ഒഡിഷയിൽ വമ്പൻ റെയ്ഡുമായി ആദായനികുതിവകുപ്പ്; കണക്കിൽപ്പെടാത്ത 200 കോടി രൂപ പിടിച്ചെടുത്തു
Mail This Article
ഭുവനേശ്വർ∙ ഒഡിഷയിൽ മദ്യനിർമാണ കമ്പനിയിൽ ആദായനികുതി വകുപ്പ് നടത്തിയ റെയ്ഡിൽ കണക്കിൽപ്പെടാത്ത 200 കോടിയിലേറെ രൂപ കണ്ടെടുത്തു. ഇക്കഴിഞ്ഞ ബുധനാഴ്ച ആരംഭിച്ച റെയ്ഡ് ഇനിയും പൂർത്തിയാക്കാനായിട്ടില്ല. ഇതുവരെയായി 200 കോടിയോളം രൂപയാണ് എണ്ണിത്തിട്ടപ്പെടുത്താനായത്. പരിശോധനകൾ പൂർത്തിയാകുമ്പോഴേക്കും 250 കോടിയോളം കടക്കുമെന്നാണ് ഉദ്യോഗസ്ഥർ നൽകുന്ന സൂചന.
ബൗദ് ഡിസ്റ്റിലറി പ്രൈവറ്റ് കമ്പനിയിൽ നടത്തിയ റെയ്ഡിലാണ് അലമാരയിൽ നിന്നും കെട്ടുകളായി സൂക്ഷിച്ചിരുന്ന പണം പിടിച്ചെടുത്തത്. ഒഡിഷയിലെ ഏറ്റവും വലിയ മദ്യ നിർമാണ കമ്പനിയിലാണ് പരിശോധന. ഇവ മൂന്നു ഡസനോളം നോട്ടെണ്ണൽ യന്ത്രങ്ങൾ ഉപയോഗിച്ചാണ് എണ്ണുന്നത്. ഇതിനിടെ യന്ത്രം കേടാകുന്നതടക്കമുള്ള പ്രതിസന്ധി ഉദ്യോഗസ്ഥർ നേരിടുകയാണ്. ലോറികളിലാണ് എസ്ബിഐയിലേക്ക് പണം എണ്ണുന്നതിനായി എത്തിച്ചത്. നിലവിൽ വളരെ പരിമിതമായാണ് പണമെണ്ണുന്നത് പുരോഗമിക്കുന്നത്. ജാർഖണ്ഡിൽ നിന്നുള്ള കോൺഗ്രസ് രാജ്യസഭാ എംപി ധീരജ് പ്രസാദ് സാഹുവുമായി ബന്ധപ്പെട്ടുള്ളതാണ് മദ്യനിർമാണ ശാല. എംപിയുമായി ബന്ധപ്പെട്ടുള്ള മറ്റുസ്ഥലങ്ങളിലും റെയ്ഡ് പുരോഗമിക്കുകയാണ്. സംബലപുർ, സുന്ദർഗഡ്, ജാർഖണ്ഡ്, കൊൽക്കത്ത എന്നിവിടങ്ങളിലും റെയ്ഡിൽ പണം കണ്ടെത്തിയിരുന്നു.
ഇതിനിടെ റെയ്ഡിൽ കോൺഗ്രസിനെതിരെ പ്രതികരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയും രംഗത്തെത്തി. കോൺഗ്രസ് എംപി സാഹുവുമായി ബന്ധപ്പെട്ട സ്ഥലത്തുനിന്നാണ് പണം കണ്ടെത്തിയതെന്ന് പ്രധാനമന്ത്രി കുറ്റപ്പെടുത്തി. ‘‘ഈ നോട്ടുകെട്ടുകൾ ജനങ്ങൾ കാണുക. എന്നിട്ട് ആത്മാർഥതയോടെ അവരുടെ നേതാക്കളുടെ വാക്കുകൾ കേൾക്കുക. ജനങ്ങളിൽ നിന്ന് കൊള്ളയടിച്ച ഒരോ ചില്ലിക്കാശും തിരിച്ചു നൽകേണ്ടിവരും. ഇത് മോദിയുടെ ഉറപ്പാണ്’’– മോദി എക്സ് പോസ്റ്റ് ചെയ്തു. ഇതുമായി ബന്ധപ്പെട്ട് ധീരജ് പ്രസാദ് എംപി പ്രതികരിക്കാൻ വിസമ്മതിച്ചതായാണ് റിപ്പോർട്ട്.