ADVERTISEMENT

ആള്‍ക്കൂട്ടത്തെ ഊര്‍ജമാക്കി ആറു പതിറ്റാണ്ടു കേരള രാഷ്ട്രീയത്തില്‍ നിറഞ്ഞുനിന്ന നേതാവ് ഉമ്മന്‍ ചാണ്ടി, 19 ഭാഷകളിലായി പതിനായിരത്തിലേറെ പാട്ടുകള്‍ പാടിയ വേറിട്ട ശബ്ദത്തിന്റെ ഉടമ വാണി ജയറാം, ആധുനിക ഇന്ത്യന്‍ സര്‍ക്കസിന്റെ കുലപതി ജെമിനി ശങ്കരന്‍, നാവിന്‍തുമ്പില്‍ നര്‍മം പുരട്ടി സിനിമയെയും ജീവിതത്തെയും ഒരുപോലെ പ്രസാദാത്മകമാക്കിയ ഇന്നസന്റ്, നര്‍മം ചാലിച്ച കോഴിക്കോടന്‍ മൊഴിയിലൂടെ മലയാളക്കരയുടെ ഖല്‍ബ് കവര്‍ന്ന മാമുക്കോയ, യുഎസിലെ ഏറ്റവും ശ്രദ്ധേയനായ നയതന്ത്രജ്ഞനും നൊബേല്‍ സമാധാന സമ്മാന ജേതാവുമായ ഡോ. ഹെൻറി കിസിഞ്ജര്‍, കനമുള്ള വാക്കും കര്‍ശനനിലപാടുമായി സിപിഐയെ നയിച്ച കാനം രാജേന്ദ്രന്‍, സുപ്രീംകോടതിയിലെ ആദ്യ വനിതാ ജഡ്ജിയും ഗവർണർ സ്ഥാനത്തെത്തുന്ന ആദ്യ മലയാളി വനിതയുമായ ജസ്റ്റിസ് എം.ഫാത്തിമ ബീവി തുടങ്ങി ഭരണ, രാഷ്ട്രീയ, സാംസ്‌കാരിക, കലാ, കായിക, വ്യാവസായിക രംഗത്തെ പ്രമുഖരില്‍ ചിലര്‍ ഈ വര്‍ഷം നമ്മോടു വിടപറഞ്ഞു. വിട പറഞ്ഞ പ്രമുഖരിലൂടെ...

ശരദ് യാദവ് (PTI Photo by Manvender Vashist / File)
ശരദ് യാദവ് (PTI Photo by Manvender Vashist / File)

∙ ശരദ് യാദവ്

അഞ്ചു പതിറ്റാണ്ട് ദേശീയ രാഷ്ട്രീയത്തില്‍ നിര്‍ണായക സ്ഥാനം അലങ്കരിച്ച സോഷ്യലിസ്റ്റ് നേതാവും മുന്‍കേന്ദ്രമന്ത്രിയും ആര്‍ജെഡി നേതാവുമായ ശരദ് യാദവ് (75) ജനുവരി 12ന് അന്തരിച്ചു. 7 തവണ ലോക്‌സഭാംഗവും 4 തവണ രാജ്യസഭാംഗവുമായിരുന്ന ശരദ് യാദവ് 1989-90, 1999-04 കാലഘട്ടങ്ങളില്‍ കേന്ദ്രമന്ത്രിയുമായി. 1989ല്‍ വി.പി.സിങ് സര്‍ക്കാരില്‍ ടെക്‌സ്‌റ്റൈല്‍സ്, ഭക്ഷ്യസംസ്‌കരണ വകുപ്പുകളും 1999ലെ വാജ്‌പേയി സര്‍ക്കാരില്‍ വ്യോമയാന, തൊഴില്‍, ഭക്ഷ്യ പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പും കൈകാര്യം ചെയ്തു. 33 വര്‍ഷം പാര്‍ലമെന്റ് അംഗമായി. അടിയന്തരാവസ്ഥയ്‌ക്കെതിരെ ജയപ്രകാശ് നാരായണനൊപ്പം പ്രവര്‍ത്തിച്ചാണു രാഷ്ട്രീയ പ്രവര്‍ത്തനത്തിനു തുടക്കം. സോഷ്യലിസ്റ്റ് ആശയങ്ങളിലൂന്നി കോണ്‍ഗ്രസ് വിരുദ്ധ രാഷ്ട്രീയത്തിലൂടെയാണു വളര്‍ന്നത്. ലോക്ദളില്‍നിന്നു വി.പി.സിങ്ങിനൊപ്പം 1988ല്‍ ജനതാദള്‍ രൂപീകരണത്തില്‍ പങ്കാളിയായി. പിന്നീട് ജനതാദള്‍ യുണൈറ്റഡിലെത്തി. പത്തു വര്‍ഷം (2006-16) ജനതാദള്‍ (യു) ദേശീയ അധ്യക്ഷ പദവി വഹിച്ചു. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം നടത്തിയെന്ന ആരോപണത്തെ തുടര്‍ന്ന് 2017 ല്‍ രാജ്യസഭാംഗത്വം നഷ്ടമായി. നിതീഷ് കുമാര്‍ ബിഹാറില്‍ ബിജെപിയുമായി സഖ്യം ചേര്‍ന്നതില്‍ പ്രതിഷേധിച്ച് 2018ല്‍ പാര്‍ട്ടി വിട്ട് ലോക്താന്ത്രിക് ജനതാദള്‍ (എല്‍ജെഡി) രൂപീകരിച്ചു. എല്‍ജെഡി കഴിഞ്ഞ വര്‍ഷം ലാലു പ്രസാദ് യാദവിന്റെ ആര്‍ജെഡിയില്‍ ലയിച്ചു. മധ്യപ്രദേശ്, ബിഹാര്‍, ഉത്തര്‍ പ്രദേശ് എന്നിവിടങ്ങളില്‍ നിന്നാണ് ഏഴുതവണ ലോക്‌സഭയിലെത്തിയത്.

