ADVERTISEMENT

ന്യൂഡൽഹി ∙ പാർലമെന്റിലെ പുകയാക്രമണത്തെച്ചൊല്ലി ഭരണ–പ്രതിപക്ഷ അംഗങ്ങൾ തമ്മിൽ വാക്പോര് കടുത്തു. സംഭവത്തില്‍ മുഖ്യ സൂത്രധാരനെന്നു കരുതുന്ന ലളിത് ഝാ തൃണമൂൽ കോൺഗ്രസ് നേതാവിനൊപ്പം നിൽക്കുന്ന ചിത്രം പുറത്തുവിട്ടാണു ബിജെപി പ്രതിരോധം തീർത്തത്. പുകയാക്രമണം എന്തിനെന്നതിനെപ്പറ്റി പുകമറ തുടരുമ്പോഴാണു പ്രതിപക്ഷത്തിനെതിരെ ആരോപണങ്ങളെന്നതു ശ്രദ്ധേയം.

‌പ്രതി ലളിത് ഝാ തൃണമൂൽ കോൺഗ്രസ് നേതാവും എംഎൽഎയുമായ തപസ് റോയ്‌ക്കൊപ്പം എടുത്ത സെൽഫി ബംഗാൾ ബിജെപി അധ്യക്ഷൻ ഡോ. സുകാന്തോ മജുംദാർ ആണു എക്സിൽ പങ്കുവച്ചത്. ‘‘നമ്മുടെ ജനാധിപത്യത്തിന്റെ ശ്രീകോവിലിനെ ആക്രമിച്ചതിലെ സൂത്രധാരനായ ലളിത് ഝായ്ക്ക്, തൃണമൂലിന്റെ തപസ് റോയ്‍‌യുമായി ദീർഘകാലത്തെ അടുപ്പമുണ്ട്. ഇതിൽപ്പരം തെളിവെന്താണു വേണ്ടത്?’’– ചിത്രങ്ങൾ പങ്കുവച്ചുള്ള പോസ്റ്റിൽ മജുംദാർ കുറിച്ചു.

മജുംദാറിന്റെ പോസ്റ്റിലെ കാര്യങ്ങൾ ബിജെപി ഐടി സെൽ മേധാവി അമിത് മാളവ്യയും എക്സിൽ പങ്കുവച്ചു. പുകയാക്രമണത്തിൽ കോൺഗ്രസിനും സിപിഐയ്ക്കും (മാവോയിസ്റ്റ്) ഇപ്പോൾ തൃണമൂലിനും പങ്കുണ്ടെന്നു കണ്ടെത്തിയതായി അദ്ദേഹം ആരോപിച്ചു. ആഭ്യന്തര പരാജയങ്ങളാണു പാർലമെന്റിൽ ഗുരുതര സുരക്ഷാവീഴ്ചയ്ക്കു കാരണമെന്നു തൃണമൂൽ തിരിച്ചടിച്ചു. പ്രതികളായ രണ്ടുപേർക്കു ലോക്സഭയിലേക്കുള്ള പാസ് ശുപാർശ ചെയ്തതു മൈസൂരുവിൽനിന്നുള്ള ബിജെപി എംപി പ്രതാപ് സിംഹയുടെ ഓഫിസാണ്.

ഗാലറിയിൽനിന്നു ലോക്സഭയിലേക്കു ചാടിയ മനോരഞ്ജൻ, സാഗർ ശർമ, പുറത്തു പ്രതിഷേധിച്ച നീലം ദേവി, അമോൽ ഷിൻഡെ എന്നിവരെ എ‍ൻഐഎ പ്രത്യേക കോടതി ഒരാഴ്ചത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. ഗൂഢാലോചന നടത്തിയ വിശാൽ ശർമയെയും അറസ്റ്റ് ചെയ്തിരുന്നു. ലളിത് ഝാ വ്യാഴാഴ്ച രാത്രിയോടെയാണു കീഴടങ്ങിയത്. പുകയാക്രമണം നടത്തിയതിനു പിന്നിൽ മാസങ്ങൾ നീണ്ട കൃത്യമായ ആസൂത്രണമുണ്ടെന്നു ഡൽഹി പൊലീസ് റിമാൻഡ് റിപ്പോർട്ടിൽ വ്യക്തമാക്കി.

സുരക്ഷാവീഴ്ചയുടെ പേരിൽ പാർലമെന്റിൽ പ്രതിഷേധം കടുത്തപ്പോൾ 14 പ്രതിപക്ഷ എംപിമാരെ സഭയിൽനിന്നു പുറത്താക്കിയിരുന്നു. കേരളത്തിൽനിന്നുള്ള 6 എംപിമാരടക്കം ലോക്സഭയിൽനിന്ന് 13 പേരെയും രാജ്യസഭയിൽനിന്ന് ഒരാളെയുമാണ് സസ്പെൻഡ് ചെയ്തത്. ഈ സമ്മേളനം തീരുന്ന 22 വരെയാണ് നടപടി. കൂടുതൽ എംപിമാർക്കെതിരെ നടപടി വന്നേക്കുമെന്നും സൂചനയുണ്ട്.

English Summary:

"Proof Enough...": BJP Posts Parliament Accused's Selfie With Trinamool MLA

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com