ഗാനമേളയ്ക്ക് മുൻപ് പുറത്തു തടിച്ചുകൂടി വിദ്യാർഥികൾ, പിന്നീട് ഇരച്ചുകയറി; അപകടത്തിനു തൊട്ടുമുൻപുള്ള ദൃശ്യങ്ങള്‍- വിഡിയോ
Mail This Article
കൊച്ചി∙ കൊച്ചി ശാസ്ത്രസാങ്കേതിക സർവകലാശാലയിലെ (കുസാറ്റ്) സ്കൂൾ ഓഫ് എൻജിനീയറിങ്ങിന്റെ നേതൃത്വത്തിൽ നടത്തിയ ടെക്ഫെസ്റ്റിലെ ഗാനമേളയ്ക്കിടെ തിരക്കിലും പെട്ടുണ്ടായ അപകടത്തിനു തൊട്ടുമുൻപുള്ള ദൃശ്യങ്ങള്‍ പുറത്തുവന്നു. ഗാനമേള തുടങ്ങുന്നതിനു മുന്നോടിയായി വിദ്യാർഥികൾ പുറത്തു തടിച്ചുകൂടി നിൽക്കുന്നതാണ് ദൃശ്യങ്ങളിൽ.
ബോളിവുഡ് ഗായിക നികിത ഗാന്ധിയുടെ ഗാനസന്ധ്യയ്ക്ക് ഓപ്പൺ എയർ ഓഡിറ്റോറിയത്തിൽ കയറാനെത്തിയവരാണു തിക്കിലും തിരക്കിലുംപെട്ടത്. ഏഴു മണിക്കാണു ഗാനമേള തുടങ്ങാൻ നിശ്ചയിച്ചിരുന്നത്. ഇതിനിടെ മഴപെയ്തതോടെ വിദ്യാർഥികളുടെ തള്ളലിൽ ഗേറ്റ് തുറന്നപ്പോൾ പലരും വീണു.
ഗേറ്റു തുറക്കുന്നതു താഴേക്കു കുത്തനെയുള്ള പടികളിലേക്കായതിനാൽ തിക്കിലും തിരക്കിലും കൂടുതൽ പേർ വീണു. വീണവരെ ചവിട്ടി പിന്നിലുള്ളവരും വീണതോടെയാണ് സ്ഥിതി ഗുരുതരമായത്. തലയടിച്ചാണു പലരും വീണത്. അപകടത്തിൽ നാലു പേർ മരിക്കുകയും നിരവധി പേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു.
ക്രമീകരണത്തിലെ പാളിച്ച മൂലമാണ് അപകടമുണ്ടായതെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍. ഒരു കവാടത്തിലൂടെ മാത്രമാണ് വിദ്യാര്‍ഥികളെ ഓഡിറ്റോറിയത്തിലേക്ക് പ്രവേശിപ്പിച്ചത്. രണ്ടാമത്തെ കവാടം പരിപാടി അവതരിപ്പിക്കുന്നവര്‍ക്കായി മാത്രം ക്രമീകരിച്ചു. നിയന്ത്രണം പൂര്‍ണമായും ഏറ്റെടുത്തത് പരിപാടിയുടെ വൊളന്‍റിയര്‍മാറാണ്. ആറു പൊലീസുകാര്‍ മാത്രമാണ് സംഭവസ്ഥലത്ത് ഉണ്ടായിരുന്നത്. അപകടത്തില്‍പ്പെട്ടവരെ ആശുപത്രിയിലെത്തിക്കാനും ക്രമീകരണം ഉണ്ടായിരുന്നില്ല.