ശബരിമല: വരുമാനത്തിൽ കോടികളുടെ കുറവ്; കഴിഞ്ഞ വർഷം 154 കോടി, ഇത്തവണ 134.44 കോടി
Mail This Article
ശബരിമല ∙ തിരക്കും വകുപ്പുകളുടെ ഏകോപനമില്ലായ്മയും മൂലം സുഗമദർശനം സാധ്യമാവുന്നില്ലെന്ന ആക്ഷേപങ്ങൾക്കിടെ ശബരിമലയിലെ വരുമാനത്തിൽ കോടികളുടെ കുറവ്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഇതുവരെ 20.33 കോടിയുടെ കുറവുണ്ട്. തീർഥാടനത്തിനായി നട തുറന്ന ശേഷമുള്ള 28 ദിവസത്തെ ആകെ വരുമാനം 134.44 കോടിയാണ്. കഴിഞ്ഞ വർഷം ഇത് 154.77 കോടിയായിരുന്നു.
അരവണ വിറ്റുവരവിൽ 11.84 കോടി, അപ്പം വിറ്റുവരവിൽ 44.49 ലക്ഷം, കാണിക്ക ഇനത്തിൽ 4.65 കോടി രൂപയുടെയും കുറവുണ്ട്. ഇത്തവണത്തെ വരുമാനം, കഴിഞ്ഞവർഷത്തേത് ബ്രാക്കറ്റിൽ: അരവണ വിറ്റുവരവ്– 61.92 കോടി (73.75 കോടി), അപ്പം വിറ്റുവരവ്– 8.99 കോടി (11.84 കോടി). കാണിക്ക 41.80 കോടി (46.45 കോടി). തീർഥാടകർക്കു താമസ സൗകര്യത്തിനുള്ള മുറി വാടക ഇനത്തിൽ 34.16 ലക്ഷം (33.92 ലക്ഷം), വഴിപാട് (ഓൺലൈൻ ബുക്കിങ്): 71.46 ലക്ഷം (1.14 കോടി).
തിരക്കു വർധിക്കുമ്പോൾ സംഭവിക്കുന്ന കാര്യങ്ങൾ മാത്രമാണു ശബരിമലയിൽ ഉണ്ടായതെന്നും നിയന്ത്രണാതീതമായ കാര്യങ്ങളൊന്നും ഇപ്പോഴില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ശബരിമലയിൽ പിശകുപറ്റിയതായി ദേവസ്വം ബോർഡ് പ്രസിഡന്റ് പറഞ്ഞിട്ടില്ലെന്നും അവിടത്തെ കാര്യങ്ങൾ വിശദീകരിക്കുക മാത്രമാണ് അദ്ദേഹം ചെയ്തതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.