Vani Jayaram

∙ വാണി ജയറാം

19 ഭാഷകളിലായി പതിനായിരത്തിലേറെ പാട്ടുകള്‍ പാടിയ വേറിട്ട ശബ്ദത്തിന്റെ ഉടമ വാണി ജയറാം (77) ഫെബ്രുവരി 4ന് വിടവാങ്ങി. ചെന്നൈ നുങ്കംപാക്കത്തെ ഫ്ലാറ്റില്‍ തനിച്ചു താമസിച്ചിരുന്ന അവരെ വിവാഹ വാര്‍ഷിക ദിനത്തില്‍ നെറ്റിയില്‍ മുറിവുകളോടെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. 1973ല്‍ 'സ്വപ്നം' എന്ന ചിത്രത്തിനുവേണ്ടി സലില്‍ ചൗധരി ഈണമിട്ട 'സൗരയൂഥത്തില്‍ വിടര്‍ന്നൊരു' എന്ന ഗാനത്തിലൂടെ മലയാളിമനസ്സില്‍ ഇടംപിടിച്ച വാണി ജയറാം മലയാളത്തില്‍ മാത്രം 625 പാട്ടുകള്‍ പാടി. ഏറെക്കാലം മലയാളസിനിമയില്‍നിന്ന് അകന്നുനിന്നശേഷം 2013ല്‍ '1983' എന്ന ചിത്രത്തില്‍ ജയചന്ദ്രനൊപ്പം 'ഓലഞ്ഞാലിക്കുരുവി' എന്ന ഗാനം പാടി മടങ്ങിയെത്തി. മികച്ച ഗായികയ്ക്കുള്ള ദേശീയ പുരസ്‌കാരം തമിഴ്, തെലുങ്ക് ഗാനങ്ങള്‍ക്ക് 3 തവണ സ്വന്തമാക്കി. തമിഴ്‌നാട്ടിലെ വെല്ലൂരില്‍ ദൊരൈസ്വാമിയുടെയും പത്മാവതിയുടെയും മകളായി ജനിച്ച കലൈവാണി മറാത്തി നാടകഗാനങ്ങളാണു പാടിത്തുടങ്ങിയത്. 1970ല്‍ 'ഗുഡ്ഡി' എന്ന ഹിന്ദി ചലച്ചിത്രത്തില്‍ വസന്ത് ദേശായി ഈണമിട്ട 3 ഗാനങ്ങളും ഹിറ്റായതോടെ ദേശീയശ്രദ്ധ നേടി.

പർവേസ് മുഷറഫ് ദുബായിൽ നടത്തിയ വാർത്താസമ്മേളനത്തിനിടെ. 2013 മാർച്ച് 23ലെ ചിത്രം. (REUTERS/Mohammad Abu Omar)
പർവേസ് മുഷറഫ് ദുബായിൽ നടത്തിയ വാർത്താസമ്മേളനത്തിനിടെ. 2013 മാർച്ച് 23ലെ ചിത്രം. (REUTERS/Mohammad Abu Omar)

∙  പര്‍വേസ് മുഷറഫ്

പാക്കിസ്ഥാന്‍ മുന്‍ പ്രസിഡന്റ് ജനറല്‍ പര്‍വേസ് മുഷറഫ് (79) ഫെബ്രുവരി 5ന് അന്തരിച്ചു. നാഡീവ്യൂഹത്തെ തളര്‍ത്തുന്ന ആമുലോയ്‌ഡോസിസ് എന്ന അപൂര്‍വരോഗം ബാധിച്ച് ചികിത്സയിലായിരുന്നു. പാക്ക് മുന്‍ പ്രധാനമന്ത്രി ബേനസീര്‍ ഭൂട്ടോയുടെ വധത്തിനു കാരണമായ സുരക്ഷാവീഴ്ച ഉള്‍പ്പെടെ ഒട്ടേറെ കേസുകള്‍ നേരിടുന്ന മുഷറഫ് 2016 മാര്‍ച്ചില്‍ ചികിത്സയ്ക്കു ദുബായിലെത്തിയശേഷം മടങ്ങിയിരുന്നില്ല. മുഷറഫ് പട്ടാളമേധാവി ആയിരിക്കെയാണ് 1999 ജൂലൈയില്‍ പാക്ക് സൈന്യം കാര്‍ഗിലില്‍ കയ്യേറ്റം നടത്തിയത്. 1999 ഒക്ടോബറില്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിനെ പുറത്താക്കി അധികാരം പിടിച്ചെടുത്ത മുഷറഫ് 2001 വരെ സമ്പൂര്‍ണമേധാവിയായി പട്ടാളഭരണത്തിനു നേതൃത്വം നല്‍കി. 2001 ജൂണില്‍ കരസേനാ മേധാവി സ്ഥാനം നിലനിര്‍ത്തിക്കൊണ്ടുതന്നെ പ്രസിഡന്റായി. 2008 ഫെബ്രുവരിയിലെ തിരഞ്ഞെടുപ്പില്‍ പാക്കിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടി വിജയിച്ചതിനു പിന്നാലെ ഇംപീച്‌മെന്റിനു നീക്കം തുടങ്ങിയതോടെ മുഷറഫ് സ്ഥാനമൊഴിഞ്ഞു.

