ഐപിഎസ് ഉദ്യോഗസ്ഥയ്ക്കു നേരെ ലൈംഗിക അതിക്രമം: മുൻ ഡിജിപിക്ക് നിർബന്ധിത വിരമിക്കൽ
Mail This Article
ചെന്നൈ∙ ഐപിഎസ് ഉദ്യോഗസ്ഥയ്ക്കു നേരെ ലൈംഗിക അതിക്രമം നടത്തിയെന്ന കേസിലെ പ്രതിയായ മുൻ ഡിജിപി രാജേഷ് ദാസിനു നിർബന്ധിത വിരമിക്കൽ ശിക്ഷ. ഓൾ ഇന്ത്യ സർവീസസ് ചട്ടങ്ങളനുസരിച്ചു തമിഴ്നാട് സർക്കാർ രാജേഷ് ദാസിനു കാരണം കാണിക്കൽ നോട്ടിസ് നൽകിയിരുന്നു. ഇതിനു പിന്നാലെയാണ് ആഭ്യന്തര സെക്രട്ടറിയുടെ റിപ്പോർട്ട് അനുസരിച്ചു നിർബന്ധിത വിരമിക്കലിന് ഉത്തരവിട്ടത്.
സർവീസിൽ നിന്നു വിരമിക്കാൻ ഒരു മാസം കൂടി ബാക്കി നിൽക്കെയാണ് നടപടി. 2021 ഫെബ്രുവരിയിൽ, അന്നത്തെ മുഖ്യമന്ത്രി എടപ്പാടി കെ.പളനിസ്വാമിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സുരക്ഷ ഒരുക്കുന്നതിനിടെയാണു രാജേഷ് ദാസ് തന്റെ വാഹനത്തിൽ വനിതാ ഉദ്യോഗസ്ഥയ്ക്കു നേരെ അതിക്രമം നടത്തിയത്.
പരാതി നൽകരുതെന്ന് ആവശ്യപ്പെട്ട രാജേഷും മറ്റു ചില പൊലീസ് ഉദ്യോഗസ്ഥരും വനിതാ ഓഫിസറെ ഭീഷണിപ്പെടുത്തിയെങ്കിലും അവർ നേരിട്ടെത്തി അന്നത്തെ ഡിജിപിക്കു പരാതി കൈമാറി. കേസിൽ കുറ്റക്കാരനെന്നു തെളിഞ്ഞതോടെ പ്രത്യേക കോടതി രാജേഷ് ദാസിന് പിഴയും 3 വർഷം തടവും വിധിച്ചിരുന്നു.