‘അവനെതിരെ ഇതുവരെ ഒരു കേസും ഇല്ല; വലിയ പിടിപാടുള്ള ആരോ ഇതിലേക്ക് വലിച്ചിട്ടതാണ്’
Mail This Article
ലക്നൗ ∙ പാർലമെന്റിൽ കഴിഞ്ഞ ദിവസം നടന്ന അക്രമ സംഭവത്തിലേക്കു വലിയ സ്ഥാനത്തിരിക്കുന്ന ആരോ സാഗർ ശർമയെ വലിച്ചിട്ടതാണെന്ന് ഇയാളുടെ ബന്ധു. വലിയ ഗൂഢാലോചനയുടെ ഭാഗമായാണ് സാഗറിനെ ഇതിൽ ഉൾപ്പെടുത്തിയത്. അയാൾക്ക് ഇത്തരത്തിലുള്ള എന്തെങ്കിലും പ്രവൃത്തി ചെയ്തതായുള്ള മുൻകാല ചരിത്രമില്ല. സർക്കാർ നടപ്പാക്കുന്ന നല്ല പ്രവർത്തനങ്ങളിൽ ഏറെ സന്തുഷ്ടനായിരുന്നെന്നും ഭരണകക്ഷിക്ക് വോട്ട് ചെയ്യുമെന്ന് പറയാറുണ്ടായിരുന്നുവെന്നും അമ്മാവൻ പ്രദീപ് ശർമ പറഞ്ഞു.
‘‘എന്തുകൊണ്ടാണ് അവൻ ഇത് ചെയ്തതെന്ന് എനിക്കറിയില്ല. അവന് ക്രിമിനൽ പശ്ചാത്തലമുണ്ടായിരുന്നെങ്കിൽ, ലോക്കൽ പൊലീസ് സ്റ്റേഷനിൽ എന്തെങ്കിലും ക്രിമിനൽ റെക്കോർഡ് ഉണ്ടാകണമായിരുന്നു. ആരോ അവനെ സ്വാധീനിച്ചതാവാനാണ് സാധ്യത. വർഷങ്ങളായി ലക്നൗവിലാണ് താമസിക്കുന്നത്. പൊലീസ് സ്റ്റേഷനിൽ അവനെതിരെ ഒരു കേസും ഇതുവരെ ഇല്ല’ - അദ്ദേഹം പറഞ്ഞു.
ബുധനാഴ്ച സന്ദർശക ഗാലറിയിൽനിന്നും ലോക്സഭാ ചേംബറിലേക്കു ചാടിയ രണ്ടുപേരിൽ ഒരാളാണ് 27കാരനായ സാഗർ ശർമ. ഉത്തർപ്രദേശിലെ ലക്നൗ സ്വദേശിയാണിയാൾ. മൈസൂരുവിൽനിന്നുള്ള ഡി.മനോരഞ്ജനാണ് രണ്ടാമത്തെയാൾ 2001ൽ നടന്ന പാർലമെന്റ് ആക്രമണത്തിന്റെ വാർഷികദിനം കൂടിയായിരുന്നു ഇന്നലെ. മൈസൂരുവില്‍നിന്നുള്ള ബിജെപി എംപി പ്രതാപ് സിംഹയുടെ പേരുള്ള സന്ദര്‍ശക പാസുമായാണ് ഇവർ ലോക്സഭയിൽ പ്രവേശിച്ചത്.
ഇന്ന് രാവിലെ ലോക്സഭ സമ്മേളിച്ചെങ്കിലും പ്രതിപക്ഷ അംഗങ്ങൾ പ്രതിഷേധ മുദ്രാവാക്യം ഉയർത്തിയതോടെ പിരിച്ചുവിട്ടു.