കനത്ത മഴ, കൂരിരുട്ട്; പഠനയാത്രയ്ക്കിടെ ഒരു രാത്രി ഉൾവനത്തിൽ കുടുങ്ങിയ വിദ്യാർഥി സംഘത്തെ പുറത്തെത്തിച്ചു
Mail This Article
അച്ചൻകോവിൽ (കൊല്ലം) ∙ വനസഞ്ചാരത്തിനിടെ ഉൾവനത്തിൽ കുടുങ്ങിയ കരുനാഗപ്പള്ളിയിൽ നിന്നുള്ള 13 പെൺകുട്ടികൾ ഉൾപ്പെടുന്ന 34 അംഗ സ്കൗട്ട് സ്കൂൾ സ്റ്റുഡന്റ്സ് സംഘത്തെ പുറത്തെത്തിച്ചു. കരുനാഗപ്പള്ളിയിൽനിന്ന് പഠനയാത്രയ്ക്കു പോയ ക്ലാപ്പന സ്കൂളിലെ രണ്ട് അധ്യാപകരും 32 വിദ്യാർഥികളും ഉൾപ്പെടുന്ന സംഘമാണ് വനത്തിൽ കുടുങ്ങിയത്. മൂന്നു ദിവസത്തെ ക്യാംപിന്റെ അവസാന ദിവസമായ ഞായറാഴ്ച ക്രമീകരിച്ചിരുന്ന ട്രക്കിങ്ങിന്റെ ഭാഗമായാണ് ഇവർ വനത്തിലെത്തിയത്.
രാവിലെ വനത്തിൽ പ്രവേശിച്ച ഇവർ ഉച്ചയോടെ പുറത്തിറങ്ങേണ്ടതായിരുന്നു. ഇതിനിടെ അച്ചൻകോവിൽ വനമേഖലയിൽ കനത്ത മഴ പെയ്തതാണ് തിരിച്ചടിയായത്. ഇതോടെ ആദ്യത്തെ രണ്ടു മണിക്കൂറോളം ഇവർ സുരക്ഷിതമായ ഒരു സ്ഥലം കണ്ടെത്തി അവിടെയിരുന്നു. മുന്നോട്ടു പോകാൻ കഴിയാത്ത വിധം കനത്ത മഴ പെയ്തതോടെ ഇവർ വനത്തിൽ കുടുങ്ങി. അരുവികളിൽ വെള്ളം കൂടിയതും തിരിച്ചടിയായി. വൈകുന്നേരത്തോടെ മൂടൽമഞ്ഞു നിറഞ്ഞ് പിന്നാലെ ഇരുട്ടും വ്യാപിക്കുകയായിരുന്നുവെന്ന് അധ്യാപകർ പറഞ്ഞു.
കുംഭാവുരുട്ടി വനത്തിലെ കോട്ടവാസൽ ജണ്ടപ്പാറ ഭാഗത്താണ് ഇവർ ട്രക്കിങ്ങിനു പോയത്. വന്യമൃഗങ്ങളുടെ വിഹാര കേന്ദ്രമാണിവിടം. വിവരം വനപാലകർക്കു ലഭിച്ചതിനെ തുടർന്നു കൂടുതൽ സംഘവുമായി വനംവകുപ്പ് കാട്ടിൽ തിരിച്ചിൽ നടത്തിയെങ്കിലും രാത്രി വൈകിയും ഇവരെ കണ്ടെത്താനായിരുന്നില്ല. പ്രതികൂല കാലാവസ്ഥയും കനത്ത മൂടൽമഞ്ഞും കൂരിരുട്ടും കാരണം തിരച്ചിൽ രാത്രി നിർത്തി വച്ചിരുന്നു. സംഘം കോട്ടവാസൽ പുൽമേട് വനത്തിലെ ഒരു പാറപ്പുറത്ത് കൂട്ടത്തോടെ തങ്ങിയിരിക്കുകയിയിരുന്നുവെന്നാണ് സൂചന.
ഇന്നലെ വൈകിട്ട് 6 മണിയോടെയായിരുന്നു കുട്ടികൾ വനത്തിൽ കുടുങ്ങിയ വിവരം വനപാലകർ അറിഞ്ഞത്. പലരുടേയും മൊബൈൽ ഫോണുകൾ പ്രവർത്തനരഹിതമായതും തിരിച്ചടിയായി. കൂരിരുട്ടിൽ മൊബൈൽ ഫോണിന്റെ ടോർച്ച് ഉപയോഗിച്ചായിരുന്നു ഇവർ കാട്ടിൽ തുടർന്നത്. ഇന്നു പുലർച്ചെ തിരച്ചിൽ പുനരാരംഭിച്ച് അധികം വൈകാതെ ഇവരെ കണ്ടെത്തി പുറത്തെത്തിച്ചു.