ഹാൻസ് മോദ്രോ
ഹാൻസ് മോദ്രോ

∙ ഹാന്‍സ് മോദ്രോ

ജര്‍മനിയുടെ പുനരേകീകരണത്തിനു വഴിതുറന്ന ജനാധിപത്യ പരിഷ്‌കാരങ്ങള്‍ക്കു മേല്‍നോട്ടം വഹിച്ച കിഴക്കന്‍ ജര്‍മനിയുടെ അവസാനത്തെ കമ്യുണിസ്റ്റ് പ്രധാനമന്ത്രി ഹാന്‍സ് മോദ്രോ (95) ഫെബ്രുവരി 15ന് അന്തരിച്ചു. 28 വര്‍ഷം കിഴക്കന്‍, പടിഞ്ഞാറന്‍ ജര്‍മനികളെ വേര്‍തിരിച്ച ബര്‍ലിന്‍ മതില്‍ തുറന്ന് 4 ദിവസത്തിനുശേഷം 1989 നവംബര്‍ 13ന് കിഴക്കന്‍ ജര്‍മനിയെ ജനാധിപത്യ രാഷ്ട്രമാക്കുമെന്ന വാഗ്ദാനവുമായി മോദ്രോ പ്രധാനമന്ത്രിയായി. 1990 മാര്‍ച്ചില്‍ രാജ്യത്ത് ആദ്യമായി നടത്തിയ സ്വതന്ത്ര തിരഞ്ഞെടുപ്പില്‍ മോദ്രോ പരാജയപ്പെട്ടെങ്കിലും അദ്ദേഹം തുടങ്ങിവച്ച പരിഷ്‌കാരങ്ങള്‍ വിജയത്തിലെത്തുകയും ഒക്ടോബറില്‍ ഇരു ജര്‍മനികളും ഒന്നാകുകയും ചെയ്തു. 1990-94ല്‍ ജര്‍മന്‍ പാര്‍ലമെന്റിലും 1999-2004ല്‍ യൂറോപ്യന്‍ പാര്‍ലമെന്റിലും അംഗമായിരുന്നു. 

∙ തുളസീദാസ് ബലറാം

ഇതിഹാസ താരങ്ങളായ പി.കെ. ബാനര്‍ജി, ചുനി ഗോസ്വാമി എന്നിവര്‍ക്കൊപ്പം ഇന്ത്യന്‍ ഫുട്‌ബോളിലെ ത്രിമൂര്‍ത്തികളില്‍ ഒരാളായി അറിയപ്പെട്ടിരുന്ന തുളസീദാസ് ബലറാം (86) ഫെബ്രവരി 16ന് അന്തരിച്ചു. 1956 മെല്‍ബണ്‍ ഒളിംപിക്‌സില്‍ 4-ാം സ്ഥാനം നേടിയ ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമംഗമായിരുന്നു. ഇന്ത്യന്‍ ഫുട്‌ബോളിന്റെ സുവര്‍ണകാലമായി വിലയിരുത്തപ്പെടുന്ന 1950-60കളില്‍ തിളങ്ങിനിന്ന താരമായിരുന്നു സെന്റര്‍ ഫോര്‍വേഡായും ലെഫ്റ്റ് വിങ്ങറായും കളിച്ചിട്ടുള്ള ബലറാം. 1962 ജക്കാര്‍ത്ത ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണം നേടിയ ഇന്ത്യന്‍ ടീമംഗമായിരുന്ന ബലറാമിന് അതേവര്‍ഷം അര്‍ജുന അവാര്‍ഡും ലഭിച്ചു. തമിഴ്‌നാട്ടില്‍നിന്ന് കുടിയേറിയ തുളസീദാസ് കാളിദാസിന്റെയും മുത്തമ്മയുടെയും മകനായി സെക്കന്തരാബാദില്‍ ജനിച്ച ബലറാം ഗോളടി മികവിനൊപ്പം ഡ്രിബ്ലിങ്ങിലും പാസിങ്ങിലും മികവു തെളിയിച്ചു. 1960 റോം ഒളിംപിക്‌സിലെ ബലറാമിന്റെ പ്രകടനം  ശ്രദ്ധ നേടി. പെറു, ഹംഗറി, ഫ്രാന്‍സ് എന്നിവ ഉള്‍പ്പെട്ട മരണഗ്രൂപ്പില്‍ നിന്ന് ഇന്ത്യന്‍ ടീമിനു മുന്നേറാനായില്ലെങ്കിലും ഗോളടിച്ചു ശോഭിക്കാന്‍ ബലറാമിനു സാധിച്ചു. ഹംഗറിക്കെതിരെ 2-1നു തോറ്റ മത്സരത്തില്‍ ഇന്ത്യയുടെ ഏകഗോള്‍ ബലറാമിന്റേതായിരുന്നു. പെറുവിനെതിരെയും ബലറാം ഗോള്‍ നേടി. 1956 മുതല്‍ 1962 വരെ 6 വര്‍ഷം മാത്രമേ രാജ്യാന്തര ഫുട്‌ബോളില്‍ തുടരാന്‍ ബലറാമിനു സാധിച്ചുള്ളൂ. 27-ാം വയസ്സില്‍ ക്ഷയരോഗബാധിതനായതോടെ കളിയില്‍നിന്നു വിരമിച്ചു. 

