ADVERTISEMENT

ന്യൂഡൽഹി ∙ പാർലമെന്റിലെ പുകയാക്രമണത്തിന്റെ മുഖ്യ സൂത്രധാരനെന്നു കരുതുന്ന ലളിത് ഝാ നിർണായക തെളിവുകൾ നശിപ്പിച്ചിരിക്കാമെന്ന ആശങ്കയിൽ അന്വേഷണ ഏജൻസികൾ. പാർലമെന്റിൽ ആക്രമണത്തിനായി എത്തിയ പ്രതികളുടെ എല്ലാവരുടെയും മൊബൈൽ‌ ഫോൺ ഇയാളാണു സൂക്ഷിച്ചിരുന്നത്. തെളിവുകൾ ഇല്ലാതാക്കാനായി ഈ ഫോണുകൾ കത്തിച്ചു കളഞ്ഞിട്ടുണ്ടാകാമെന്നു ഡൽഹി പൊലീസ് വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു.

ഒളിവിലായിരുന്ന ലളിത് ഝാ കഴിഞ്ഞദിവസം രാത്രിയിലാണു കീഴടങ്ങിയത്. ആക്രമണത്തിന്‍റെ മുഖ്യ ആസൂത്രകന്‍ ബംഗാള്‍ സ്വദേശിയും അധ്യാപകനുമായ ലളിത് ഝായാണെന്നു പൊലീസ് പറയുന്നു. സംഭവ സമയത്ത് ഇയാൾ പാര്‍ലമെന്‍റിനു പുറത്തുണ്ടായിരുന്നെന്നും ആക്രമണത്തിന്‍റെ വിഡിയോ ചിത്രീകരിച്ചെന്നും പൊലീസ് വെളിപ്പെടുത്തി. ദൃശ്യങ്ങൾ ഇയാൾ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തു. ഒപ്പം, കൊൽക്കത്ത കേന്ദ്രീകരിച്ചുള്ള എൻജിഒയ്ക്ക് അയച്ചു കൊടുത്തു. മാധ്യമങ്ങളിൽ ആക്രമണദൃശ്യങ്ങൾ ഉറപ്പാക്കാനായിരുന്നു ഇതെല്ലാം. പിന്നാലെ സ്ഥലത്തുനിന്നു കടന്നുകളയുകയായിരുന്നു.

രാജ്യം ഞെട്ടി നിൽക്കുമ്പോൾ, രാജസ്ഥാനിലെ നഗൗറിലേക്കു പോയ ലളിത് രണ്ടു സുഹൃത്തുക്കൾക്കൊപ്പമാണു താമസിച്ചത്. വ്യാഴാഴ്ച വൈകിട്ട് മഹേഷ് എന്നയാൾക്കൊപ്പം കീഴടങ്ങാനായി ഡൽഹിയിൽ തിരിച്ചെത്തി. സെൻട്രൽ ഡൽഹിയിലെ സ്റ്റേഷനിലെ കീഴടങ്ങിയ ലളിതിനെ അറസ്റ്റ് ചെയ്ത് സ്പെഷൽ സെല്ലിനു പൊലീസ് കൈമാറി. മൊബൈൽ ഫോൺ കത്തിച്ചു കളഞ്ഞെന്ന ഇയാളുടെ മൊഴി വിശദമായ അന്വേഷണത്തിലേ സ്ഥിരീകരിക്കാനാകൂ എന്നാണു പൊലീസ് പറയുന്നത്. ലളിതിനൊപ്പം ഡൽഹിയിലെത്തിയ മഹേഷിനും ആക്രമണത്തെപ്പറ്റി മുഴുവൻ വിവരങ്ങളും അറിയാമായിരുന്നെന്നാണു നിഗമനം.

ഗാലറിയിൽനിന്നു ലോക്സഭയിലേക്കു ചാടിയ മനോരഞ്ജൻ, സാഗർ ശർമ, പുറത്തു പ്രതിഷേധിച്ച നീലം ദേവി, അമോൽ ഷിൻഡെ എന്നിവരെ എ‍ൻഐഎ പ്രത്യേക കോടതി ഒരാഴ്ചത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. ഗൂഢാലോചന നടത്തിയ വിശാൽ ശർമയെയും അറസ്റ്റ് ചെയ്തിരുന്നു. പാർലമെന്റിലും പരിസരങ്ങളിലും കനത്ത സുരക്ഷ ഏർപ്പെടുത്തി. ഉദ്യോഗസ്ഥരെ അടക്കം ഷൂസ് അഴിപ്പിച്ചു പരിശോധിച്ചാണു കടത്തിവിടുന്നത്. പാർലമെന്റിൽ കയറിയ സാഗർ ശർമയും മനോരഞ്ജനും ധരിച്ച ഷൂസ് ലക്നൗവിൽനിന്നും പുകക്കുറ്റി മുംബൈയിൽനിന്നും  വാങ്ങിയതാണെന്നു പൊലീസ് കണ്ടെത്തി. 

English Summary:

Lalit Jha, Parliament Breach Planner, May Have Burned Key Evidence: Sources

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com