പോസ്റ്റല്‍ ബാലറ്റ് പെട്ടി പൊട്ടിച്ച നിലയില്‍; തെലങ്കാനയില്‍ തര്‍ക്കം
Mail This Article
ഹൈദരാബാദ്∙ വോട്ടെണ്ണല്‍ ആരംഭിച്ചതിനു പിന്നാലെ തെലങ്കാനയിലെ ഇബ്രാഹിംപട്ടണം മണ്ഡലത്തില്‍ തര്‍ക്കം. പോസ്റ്റല്‍ വോട്ടുകള്‍ സൂക്ഷിച്ച പെട്ടി പൊട്ടിച്ച നിലയിലാണെന്നാണ് ആരോപണം. ഇതേത്തുടര്‍ന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫിസര്‍ക്ക് സ്ഥലത്ത് എത്താന്‍ നിര്‍ദേശം നല്‍കി. നാലു സംസ്ഥാനങ്ങളിലും പോസ്റ്റല്‍ വോട്ടുകള്‍ എണ്ണിത്തുടങ്ങി. കനത്ത സുരക്ഷയാണ് വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ ഒരുക്കിയിരിക്കുന്നത്.
എക്സിറ്റ് പോളുകള്‍ കോണ്‍ഗ്രസിന് മുന്‍തൂക്കം പ്രവചിച്ചതിനു പിന്നാലെ റിസോര്‍ട്ടുകള്‍ സജ്ജമാക്കിയെന്ന വാര്‍ത്തകളാണ് പുറത്തുവരുന്നത്. രാവിലെ ഹൈദരാബാദില്‍ എത്താന്‍ എല്ലാ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ക്കും നിര്‍ദേശം നല്‍കി. രാഹുല്‍ഗാന്ധി വിളിച്ചു ചേര്‍ത്ത ഓണ്‍ലൈന്‍ യോഗത്തില്‍ ഡി.കെ.ശിവകുമാറും തെലങ്കാനയിലെ നേതാക്കളും പങ്കെടുത്തു. തൂക്കുസഭയാണ് വരുന്നതെങ്കില്‍ ശിവകുമാറിന്റെ നേതൃത്വത്തില്‍ എംഎല്‍എമാരെ ഒരുമിച്ച് നിര്‍ത്താനാണ് പദ്ധതി.
ഹാട്രിക് തേടിയാണ് മുഖ്യമന്ത്രി കെ.ചന്ദ്രശേഖർ റാവുവും ബിആര്‍എസും പോരിനിറങ്ങുന്നത്. കെസിആറിന് പുറമെ രേവന്ത് റെഡ്ഡി, നലമണ്ട ഉത്തംകുമാര്‍ റെഡ്ഡി, അക്ബറുദ്ദീന്‍ ഒവൈസി, കെ.ടി.രാമറാവു, ബന്‍ഡി സഞ്ജയ് കുമാര്‍, മുഹമ്മദ് അസ്ഹറുദ്ദീന്‍, ഭട്ടി വിക്രമര്‍ക മല്ലു തുടങ്ങിയവരാണ് ജനവിധി കാത്തിരിക്കുന്നത്. പത്തുവര്‍ഷമായുള്ള ബിആര്‍എസ് ഭരണം മാറുമെന്ന ഉറച്ച വിശ്വാസമാണ് രേവന്ത് റെഡ്ഡിക്കും കൂട്ടര്‍ക്കുമുള്ളത്. കടുത്ത ഭരണവിരുദ്ധ വികാരം വോട്ടായി മാറുമെന്നും ഭരണം പിടിക്കുക ദുഷ്കരമാവില്ലെന്നും കോണ്‍ഗ്രസ് നേതൃത്വം പ്രതീക്ഷിക്കുന്നു.