ദലിതനായതിനാൽ ആർഎസ്എസ് ആസ്ഥാനത്തെ മ്യൂസിയത്തിൽ പ്രവേശിപ്പിച്ചില്ല: ആരോപണവുമായി ബിജെപി മുൻമന്ത്രി
Mail This Article
ബെംഗളൂരു ∙ ദലിതനെന്ന കാരണത്താൽ നാഗ്പൂർ ആർഎസ്എസ് ആസ്ഥാനത്തെ ഹെഡ്ഗേവാർ മ്യൂസിയത്തിൽ പ്രവേശനം നിഷേധിക്കപ്പെട്ടെന്ന് ബിജെപി മുൻ മന്ത്രി ഗൂളിഹട്ടി ശേഖർ ആരോപിച്ചു. നിയമസഭാ തിരഞ്ഞെടുപ്പു പ്രഖ്യാപിക്കുന്നതിനും 3 മാസം മുൻപാണ് സംഭവം. മ്യൂസിയത്തിൽ പ്രവേശിക്കുന്നതിനു മുന്നോടിയായി വ്യക്തിപരമായി വിവരങ്ങൾ റജിസ്റ്ററിൽ കുറിച്ചിരുന്നു. തുടർന്ന് താൻ ദലിതനായതിനാൽ പ്രവേശനം അനുവദിക്കില്ലെന്ന് സുരക്ഷാ ജീവനക്കാർ അറിയിക്കുകയായിരുന്നു.
അതേസമയം, ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കളായ മോഹൻ വൈദ്യ, മഞ്ജു എന്നിവർക്കു പ്രവേശനം നൽകി. ഇതിനു വിശദീകരണം നൽകാൻ ബിജെപിയുടെ സംഘടനാ ചുമതലയുള്ള ദേശീയ ജനറൽ സെക്രട്ടറി ബി.എൽ.സന്തോഷിനോട് ശേഖർ സമൂഹമാധ്യമത്തിൽ പങ്കുവച്ച വിഡിയോയിലൂടെ ആവശ്യപ്പെടുന്നുണ്ട്. ബിജെപി സീറ്റ് നൽകാത്തതിനെ തുടർന്ന് നിയമസഭാ തിരഞ്ഞെടുപ്പിനു തൊട്ടുമുൻപ് ഏപ്രിലിൽ ഹൊസ്ദുർഗിൽ നിന്നുള്ള എംഎൽഎ സ്ഥാനം ശേഖർ രാജിവച്ചിരുന്നു.