‘അടുത്ത 30 വർഷം ബിജെപിക്കെതിരെ പോരാടും; ദേശീയ സുരക്ഷ ഒരു ലോഗിൻ പോർട്ടലിലാണോ?’
Mail This Article
ന്യൂഡൽഹി∙ എത്തിക്സ് കമ്മറ്റി എല്ലാ നിയമങ്ങളും ലംഘിച്ചെന്ന് ചോദ്യത്തിന് കോഴ ആരോപണത്തിൽ ലോക്സഭയിൽനിന്ന് പുറത്താക്കപ്പെട്ട് തൃണമൂൽ എംപി മഹുവ മൊയ്ത്ര. ‘‘കമ്മറ്റി എല്ലാ നിയമങ്ങളും ലംഘിച്ചു. നാളെ എന്നെ ദ്രോഹിക്കുന്നതിനായി സിബിഐയെ വീട്ടിലേക്ക് അയയ്ക്കും’’–സഭയിൽനിന്ന് പുറത്തിറങ്ങിയ ശേഷം മഹുവ മാധ്യമങ്ങളോടു പറഞ്ഞു. എത്തിക്സ് കമ്മറ്റി നടപടിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്ന് മഹുവ വ്യക്തമാക്കി.
പുറത്താക്കലിലൂടെ തന്റെ നാവടക്കാനാവില്ലെന്നും നരേന്ദ്ര മോദിക്കെതിരെ ഇനിയും പ്രതികരിക്കുമെന്നും മഹുവ അറിയിച്ചു. മഹുവയുടേത് ഗുരുതര കുറ്റമാണെന്നു കണ്ടെത്തിയ എത്തിക്സ് കമ്മിറ്റിയുടെ റിപ്പോര്‍ട്ട് ലോക്സഭ ശബ്ദവോട്ടോടെ പാസാക്കുകയായിരുന്നു. തെളിവുകൾ ഇല്ലാതെയാണ് കങ്കാരു കോടതി തനിക്കെതിരെ ശിക്ഷ വിധിച്ചതെന്നും മഹുവ പറഞ്ഞു.
‘‘എനിക്കിപ്പോൾ 49 വയസ്സായി. അടുത്ത് 30 വർഷം പാർലമെന്റിന് അകത്തും പുറത്തും തെരുവിലും എല്ലായിടത്തും ബിജെപിക്കെതിരെ പോരാടും. ദേശീയ സുരക്ഷ ഒരു ലോഗിൻ പോർട്ടലിലാണോ? അദാനി നമ്മുടെ തുറമുഖങ്ങളും വിമാനത്താവളങ്ങളും എല്ലാം വാങ്ങുകയാണ്. അയാളുടെ ഓഹരികളിലെ പങ്കാളികളെല്ലാം വിദേശ നിക്ഷേപകരാണ്. കേന്ദ്രമന്ത്രാലയമാകട്ടെ അവർക്ക് എല്ലാ അടിസ്ഥാന സൗകര്യങ്ങളും വാങ്ങാൻ സഹായം ചെയ്തു നൽകുന്നു’’– മഹുവ പറഞ്ഞു.
പാർലമെന്ററി കമ്മറ്റിയുടെ ആയുധമായി ലോക്സഭയും മാറിയെന്നും മഹുവ കുറ്റപ്പെടുത്തി. ഒരു വനിത എംപിയെ നിശബ്ദയാക്കാൻ ഏതറ്റം വരെ പോകുമെന്ന് ഈ നടപടികളിലൂടെ മനസ്സിലായെന്നും മഹുവ വ്യക്തമാക്കി. ചോദ്യത്തിന് കോഴ വിവാദത്തിൽ എത്തിക്സ് കമ്മറ്റി ശുപാർശ അംഗീകരിച്ച്, തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്രയെ ഇന്ന് ലോക്സഭയിൽനിന്ന് പുറത്താക്കി. മഹുവയ്‌ക്കെതിരായ എത്തിക്സ് കമ്മറ്റി റിപ്പോർട്ട് ലോക്സഭയിൽ ചർച്ചയ്ക്കു വച്ച ശേഷമായിരുന്നു പുറത്താക്കൽ.