ഓട്ടോറിക്ഷയിൽ യുവതിക്കുനേരെ ഡ്രൈവറുടെ ലൈംഗികാതിക്രമം; റോഡിലേക്ക് തള്ളിയിട്ടു
Mail This Article
ബെംഗളൂരു∙ ഓട്ടോറിക്ഷാ ഡ്രൈവറിൽനിന്ന് പെൺസുഹൃത്തിന് ലൈംഗികാതിക്രമം നേരിടേണ്ടി വന്നുവെന്ന വെളിപ്പെടുത്തലുമായി യുവാവ്. റാപിഡോ ഓട്ടോ ഡ്രൈവറാണ് അതിക്രമം നടത്തിയതെന്നും എക്സ് പ്ലാറ്റ്‌ഫോമിലൂടെ യുവാവ് പറഞ്ഞു. മോശമായി സ്പർശിക്കുക മാത്രമല്ല, ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷയിൽ നിന്ന് തള്ളിയിട്ടുവെന്നും കുറിപ്പിൽ പറയുന്നു.
‘‘കഴിഞ്ഞ ദിവസം രാത്രി തന്റെ സുഹൃത്ത് റാപിഡോ ബൈക്ക് ആപ് ഓട്ടോ ഡ്രൈവറുടെ ലൈംഗികാതിക്രമത്തിന് ഇരയായി. മോശമായി സ്പർശിക്കാൻ തുടങ്ങിയപ്പോൾ യുവതി ചെറുത്തു. ഇതോടെ ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷയിൽ നിന്ന് പുറത്തേക്ക് തള്ളിയിട്ടു. പരാതിയുമായി റാപിഡോ അധികൃതരെ സമീപിച്ചു. എന്നാൽ ഓട്ടോ ഡ്രൈവറുടെ വിവരങ്ങൾ കൈമാറാൻ തയാറാകാതെ മാപ്പു പറയുക മാത്രമാണ് ചെയ്തത്. ഓട്ടോ ഡ്രൈവറെ കണ്ടെത്താൻ സഹായിക്കണം. യുവതി ചികിത്സയിലാണ്’’– യുവാവ് ട്വിറ്ററിൽ കുറിച്ചു.
കുറിപ്പ് വൻ ചർച്ചയായതോടെ കൃത്യമായ സ്ഥലവും വിവരങ്ങളും പങ്കുവയ്ക്കാൻ ബെംഗളൂരു സിറ്റി പൊലീസ് ആവശ്യപ്പെട്ടു. ബെംഗളൂരുവിൽ ഇതിന് മുൻപും പലതവണ ഓട്ടോറിക്ഷയിൽ സ്ത്രീകൾക്കുനേരെ അതിക്രമം ഉണ്ടായിട്ടുണ്ട്.