ഡോ. ജിയാങ് യാന്‍യോങ് (CHINA OUT / REUTERS/Stringer / File)
ഡോ. ജിയാങ് യാന്‍യോങ് (CHINA OUT / REUTERS/Stringer / File)

∙ ഡോ. ജിയാങ് യാന്‍യോങ്

ചൈനയില്‍ 2003 ല്‍ സാര്‍സ് രോഗം പടരുന്ന വിവരം പുറത്തുവിട്ടതിന്റെ പേരില്‍ വീട്ടുതടങ്കലിലായിരുന്ന ഡോ. ജിയാങ് യാന്‍യോങ് (91) മാര്‍ച്ച് 11ന് അന്തരിച്ചു. സാര്‍സ് (ശ്വാസകോശ ഫ്‌ലു) പടരുന്ന കാര്യം സര്‍ക്കാര്‍ മറച്ചുവച്ചിരുന്നു. ഏതാനും പേര്‍ എന്നാണ് ആരോഗ്യമന്ത്രി ഷാങ് വെന്‍കാങ് പറഞ്ഞത്. എന്നാല്‍ 60 പേരെ ഡോ. ജിയാങ് തന്നെ കണ്ടുമുട്ടി. ഇതില്‍ 7 പേര്‍ മരിച്ചു. ഡോക്ടറുടെ ഉത്തരവാദിത്തം രോഗിയോടാണെന്ന് ഉറച്ചുവിശ്വസിച്ചിരുന്ന അദ്ദേഹം പ്രത്യാഘാതം ഭയക്കാതെ ഇക്കാര്യം സൂചിപ്പിച്ച് മന്ത്രിക്ക് കത്തയച്ചു. ഈ കത്ത് ചൈനീസ് മാധ്യമങ്ങള്‍ക്കും നല്‍കിയെങ്കിലും ഭയംമൂലം ആരും റിപ്പോര്‍ട്ട് ചെയ്തില്ല. പാശ്ചാത്യ മാധ്യമങ്ങളിലൂടെ കത്തിലെ വിവരം പുറത്തുവന്നതോടെ സര്‍ക്കാരിന്റെ കള്ളി പൊളിഞ്ഞു. രാജ്യാന്തര സമ്മര്‍ദത്തെ തുടര്‍ന്ന് നടപടികള്‍ സ്വീകരിക്കേണ്ടിവന്നു. ആരോഗ്യമന്ത്രിയും ബെയ്ജിങ് മേയറും രാജിവച്ചു. ഇതോടെ ഡോ. ജിയാങ് നായക പരിവേഷം നേടി. എന്നാല്‍ അദ്ദേഹം സര്‍ക്കാരിന്റെ കണ്ണിലെ കരടായി. 2004 മുതല്‍ അദ്ദേഹത്തെയും ഭാര്യ ഹുവ ഷോങ്‌വെയിയെയും വീട്ടുതടങ്കലിലാക്കി. 2004 ല്‍ മഗ്‌സസെ അവാര്‍ഡും അടുത്തവര്‍ഷം ന്യൂയോര്‍ക്ക് അക്കാദമി ഓഫ് സയന്‍സ് അവാര്‍ഡും ലഭിച്ചെങ്കിലും സ്വീകരിക്കാന്‍ അനുമതി നല്‍കിയില്ല.

ജെമിനി ശങ്കരന്‍ (File Photo: Manorama)
ജെമിനി ശങ്കരന്‍ (File Photo: Manorama)

∙ ജെമിനി ശങ്കരന്‍

ആധുനിക ഇന്ത്യന്‍ സര്‍ക്കസിന്റെ കുലപതിയും ജെമിനി, ജംബോ, ഗ്രേറ്റ് റോയല്‍ സര്‍ക്കസുകളുടെ ഉടമയുമായിരുന്ന ജെമിനി ശങ്കരന്‍ എന്ന മൂര്‍ക്കോത്ത് വേങ്ങക്കണ്ടി ശങ്കരന്‍ (എം.വി.ശങ്കരന്‍-99) ഏപ്രില്‍ 23ന് അന്തരിച്ചു. ഇന്ത്യന്‍ സര്‍ക്കസിനെ ലോക ശ്രദ്ധയില്‍ കൊണ്ടു വന്നവരില്‍ പ്രമുഖനായിരുന്നു അദ്ദേഹം, തലശ്ശേരിക്കടുത്ത് കൊളശ്ശേരിയില്‍ കവിണിശ്ശേരി രാമന്‍ നായരുടെയും മുര്‍ക്കോത്ത് കല്യാണി അമ്മയുടെയും മകനായി 1924 ജൂണ്‍ 13നാണ് ജനിച്ചത്. ഏഴാം ക്ലാസ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ശേഷം തലശ്ശേരി കീലേരി കുഞ്ഞിക്കണ്ണന്റെ കീഴില്‍ 3 വര്‍ഷം സര്‍ക്കസ് പഠിച്ചു. സര്‍ക്കസ് ജീവിതമാര്‍ഗമാക്കാന്‍ ശ്രമിക്കാതെ രണ്ടു വര്‍ഷത്തോളം പലചരക്കു കച്ചവടം നടത്തിയെങ്കിലും നഷ്ടത്തെ തുടര്‍ന്നു കടപൂട്ടി. പിന്നീട് പട്ടാളത്തില്‍ ചേര്‍ന്ന ശങ്കരന്‍ രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം വിരമിച്ചു. മനസ്സില്‍നിന്നു മായാത്ത സര്‍ക്കസ് സ്വപ്നങ്ങളുമായി 1946ല്‍ അദ്ദേഹം തലശ്ശേരിയില്‍ തിരിച്ചെത്തി. എന്നാല്‍ സര്‍ക്കസ് ഗുരുവായ കുഞ്ഞിക്കണ്ണന്‍ അപ്പോഴേക്കും മരിച്ചിരുന്നു. പിന്നീട് എം.കെ.രാമനാണ് തുടര്‍പരിശീലനം നല്‍കിയത്. രണ്ടുവര്‍ഷത്തിനു ശേഷം കൊല്‍ക്കത്തയിലെത്തി ബോസ് ലയണ്‍ സര്‍ക്കസില്‍ ട്രപ്പീസ് കളിക്കാരനായി ചേര്‍ന്നു. പിന്നീട് നാഷനല്‍ സര്‍ക്കസില്‍. ഹൊറിസോണ്ടല്‍ ബാര്‍, ഫ്‌ലയിങ് ട്രപ്പീസ് തുടങ്ങിയ ഇനങ്ങളില്‍ വിദഗ്ധനായിരുന്നു ശങ്കരന്‍. റെയ്മന്‍ സര്‍ക്കസിലും അദ്ദേഹം ഏറെ നാള്‍ ജോലിചെയ്തു. 1951ല്‍ വിജയ സര്‍ക്കസ് കമ്പനി ആറായിരം രൂപയ്ക്കു വാങ്ങി. അതിന് തന്റെ ജന്മരാശിയായ ജെമിനി എന്നു പേരിട്ടു. 1951ഓഗസ്റ്റ് 15ന് ഗുജറാത്തിലെ ബില്ലിമോറയിലായിരുന്നു ആദ്യ പ്രദര്‍ശനം. 1977 ഒക്ടോബര്‍ രണ്ടിന് അദ്ദേഹം രണ്ടാമത്തെ സര്‍ക്കസ് കമ്പനിയായ ജംബോ സര്‍ക്കസ് ആരംഭിച്ചു. പിന്നീട് ഗ്രേറ്റ് റോയലും. സര്‍ക്കസിന് നല്‍കിയ സമഗ്രസംഭാവനയെ മാനിച്ച് കേന്ദ്രസര്‍ക്കാര്‍ അദ്ദേഹത്തിന് ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ് നല്‍കിയിരുന്നു.

