ADVERTISEMENT

തൃശൂർ∙ മഞ്ചേശ്വരത്തുനിന്ന് ആരംഭിച്ച നവകേരള സദസുമായി ബന്ധപ്പെട്ട് ഇതുവരെ വൻ ജനക്കൂട്ടമാണ് എത്തിയതെങ്കിലും, ചിലരുടെ ക്യാമറകളിൽ ജനക്കൂട്ടത്തിന്റെ ദൃശ്യങ്ങൾ കാണുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആറു ജില്ലകളും അറുപത് നിയോജക മണ്ഡലങ്ങളും പിന്നിട്ടാണ് നവകേരള സദസ് ഇന്ന് തൃശൂർ ജില്ലയിലേക്ക് കടക്കുന്നത്. 16 ദിവസത്തെ പര്യടനം പൂർത്തിയായി. മഞ്ചേശ്വരം മുതൽ പാലക്കാട് ജില്ലയിലെ അവസാന കേന്ദ്രമായ തരൂർ മണ്ഡലത്തിലെ വടക്കഞ്ചേരി വരെ അഭൂതപൂർവമായ  ജനക്കൂട്ടമാണ് എത്തിയത്. നേരിട്ട് എത്താൻ കഴിയാത്തവർ വഴിയോരങ്ങളിൽ കാത്തുനിന്ന് ഈ യാത്രയെ അഭിവാദ്യം ചെയ്യുകയാണെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ഇത് ആർക്കും എതിരായ പരിപാടിയില്ലെന്നും എല്ലാവരെയും ഉൾക്കൊള്ളുന്ന ഒന്നാണെന്നും അദ്ദേഹം അവകാശപ്പെട്ടു. തൃശൂരിൽ മാധ്യമങ്ങളെ കാണുമ്പോഴാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്.

‘‘എൽഡിഎഫ് സർക്കാർ അധികാരത്തിലെത്തിയശേഷം തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളെ അസ്ഥിരപ്പെടുത്തുന്ന നടപടികളാണ് സ്വീകരിച്ചു കൊണ്ടിരിക്കുന്നത് എന്ന ആരോപണമാണ് ഉന്നയിച്ച്ു കേട്ടത്. 14 ജില്ലാ കൗൺസിലുകൾ ഒറ്റയടിക്കു പിരിച്ചുവിട്ട് അധികാര വികേന്ദ്രീകരണത്തിന്റെ കഴുത്തിൽ കത്തിവച്ചവരാണ് ഇത് പറയുന്നത്. കേരളത്തിലെ അധികാര വികേന്ദ്രീകരണത്തിന്റെ ചരിത്രവും അതിനെ തുരങ്കം വയ്ക്കാൻ നോക്കിയവരും ആരാണെന്നും ഞാൻ ഇവിടെ വിശദീകരിക്കാൻ ആഗ്രഹിക്കുന്നില്ല. 

‘‘നവകേരള സദസ് നടത്തിപ്പിനാവശ്യമായ തുകയിൽ ഒരു ചെറിയ വിഹിതം തദ്ദേശ സ്വയംഭരണസ്ഥാപനങ്ങൾ നൽകുന്നതുമായി ബന്ധപ്പെട്ടാണ് മറ്റൊരു പ്രചാരണം. നവകേരള സദസ് സംസ്ഥാന സർക്കാരും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും സംയുക്തമായി നടത്തുന്ന ഔദ്യോഗിക പരിപാടിയാണ്. സ്വാഭാവികമായും സംഘാടനത്തിന്റെ  ഭാഗമായിട്ടുള്ള തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് നവകേരള സദസിന് ആവശ്യമായ ചെലവിൽ  വിഹിതം നൽകുന്നതിന് സർക്കാർ അനുമതി ആവശ്യമാണ്. നവകേരള സദസ് മുൻ മാതൃകകൾ ഇല്ലാത്ത ഒരു പരിപാടിയാണ്. അതുകൊണ്ടുതന്നെ മുൻകൂട്ടി പഞ്ചായത്ത് രാജ് നിയമത്തിൽ മുൻസിപ്പാലിറ്റി നിയമത്തിലോ ഇത്തരമൊരു പരിപാടിയെക്കുറിച്ച് സൂചിപ്പിച്ചിട്ടില്ല. തദ്ദേശ സ്വയംഭരണസ്ഥാപനങ്ങൾ കൂടി ഏറ്റെടുത്തു നടത്തുന്ന ഈ പരിപാടിയുടെ വിജയത്തിനായുള്ള അനുമതിയാണ് സർക്കാർ നൽകിയത്. അതിനു പരിധിയും  നിശ്ചയിച്ചിട്ടുണ്ട്.

