്നാണു വിവരം. നവംബർ 18നകം ഹാജരാകണമെന്ന് നിർദേശിച്ചാണു സുരേഷ് ഗോപിക്കു നോട്ടിസ് നൽകിയിരുന്നത്.

ഒക്ടോബർ 27നാണു സുരേഷ് ഗോപിക്കെതിരായ പരാതിക്ക് ആസ്പ‍ദമായ സംഭവം. കോഴിക്കോട് തളിയിൽ മാധ്യമങ്ങളോടു സംസാരിക്കവേ ചോദ്യം ചോദിച്ച മാധ്യമപ്രവർത്തകയുടെ തോളിൽ സുരേഷ് ഗോപി കൈ വയ്ക്കുകയായിരുന്നു. മാധ്യമപ്രവർത്തക പൊലീസിലും വനിതാ കമ്മിഷനിലും പരാതി നൽകി. വിശദീകരണവുമായും മാപ്പു പറഞ്ഞും സുരേഷ് ഗോപി രംഗത്തെത്തിയിരുന്നു. ഐപിസി 354 എ (ലൈംഗികാതിക്രമം) വകുപ്പ് പ്രകാരമാണ് കേസ്. സ്റ്റേഷൻ ജാമ്യം ലഭിക്കാത്ത, രണ്ടു വർഷം വരെ തടവോ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ ശിക്ഷ ലഭിക്കാവുന്ന വകുപ്പാണിത്.

English Summary:

Interrogation of Suresh Gopi in the modern Police Interrogation Room of Nadakav Police Station

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com