പ്രകാശ് സിങ് ബാദൽ (Photo by NARINDER NANU / AFP)
പ്രകാശ് സിങ് ബാദൽ (Photo by NARINDER NANU / AFP)

∙ പ്രകാശ് സിങ് ബാദല്‍

പഞ്ചാബ് മുന്‍മുഖ്യമന്ത്രിയും ശിരോമണി അകാലിദളിന്റെ മുതിര്‍ന്ന നേതാവുമായ പ്രകാശ് സിങ് ബാദല്‍ (95) ഏപ്രില്‍ 25ന് വിടവാങ്ങി. 5 തവണയായി 19 വര്‍ഷം പഞ്ചാബ് മുഖ്യമന്ത്രിയായിരുന്നു. 3 തവണ പഞ്ചാബ് നിയമസഭയില്‍ പ്രതിപക്ഷനേതാവും മൊറാര്‍ജി ദേശായി മന്ത്രിസഭയില്‍ 84 ദിവസം കൃഷിമന്ത്രിയുമായിരുന്നു. 1927 ഡിസംബര്‍ 8ന് മുക്ത്‌സറിലാണു ജനനം. 20-ാം വയസ്സില്‍ ഗ്രാമമുഖ്യനായി തിരഞ്ഞെടുക്കപ്പെട്ടു. 1957ല്‍ കോണ്‍ഗ്രസ് ടിക്കറ്റിലാണ് ആദ്യം എംഎല്‍എയായത്. 1970 മാര്‍ച്ച് 27നു 42-ാം വയസ്സില്‍ മുഖ്യമന്ത്രിയായി സ്ഥാനമേറ്റു. ബിജെപിയുമായി അകാലിദള്‍ തിരഞ്ഞെടുപ്പ് സഖ്യമുണ്ടാക്കിയത് 1995ല്‍ പ്രകാശ് സിങ് ബാദല്‍ പ്രസിഡന്റായ ശേഷമാണ്. 1997ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഈ സഖ്യം വിജയിച്ചു. 2007 മുതല്‍ 2017ല്‍ കോണ്‍ഗ്രസിനോടു പരാജയപ്പെടും വരെ മുഖ്യമന്ത്രിയായി തുടര്‍ന്നു. 2018ല്‍  മകന്‍ സുഖ്ബിര്‍ സിങ് ബാദലിനു പാര്‍ട്ടിനേതൃത്വം കൈമാറി. കാല്‍നൂറ്റാണ്ടോളം തുടര്‍ന്ന അകാലിദള്‍-ബിജെപി സഖ്യം, മോദി സര്‍ക്കാരിന്റെ വിവാദ കൃഷിനിയമത്തിനെതിരെ പ്രതിഷേധിച്ച് 2020 സെപ്റ്റംബറില്‍ ബാദല്‍ അവസാനിപ്പിച്ചു. തനിക്കു ലഭിച്ച പത്മവിഭൂഷണ്‍ തിരിച്ചേല്‍പിക്കുകയും ചെയ്തു. 2020ലെ തിരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ഥി ഗുര്‍മീത് സിങ്ങിനോടു പരാജയപ്പെട്ടു. 13 നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ മത്സരിച്ച ബാദല്‍, 11ലും ജയിച്ചു.

