പാർലമെന്റ് അതിക്രമക്കേസ്; പുകയാക്രമണം പുനഃസൃഷ്ടിക്കും, പ്രതികളുടെ ഫോണുകൾ കണ്ടെത്താനും ശ്രമം
Mail This Article
ന്യൂഡൽഹി∙ പാർലമെന്റിലെ പുകയാക്രണം പുനഃസൃഷ്ടിക്കാൻ ഡൽഹി പൊലീസിന്റെ പ്രത്യേക അന്വേഷണ വിഭാഗം. പ്രതികളുടെ തെളിവെടുപ്പിന്റെ ഭാഗമായിട്ടാണ് പുകയാക്രമണം പുനഃസൃഷ്ടിക്കുക. നാളെയോ, മറ്റന്നാളോ ആയിട്ടാകും പ്രതികളുടെ തെളിവെടുപ്പ്. ഇവർ എങ്ങനെ പാർലമെന്റിനുള്ളിലേക്കു പുകകുറ്റികളുമായി കടന്നെന്ന് ഉൾപ്പെടെയുള്ള കാര്യങ്ങൾ അറിയുന്നതിനായാണിത്. പാർലമെന്റ് ഗേറ്റ് മുതലുള്ള സംഭവങ്ങളാണ് പുനഃസൃഷ്ടിക്കുന്നത്. പ്രതി വിശാൽ ശർമയുടെ ഗുരുഗ്രാമിലെ വീട്ടിൽ തെളിവെടുപ്പിനെത്തിക്കും.
പ്രതികളുടെ മൊബൈൽ ഫോണുകൾ കണ്ടെത്താനുള്ള ശ്രമവും അന്വേഷണ സംഘത്തിന്റെ നേതൃത്വത്തിൽ പുരോഗമിക്കുകയാണ്. നിലവിൽ 50 നമ്പരുകൾ പൊലീസിന്റെ നിരീക്ഷണത്തിലാണ്. പ്രതികൾ കഴിഞ്ഞ 15 ദിവസത്തിനിടെ വിളിച്ച ഫോൺ നമ്പരുകളാണ് നിരീക്ഷണത്തിലുള്ളത്. അറസ്റ്റിലായ നാലു പ്രതികളുടെയും മൊബൈൽ ലളിത് ഝാ വാങ്ങിയെന്നു പൊലീസ് പറഞ്ഞു. ഇന്നലെ കീഴടങ്ങിയ ലളിത് ഝായെ ചോദ്യംചെയ്യുന്നത് പുരോഗമിക്കുകയാണ്. പ്രതികൾ ബുധനാഴ്ച ഡൽഹി സദർ ബസാറിൽനിന്നു ദേശീയപതാക വാങ്ങിയിരുന്നു. പ്രതികൾ പാസ് വാങ്ങിയത് എംപിയുടെ പഴ്‌സനൽ അസിസ്റ്റന്റിന്റെ കൈയിൽനിന്നാണെന്നും പൊലീസ് പറഞ്ഞു.
ലളിത് ഝായ്‌ക്ക് പിന്നാലെ രണ്ടുപേർ കൂടെ പ്രത്യേക സെല്ലിന്റെ പിടിയിലായി. മഹേഷ്, കൈലാഷ് എന്നവരാണ് പിടിയിലായത്. ഇവർ രാജസ്ഥാൻ സ്വദേശികളാണ്. മഹേഷ് ആക്രമണത്തിന്റെ ഭാഗമാകാൻ ആഗ്രഹിച്ചിരുന്നു. എന്നാൽ വീട്ടുകാർ എതിർത്തതിനാൽ പിന്മാറുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. ഇവർ ജസ്റ്റിസ് ഫോർ ആസാദ് ഭഗത് സിങ് കൂട്ടായ്‌മയിൽ ആകൃഷ്‌ടരാകുകയായിരുന്നു. ആദ്യം പിടിയിലായ നാലുപേരെ ഏഴുദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽവിട്ടു. കൂടുതൽ അറസ്റ്റ് ഉടൻ ഉണ്ടാകുമെന്നാണ് സൂചന.
ലളിത് ഝായുടെ നിർദേശ പ്രകാരമാണ് പാർലമെന്റ് ആക്രമണത്തിന്റെ 22–ാം വർഷികദിനമായ ഡിസംബർ 13ന് അക്രമം നടത്താൻ തീരുമാനിച്ചതെന്നാണു പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായത്. പാർലമെന്റിനു പുറത്ത് പുകക്കുറ്റി തുറന്നു പ്രതിഷേധിക്കുന്നതിന്റെ ദൃശ്യങ്ങൾ പകർത്തി സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തത് ലളിത് ഝാ ആയിരുന്നു. അതീവ സുരക്ഷാ സന്നാഹങ്ങൾ മറികടന്നു പുതിയ പാർലമെന്റ് മന്ദിരത്തിൽ കയറിയ ഇവർ സഭ സമ്മേളിക്കവേ സന്ദർശക ഗാലറിയിൽനിന്നു സഭവയുടെ തളത്തിലേക്കു ചാടി മുദ്രാവാക്യം വിളിക്കുകയും നിറമുള്ള പുക ചീറ്റുന്ന കുറ്റി വലിച്ചുതുറന്ന് എറിയാൻ ശ്രമിക്കുകയുമായിരുന്നു. എംപിമായും സുരക്ഷാ ഉദ്യോഗസ്ഥരും ചേർന്നാണ് പ്രതികളെ പിടികൂടിയത്.