‘എന്നെയും സംഘടനയെയും ലക്ഷ്യം വയ്ക്കുന്നു; ഈ അന്വേഷണം എങ്ങനെ മികവുറ്റതെന്നു പറയാനാകും? ഫോണ്‍ പിടിച്ചെടുത്തിട്ടില്ല’
Mail This Article
കൊല്ലം ∙ ഓയൂരില്‍ ആറുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ കേസില്‍ പൊലീസ്, തന്‍റെ ഫോണ്‍ കസ്റ്റഡിയിലെടുത്തിട്ടില്ലെന്ന് കുട്ടിയുടെ പിതാവ്. ആൾത്തിരക്കുള്ള ആശ്രാമം മൈതാനത്ത് കുഞ്ഞിനെ ഉപേക്ഷിച്ചയാളെ കണ്ടെത്താൻ കഴിയാത്ത അന്വേഷണം എങ്ങനെ മികവുറ്റതെന്നു പറയാൻ കഴിയുമെന്നും അദ്ദേഹം ചോദിച്ചു.
പൊലീസ് ആവശ്യപ്പെട്ട വിവരങ്ങളെല്ലാം കൈമാറിയിട്ടുണ്ട്. തന്നെയും സംഘടനയെയും ലക്ഷ്യം വയ്ക്കുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു. അന്വേഷണം തൃപ്തികരമല്ലെങ്കിൽ ഉന്നത ഏജൻസികൾ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിക്കുമെന്ന് നഴ്സുമാരുടെ സംഘടന അറിയിച്ചു.
കേസിൽ കൂടുതല്‍ രേഖാചിത്രങ്ങൾ പൊലീസ് പുറത്തുവിട്ടു. കുഞ്ഞിന്റെ മൊഴി പ്രകാരം ഒരു സ്ത്രീയുടെയും പുരുഷന്റെയും രേഖാചിത്രമാണ് തയാറാക്കിയത്. പ്രതികളെ കണ്ടെത്താന്‍ പത്തനംതിട്ട, തിരുവനന്തപുരം ജില്ലകള്‍ കേന്ദ്രീകരിച്ച് അന്വേഷണം തുടരുകയാണ്. കുട്ടിയുടെ അച്ഛന്റെ പത്തനംതിട്ടയിലെ താമസകേന്ദ്രത്തില്‍ ഉള്‍പ്പെടെ പൊലീസ് പരിശോധന നടത്തി. വിക്ടോറിയ ആശുപത്രിയിലായിരുന്ന കുഞ്ഞിനെ വീട്ടിലേക്ക് വിട്ടു.
വിവിധ കേസുകളിൽ ഉൾപ്പെട്ട നൂറിലധികം പേരുടെ ചിത്രങ്ങൾ പൊലീസ് ശേഖരിച്ചു. ഇവ ആശ്രാമം മൈതാനത്ത് ആദ്യമായി കുട്ടിയെ കണ്ട എസ്എൻ കോളജ് വിദ്യാർഥിനികളെ കാണിച്ചു. സ്ത്രീകളുടെ ചിത്രം ഇവര്‍ തിരിച്ചറിഞ്ഞതായി സൂചനയുണ്ട്. എന്നാൽ അന്വേഷണത്തിൽ ഇതുവരെ കാര്യമായ പുരോഗതിയില്ല.