ഹാരി ബെലഫോന്റെ (Photo: REUTERS/Fiorenzo Maffi / File)
ഹാരി ബെലഫോന്റെ (Photo: REUTERS/Fiorenzo Maffi / File)

∙ ഹാരി ബെലഫോന്റെ

കരീബിയന്‍ വംശ വേരുകളെ പാട്ടിലേക്കു പടര്‍ത്തി അപൂര്‍വ സംഗീത യുഗം സൃഷ്ടിച്ച ആഫ്രിക്കന്‍-അമേരിക്കന്‍ പോപ് ഇതിഹാസം ഹാരി ബെലഫോന്റെ (96) ഏപ്രില്‍ 25ന് അന്തരിച്ചു. പാട്ടുകാരനായും സിനിമാനടനായും പ്രശസ്തനായതിനൊപ്പം യുഎസിലെ ആഫ്രിക്കന്‍ വംശജരുടെ അവകാശങ്ങള്‍ക്കായുള്ള സിവില്‍ റൈറ്റ്‌സ് പ്രസ്ഥാനത്തിലും 1960 കളിലെ മറ്റു സുപ്രധാന രാഷ്ട്രീയ മുന്നേറ്റങ്ങളിലും സജീവസാന്നിധ്യമായിരുന്നു. യുഎസില്‍ 10 ലക്ഷം കോപ്പി വിറ്റു പോയ ആദ്യത്തെ ആല്‍ബം കൂടിയായ കലിപ്‌സോ(1956)യിലെ ജമൈക്ക ഫെയര്‍വെല്‍, ഡേ ഓ തുടങ്ങിയ പാട്ടുകള്‍ ആഗോള തരംഗം സൃഷ്ടിച്ചവയാണ്. കരീബിയന്‍ പാട്ടുശൈലിയായ കലിപ്‌സോയെ ലോകപ്രശസ്തമാക്കി. മാന്‍ സ്മാര്‍ട്ട് വുമന്‍ സ്മാര്‍ട്ടര്‍ (1956), എ ഹോള്‍ ഇന്‍ ദ് ബക്കറ്റ് (1960), ജംപ് ഇന്‍ ദ് ലൈന്‍ (1961) തുടങ്ങിയവയും സര്‍വകാല ഹിറ്റുകളായി. ജമൈക്കയില്‍നിന്നു ന്യൂയോര്‍ക്കിലെ ഹാര്‍ലമില്‍ കുടിയേറിയ ദരിദ്രകുടുംബത്തില്‍ 1927ലാണു ജനനം. നാഷനല്‍ മെഡല്‍ ഓഫ് ആര്‍ട്, ഓസ്‌കര്‍, എമ്മി, ഗ്രാമി, ടോണി അവാര്‍ഡുകള്‍ നേടിയിട്ടുണ്ട്.

മാമുക്കോയ (File Photo:  Russell Shahul / Manorama)
മാമുക്കോയ (File Photo: Russell Shahul / Manorama)

∙ മാമുക്കോയ

നര്‍മം ചാലിച്ച കോഴിക്കോടന്‍ മൊഴിയിലൂടെ മലയാളക്കരയുടെ ഖല്‍ബ് കവര്‍ന്ന നടന്‍ മാമുക്കോയ (76) ഏപ്രില്‍ 26ന് വിടവാങ്ങി. നാടകത്തിലൂടെ സിനിമയിലെത്തിയ മാമുക്കോയ മുന്‍നിര ഹാസ്യതാരമായി തിളങ്ങുന്നതിനിടെ തന്നെ, ഗൗരവസ്വഭാവമുള്ള കഥാപാത്രങ്ങളെയും മിഴിവുറ്റതാക്കി. തിരശീലയ്ക്കുപുറത്തു കാമ്പുള്ള വര്‍ത്തമാനം കൊണ്ടും ശ്രദ്ധേയനായി. ഹൈസ്‌കൂള്‍ പഠനകാലത്തു തന്നെ നാടകങ്ങളില്‍ അഭിനയിച്ചു. കല്ലായിയില്‍ മരം അളക്കല്‍ ജോലി ചെയ്യുമ്പോഴും കെ.ടി.മുഹമ്മദ്, വാസു പ്രദീപ്, ബി.മുഹമ്മദ്, എ.കെ.പുതിയങ്ങാടി തുടങ്ങിയവരുടെ നാടകങ്ങളില്‍ സജീവമായി. 'അന്യരുടെ ഭൂമി'യാണ് ആദ്യ സിനിമ (1979). 1982 ല്‍ 'സുറുമയിട്ട കണ്ണുകളി'ല്‍ വൈക്കം മുഹമ്മദ് ബഷീറിന്റെ ശുപാര്‍ശയില്‍ ചെറിയ വേഷം ലഭിച്ചു. 1986 ല്‍ 'ദൂരെ ദൂരെ ഒരു കൂടു കൂട്ടാം', 'ഗാന്ധിനഗര്‍ സെക്കന്‍ഡ് സ്ട്രീറ്റ്', 'സന്മനസ്സുള്ളവര്‍ക്ക് സമാധാനം' എന്നിവയിലൂടെ മലയാളികളുടെ പ്രിയ താരമായി.  'ഫ്‌ലാമെന്‍ ഇന്‍ പാരഡൈസ്' എന്ന ഫ്രഞ്ച് ചിത്രത്തിലും ബ്യാരി ഭാഷയിലുള്ള 'ബ്യാരി' എന്ന ചിത്രത്തിലും 3 തമിഴ് പടങ്ങളിലും വേഷമിട്ടു. 'കോരപ്പന്‍ ദ് ഗ്രേറ്റ്' (2001) എന്ന ചിത്രത്തില്‍ നായകനായി. ബേപ്പൂരിലെ മരവ്യവസായത്തിന്റെ പശ്ചാത്തലത്തിലുള്ള 'ഉരു'വിലെ (2023) മുഖ്യ കഥാപാത്രമായ മൂത്താശാരിയുടെ വേഷവും ശ്രദ്ധേയമായി. 'മാനസി' (ദൂരദര്‍ശന്‍) ഉള്‍പ്പെടെ ചില സീരിയലുകളിലും അഭിനയിച്ചു. മികച്ച ഹാസ്യനടനു സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ഏര്‍പ്പെടുത്തിയശേഷമുള്ള ആദ്യ ജേതാവ് മാമുക്കോയയായിരുന്നു. ചിത്രം: 'ഇന്നത്തെ ചിന്താവിഷയം' (2008). 'പെരുമഴക്കാല'ത്തിലെ (2004) വേഷത്തിനു പ്രത്യേക ജൂറി പരാമര്‍ശം ലഭിച്ചു.