‘‘ആദ്യം പണം നൽകുന്നതിനു തീരുമാനിച്ച ഒരു നഗരസഭ പിന്നീട് ഇതിനെതിരെ കോടതിയിൽ പോകുന്ന സാഹചര്യമുണ്ടായി. അത് പ്രതിപക്ഷ നേതാവിന്റെ പ്രേരണ മൂലമാണെന്നാണ് മനസ്സിലാക്കുന്നത്.  ആ ഉത്തരവ് റദ്ദാക്കുന്നതിനുള്ള യാതൊരു നടപടിയും കോടതി സ്വീകരിച്ചില്ല. ഇതിനെയാണു നവകേരള സദസ്സിനു വേണ്ടിയുള്ള പിരിവെന്നു പറയുന്നത്. നിരവധി യുഡിഎഫ് എംഎൽഎമാർ വിവിധ പരിപാടികൾക്കു വേണ്ടി തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളുടെ തുക ഉപയോഗിക്കുന്നതിനുള്ള അനുമതി ആവശ്യപ്പെട്ട് സർക്കാരിനെ സമീപിച്ചിട്ടുണ്ട്. പലതിനും അനുമതി നൽകിയിട്ടുമുണ്ട്. സർക്കാരും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും യോജിച്ചു നടപ്പാക്കുന്ന ഒരു പരിപാടിയിൽ പണം ചെലവഴിക്കേണ്ടത് തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ ഉത്തരവാദിത്വമാണ് എന്നത് വിസ്മരിക്കരുത്.

സ്വന്തം അനുഭവങ്ങൾ മറന്ന് ജനം നുണകളുടെ പിന്നാലെ പോകില്ല. യുഡിഎഫ് എംഎൽഎമാർ ബഹിഷ്കരിച്ച മണ്ഡലങ്ങളിൽ റെക്കോർഡ് സൃഷ്ടിച്ച് ഒഴുകിയെത്തുന്ന സദസാണ് ഇതിനു തെളിവ്. ഈ ജനങ്ങൾക്കു മുന്നിൽ ഒരു വ്യാജ ആക്ഷേപവും വിലപ്പോകില്ല എന്നു മാത്രം ഓർമ്മിപ്പിക്കുന്നു. പാലക്കാട് ജില്ലയിൽ മൂന്നു ദിവസത്തെ നവകേരള സദസ് ഞായറാഴ്ച സമാപിച്ചപ്പോൾ 12 നിയമസഭാ മണ്ഡലങ്ങളിൽ നിന്നായി ആകെ ലഭിച്ചത് 61,204 നിവേദനങ്ങളാണ്. ആദ്യദിനം ലഭിച്ചത് 15,753 നിവേദനങ്ങളും രണ്ടാം ദിവസം 22,745ഉം മൂന്നാം ദിവസം 22,706 നിവേദനങ്ങളുമാണ് ലഭിച്ചത്. 

മലമ്പുഴ -7067, പാലക്കാട് - 5281, നെന്മാറ - 6536, ആലത്തൂർ - 6664, ഷൊർണൂർ - 3424, ഒറ്റപ്പാലം - 4506, തരൂർ - 4525, ചിറ്റൂർ - 4981, മണ്ണാർകാട് - 5885, കോങ്ങാട് - 4512, പട്ടാമ്പി-3404, തൃത്താല - 4419 എന്നിങ്ങനെയാണു മണ്ഡലം തിരിച്ചുള്ള കണക്ക്.

English Summary:

Unprecedented Crowds at Navakerala Sadas Highlight Inclusive Politics, Says CM Pinarayi Vijayan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com