തുടർച്ചയായി ഹോൺ; വനപാതയിൽ ബസിനു നേരെ പാഞ്ഞടുത്ത് കാട്ടാന
Mail This Article
മേട്ടുപ്പാളയം ∙ വനപാതയിൽ ആനക്കൂട്ടത്തെക്കണ്ടു തുടർച്ചയായി ഹോൺ മുഴക്കിയ ബസിനു നേരെ പാഞ്ഞടുത്ത് കാട്ടാന. ഇന്നലെ രാവിലെ മഞ്ചൂരിൽനിന്നു കോയമ്പത്തൂരിലേക്കു സർക്കാർ ബസ് വരുന്നതിനിടെയാണു സംഭവം. ആനക്കൂട്ടം റോഡിൽ നിന്നു മാറാത്തതിനെ തുടർന്നു ബസ് ഡ്രൈവർ തുടർച്ചയായി ഹോൺ മുഴക്കി.
ഇതോടെ ആനകളിലൊന്നു ബസിനു മുന്നിലേക്ക് ഓടിയെത്തുകയായിരുന്നു. ഉടൻ ഡ്രൈവർ ബസ് പിന്നോട്ടു മാറ്റി നിർത്തിയിട്ടു. 10 മിനിറ്റോളം കാത്തുനിന്ന ശേഷം ആനക്കൂട്ടം റോഡിൽനിന്നു വനത്തിലേക്കു കയറിയതോടെയാണു ബസ് പുറപ്പെട്ടത്. കാരമടയിൽ നിന്നു മഞ്ചൂരിലേക്കുള്ള വനപാതയിലെ പില്ലൂർ, മുള്ളി ഭാഗങ്ങളിൽ റോഡരികിൽ ഒരാഴ്ചയായി കുട്ടിയാനയ്ക്കൊപ്പം 5 കാട്ടാനകളെ കാണുന്നതായി വനപാലകർ പറഞ്ഞു.
മേട്ടുപ്പാളയത്തുനിന്നു കൂനൂർ, കോത്തഗിരി വഴികളിലൂടെയാണു സാധാരണയായി നീലഗിരിയിലേക്കു യാത്ര ചെയ്യാനാവുക. കാരമടയിൽ നിന്നു മുള്ളി, മഞ്ചൂർ വഴി ഊട്ടിയിലേക്കു പോകാനാവും. എന്നാൽ, വനംവകുപ്പിന്റെ അനുമതി വേണം. നിലവിൽ കോയമ്പത്തൂർ നിന്നു മഞ്ചൂരിലേക്കുള്ള ബസ് സർവീസും മേട്ടുപ്പാളയം പില്ലൂർ ഡാം സർവീസും മാത്രമാണ് ഇതുവഴിയുള്ളത്.