∙ പി.കെ.ആര്‍.പിള്ള

ചിത്രം, വന്ദനം, കിഴക്കുണരും പക്ഷി തുടങ്ങിയ ഒട്ടേറെ സൂപ്പര്‍ഹിറ്റ് ചിത്രങ്ങളുടെ നിര്‍മാതാവ് പി.കെ.ആര്‍.പിള്ള (പരിശപ്പറമ്പില്‍ കുഞ്ഞന്‍പിള്ള രാമചന്ദ്രന്‍ പിള്ള- 92) മേയ് 16ന് അന്തരിച്ചു. കൂത്താട്ടുകുളം സ്വദേശിയായ പി.കെ.ആര്‍.പിള്ള മുംബൈയില്‍ ബിസിനസുകാരനായിരുന്നു. മഹീന്ദ്രയുടെ ഫുട്‌ബോള്‍ ടീമിലും അംഗമായിരുന്നു. 1980കളില്‍ സിനിമാ നിര്‍മാണത്തിലേക്കു കടന്നു. ഷിര്‍ദിസായി ബാബയുടെ ആരാധകനായിരുന്ന അദ്ദേഹം ഷിര്‍ദിസായി പ്രൊഡക്ഷന്‍സ് എന്ന പേരിലാണു നിര്‍മാണ കമ്പനി ആരംഭിച്ചത്. 1984ല്‍ വെപ്രാളം എന്ന സിനിമയിലൂടെയാണു തുടക്കം. ഈ സിനിമയില്‍ രണ്ടു വേഷങ്ങളില്‍ അഭിനയിക്കുകയും ചെയ്തു. അമൃതംഗമയ, അഹം തുടങ്ങിയ ചിത്രങ്ങളും നിര്‍മിച്ചു. 2006ല്‍ അച്ഛനുറങ്ങാത്ത വീട് എന്ന സിനിമ വിതരണം ചെയ്ത ശേഷം ചലചിത്ര രംഗവുമായുള്ള സജീവബന്ധം അവസാനിപ്പിച്ചു. പിന്നീടു തൃശൂരിലേക്കു താമസം മാറ്റുകയായിരുന്നു. പ്രണയമണിത്തൂവല്‍ ആണ് അവസാനം നിര്‍മിച്ച സിനിമ. ഇന്ദിര ഗാന്ധിയുമായി ഊഷ്മള ബന്ധം പുലര്‍ത്തിയിരുന്ന പിള്ള അക്കാലത്ത് മുംബൈ മുനിസിപ്പല്‍ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മത്സരിച്ചിരുന്നു.

സിൽവിയോ ബെർലുസ്കോണി. (Photo by Jim WATSON / AFP)
സിൽവിയോ ബെർലുസ്കോണി. (Photo by Jim WATSON / AFP)

∙ ബെര്‍ലുസ്‌കോണി

ഇറ്റലിയുടെ മുന്‍ പ്രധാനമന്ത്രിയും ശതകോടീശ്വരനും മാധ്യമ ഉടമയുമായ സില്‍വിയോ ബെര്‍ലുസ്‌കോണി (86) ജൂണ്‍ 12ന് അന്തരിച്ചു. ഇറ്റലിയുടെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ കാലം (4 തവണയായി 9 വര്‍ഷം) ഭരിച്ച ഇദ്ദേഹത്തിന്റെ ഫോര്‍സ ഇറ്റാലിയ പാര്‍ട്ടി, ഇപ്പോഴത്തെ പ്രധാനമന്ത്രി ജോര്‍ജ മെലോനിയുടെ നേതൃത്വത്തിലുള്ള തീവ്രവലതുപക്ഷ സഖ്യത്തില്‍ പങ്കാളിയാണ്. ഒരുകാലത്ത് ഇറ്റലിയിലെ ഏറ്റവും സമ്പന്നനായിരുന്ന ബെര്‍ലുസ്‌കോണിക്ക് 500 കോടി ഡോളര്‍ ആസ്തിയുണ്ട്. പ്രശസ്ത ഫുട്‌ബോള്‍ ക്ലബായ എസി മിലാന്റെ മുന്‍ഉടമ കൂടിയാണ്. 1980 കളില്‍ ടെലിവിഷന്‍ സാമ്രാജ്യം കെട്ടിപ്പടുത്തതിനുശേഷം 1994 ല്‍ ആണ് രാഷ്ട്രീയത്തിലിറങ്ങുന്നത്. ആ വര്‍ഷം തന്നെ പ്രധാനമന്ത്രിയായി. തുടര്‍ന്ന് 3 തവണ കൂടി രാജ്യം ഭരിച്ചു. രാജ്യത്തിന്റെ സാമ്പത്തികസ്ഥിതി വഷളായതിനെ തുടര്‍ന്നാണ് 2011ല്‍ രാജിവച്ചത്. 2013 ല്‍ നികുതി വെട്ടിപ്പിന് ശിക്ഷിക്കപ്പെട്ടു.

