ADVERTISEMENT

തിരുവനന്തപുരം∙ പെട്രോൾ, ഡീസൽ എന്നിവയ്ക്ക് ലീറ്ററിനു രണ്ടു രൂപ നിരക്കിൽ സാമൂഹിക സുരക്ഷാ സെസ് ഏർപ്പെടുത്തിയതിലൂടെ സർക്കാരിനു ഇതുവരെ ലഭിച്ചത് 510 കോടിരൂപ. ധനമന്ത്രി കെ.എൻ.ബാലഗോപാൽ ഫെബ്രുവരി മൂന്നിന് അവതരിപ്പിച്ച 2023–24 സാമ്പത്തിക വർഷത്തെ ബജറ്റിലാണ് സാമൂഹിക സുരക്ഷാ സെസ് ഏർപ്പെടുത്തിയത്. സാമ്പത്തിക വർഷം 750 കോടിരൂപയാണ് ഫണ്ടിലേക്ക് പ്രതീക്ഷിച്ചത്. നിലവിലെ കണക്കനുസരിച്ച് ഈ സാമ്പത്തിക വർഷം 935 കോടിക്കു മുകളിൽ ലഭിക്കുമെന്നാണ് പ്രതീക്ഷ. ഇത്രയും തുക ഒരു വർഷം ലഭിച്ചാലും ഒരു മാസത്തെ സാമൂഹിക സുരക്ഷാ പെന്‍ഷൻ നൽകാൻ മാത്രമേ സാധിക്കൂ.

ഒരു ലീറ്റർ ഇന്ധനത്തിനു കിഫ്ബിയിലേക്ക് ഒരു രൂപ നിലവിൽ ഈടാക്കുന്നുണ്ട്. ഒരു ലീറ്ററിനു 25 പൈസ സെസുമുണ്ട്. ഇതിനു പുറമേയാണ് 2 രൂപ സാമൂഹിക സെസ് ഏർപ്പെടുത്തിയത്. സാമൂഹിക സുരക്ഷാ പെൻഷൻ അടക്കമുള്ള കാര്യങ്ങൾക്കായി തുക ചെലവഴിക്കാനായിരുന്നു സെസ്. ഏപ്രിലിൽ 18.8 കോടിരൂപ സെസായി ലഭിച്ചു. മേയിൽ 95.58 കോടിരൂപയും ജൂണിൽ 84.16 കോടിരൂപയും ജൂലൈയിൽ 79.53 കോടിരൂപയും ഓഗസ്റ്റിൽ 91.8 കോടിരൂപയും സെപ്റ്റംബറിൽ 83.94 കോടിരൂപയും ലഭിച്ചു. ഒക്ടോബർ 23 വരെയുള്ള തുക ചേർത്താൽ ആകെ 510 കോടിരൂപ. നവംബർ മുതൽ ഈ സാമ്പത്തിക വർഷം അവസാനിക്കുന്ന 2024 മാർച്ച് വരെ പ്രതിമാസം ശരാശരി 85 കോടിരൂപ സെസ് കണക്കാക്കിയാൽ 425 കോടിരൂപ ലഭിക്കും. അങ്ങനെയാണെങ്കിൽ സെസിലൂടെ ഒരു സാമ്പത്തിക വർഷം ലഭിക്കുക 935 കോടി.

ഇന്ധന സെസിലൂടെ ഒരു സാമ്പത്തിക വർഷം ലഭിക്കുന്ന തുക ഒരു മാസത്തെ പെൻഷൻ നൽകാനേ തികയൂ എന്ന് അധികൃതർ പറയുന്നു. 900 കോടിരൂപയോളം ഒരു മാസത്തെ  സാമൂഹിക സുരക്ഷാ പെൻഷനായി വേണം. വർഷം 10,000 കോടിയോളം രൂപ. 50,90,390 പേർ സാമൂഹ്യ സുരക്ഷാ പെൻഷൻ വാങ്ങുന്നുണ്ട്. സംസ്ഥാന സർക്കാർ1600 രൂപയാണ് ഒരു മാസത്തെ പെൻഷനായി നൽകുന്നത്. ആകെ പെൻഷൻ വാങ്ങുന്നവരിൽ കേന്ദ്ര ഗുണഭോക്താക്കളായ 16.62% പേർക്ക് കേന്ദ്രവിഹിതം കുറച്ചുള്ള തുകയാണ് സംസ്ഥാനം നൽകുന്നത്. കേന്ദ്ര വിഹിതം ഇവരുടെ അക്കൗണ്ടിലേക്ക് നേരിട്ടു നൽകുമെന്നാണ് കേന്ദ്രസർക്കാരിന്റെ നിലപാട്. മൂന്നു മാസത്തെ പെൻഷൻ കുടിശികയാണ്. ജൂലൈ മാസത്തെ പെൻഷൻ വിതരണം ഇന്ന് ആരംഭിക്കും. 

കുപ്പിക്ക്‌ 500 രൂപയ്‌ക്ക്‌ മുകളിൽ 999 രൂപവരെ വിലയുള്ള ഇന്ത്യൻ നിർമിത വിദേശ മദ്യത്തിന്‌ 20 രൂപയും 1000 രൂപയ്‌ക്ക്‌ മുകളിൽ വിലയുള്ള കുപ്പിക്ക്‌ 40 രൂപ നിരക്കിലും ഏപ്രിൽ മുതൽ സെസ് ഈടാക്കുന്നുണ്ട്. 400 കോടിരൂപയാണ് അധികമായി പ്രതീക്ഷിച്ചത്. ഇതുവരെ കിട്ടിയത്‌ 120 കോടിരൂപ.

English Summary:

Revenue from fuel cess in Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com