രാജസ്ഥാനിൽ കോൺഗ്രസ് നേതാക്കൾ പരസ്പരം റൺ ഔട്ടാക്കാൻ ശ്രമിക്കുന്നു: വിമർശിച്ച് മോദി
Mail This Article
ജയ്പുർ∙ രാജസ്ഥാൻ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കോൺഗ്രസിനെ കടന്നാക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ലോകകപ്പ് മത്സരം നടക്കുന്നതിനാൽ ക്രിക്കറ്റുമായി താരതമ്യപ്പെടുത്തിയായിരുന്നു മോദിയുടെ വിമർശനം. മുഖ്യമന്ത്രി അശോക് ഗെലോട്ടും സച്ചിൻ പൈലറ്റും പരസ്പരം റൺ ഔട്ടാക്കാൻ ശ്രമിക്കുകയാണെന്നാണ് മോദി പറഞ്ഞത്.
‘‘ക്രിക്കറ്റിൽ ഒരു ബാറ്റർ വരുന്നത് ടീമിനുവേണ്ടി റൺ നേടുന്നതിനാണ്. എന്നാൽ കോൺഗ്രസിൽ റൺസ് നേടുന്നതിന് പകരം പരസ്പരം യുദ്ധം നടത്തുകയാണ്. അഞ്ച് വർഷമായി നേതാക്കൾ പരസ്പരം റൺ ഔട്ടാക്കാനാണ് ശ്രമിച്ചുകൊണ്ടിരുന്നത്. കോൺഗ്രസും വികസനവും ശത്രുക്കളാണ്. അവർ ശത്രുക്കളായി തന്നെ തുടരും. നിങ്ങൾ ബിജെപിയെ തിരഞ്ഞെടുത്താൽ അഴിമതിക്കാരെ രാജസ്ഥാനിൽനിന്ന് പുറത്താക്കും. വികസനത്തിലൂടെ രാജസ്ഥാന് വിജയം കൊയ്യാൻ സാധിക്കും. അമ്മമാരുടെയും സഹോദരിമാരുടെയും യുവാക്കളുടെയും കർഷകരുടെയും വിജയമായിരിക്കും അത്.
‘‘ജൻ ഔഷധി കേന്ദ്രത്തിലൂടെ 80 ശതമാനം വിലക്കിഴിവിൽ മരുന്നുകൾ വിതരണം ചെയ്യുന്നു. അതായത് 100 രൂപയുടെ മരുന്ന് 20 രൂപയ്ക്കാണ് ലഭിക്കുന്നത്. 1.25 ലക്ഷം രൂപയാണ് പാവപ്പെട്ടവർക്ക് ഇങ്ങനെ ലാഭിക്കാൻ സാധിക്കുന്നത്. കോൺഗ്രസ് നേതാക്കൾ പണം മോഷ്ടിക്കുന്ന തിരക്കിലായിരുന്നു. കഴിഞ്ഞ അഞ്ചു വർഷമായി കോൺഗ്രസ് എംഎൽഎമാർ ഒന്നും ചെയ്തില്ലെന്ന് അശോക് ഗെലോട്ട് തന്നെ സമ്മതിച്ചാണ്. രാജസ്ഥാനെ നശിപ്പിച്ച കോൺഗ്രസ് വീണ്ടും അധികാരത്തിൽ വരേണ്ടതുണ്ടോ’’– നരേന്ദ്ര മോദി ചോദിച്ചു. രാജസ്ഥാനിൽ കോൺഗ്രസിനെ രൂക്ഷമായി വിമർശിച്ചാണ് ബിജെപി പ്രചാരണം നടത്തുന്നത്.