ഉമ്മന്‍ചാണ്ടി (ഫയൽ ചിത്രം: മനോരമ)
ഉമ്മന്‍ചാണ്ടി (ഫയൽ ചിത്രം: മനോരമ)

∙ ഉമ്മന്‍ ചാണ്ടി

ആള്‍ക്കൂട്ടത്തെ ഊര്‍ജമാക്കി ആറു പതിറ്റാണ്ടു കേരള രാഷ്ട്രീയത്തില്‍ നിറഞ്ഞുനിന്ന നേതാവ് ഉമ്മന്‍ ചാണ്ടി (79) ജൂലൈ 18ന് വിടവാങ്ങി. രണ്ടു തവണയായി ആറേമുക്കാല്‍ വര്‍ഷം കേരളത്തിന്റെ മുഖ്യമന്ത്രിയായി. 1970 മുതല്‍ തുടര്‍ച്ചയായി 53 വര്‍ഷം (12 തവണ) പുതുപ്പള്ളി എംഎല്‍എയായ ഉമ്മന്‍ ചാണ്ടിയുടെ പേരിലാണ് കൂടുതല്‍ കാലം നിയമസഭാ സാമാജികനെന്ന റെക്കോര്‍ഡ്. 1943 ഒക്ടോബര്‍ 31നു പുതുപ്പള്ളി കരോട്ട് വള്ളക്കാലില്‍ കെ.ഒ.ചാണ്ടിയുടെയും ബേബിയുടെയും മകനായി ജനിച്ച ഉമ്മന്‍ ചാണ്ടി, ട്രാവന്‍കൂര്‍ ലെജിസ്ലേറ്റീവ് കൗണ്‍സില്‍ അംഗമായ മുത്തച്ഛന്‍ വി.ജെ.ഉമ്മന്റെ പാത പിന്തുടര്‍ന്നാണു രാഷ്ട്രീയത്തിലെത്തിയത്. അഖിലകേരള ബാലജനസഖ്യത്തിന്റെയും കെഎസ്‌യുവിന്റെയും യൂത്ത് കോണ്‍ഗ്രസിന്റെയും സംസ്ഥാന പ്രസിഡന്റായി. 4 മന്ത്രിസഭകളില്‍ അംഗമായി. കെ.കരുണാകരന്റെ 3 മന്ത്രിസഭകളിലും എ.കെ.ആന്റണിയുടെ ഒന്നാം മന്ത്രിസഭയിലുമായി തൊഴില്‍, ആഭ്യന്തരം, ധനകാര്യം എന്നീ വകുപ്പുകള്‍ കൈകാര്യം ചെയ്തു. ഒരു തവണ പ്രതിപക്ഷ നേതാവും 2 തവണ യുഡിഎഫ് കണ്‍വീനറുമായി. 2011ല്‍ 4 സീറ്റിന്റെ മാത്രം വ്യത്യാസത്തില്‍ രൂപീകരിച്ച സര്‍ക്കാരിനെ 5 വര്‍ഷം നയിച്ചത് അസാധാരണമായ രാഷ്ട്രീയ മെയ്വഴക്കത്തോടെയാണ്. തുടര്‍ഭരണം പ്രതീക്ഷിച്ച 2016ലെ തിരഞ്ഞെടുപ്പില്‍ മുന്നണി പരാജയപ്പെട്ടതോടെ ഒരു പദവിയും ഏറ്റെടുക്കാനില്ലെന്നു പ്രഖ്യാപിച്ചു മാറിനിന്നു. 2018ല്‍ എഐസിസി ജനറല്‍ സെക്രട്ടറിയായി, തുടര്‍ന്ന് പ്രവര്‍ത്തകസമിതിയംഗവും.

വക്കം പുരുഷോത്തമൻ ( ഫയൽ ചിത്രം∙ മനോരമ)
വക്കം പുരുഷോത്തമൻ ( ഫയൽ ചിത്രം∙ മനോരമ)

∙ വക്കം പുരുഷോത്തമന്‍

കാര്‍ക്കശ്യംകൊണ്ടും കൃത്യനിഷ്ഠകൊണ്ടും കോണ്‍ഗ്രസ് രാഷ്ട്രീയത്തിലും നിയമസഭയിലും 'ഹെഡ്മാസ്റ്റര്‍' എന്നറിയപ്പെട്ട, മുന്‍ മന്ത്രിയും മുന്‍ ഗവര്‍ണറും മുന്‍ സ്പീക്കറുമായ വക്കം പുരുഷോത്തമന്‍ (95) ജൂലൈ 31ന് അന്തരിച്ചു. വിദ്യാര്‍ഥി കോണ്‍ഗ്രസിലൂടെ രാഷ്ട്രീയത്തിലെത്തിയ വക്കം പുരുഷോത്തമന്‍, വക്കം പഞ്ചായത്ത് അംഗമായാണു പൊതുപ്രവര്‍ത്തനം തുടങ്ങിയത്. പിന്നീട് രാഷ്ട്രീയം വിട്ട് അഭിഭാഷകനായി മാറിയെങ്കിലും ആര്‍.ശങ്കറിന്റെ നിര്‍ബന്ധത്തില്‍ കോണ്‍ഗ്രസിലെത്തി. സിപിഎം എംഎല്‍എ ആയിരുന്ന കോസല രാമദാസ് രാജിവച്ച ഒഴിവില്‍ 1968 ല്‍ ആറ്റിങ്ങല്‍ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പിലായിരുന്നു ആദ്യ നിയമസഭാ മത്സരം. കന്നി മത്സരത്തില്‍ തോറ്റെങ്കിലും 1970 ല്‍ ജയിച്ചു. സി. അച്യുതമേനോന്‍ മന്ത്രിസഭയില്‍ 1971-77 കാലത്തു കൃഷി, തൊഴില്‍ വകുപ്പു മന്ത്രിയായി. എ.കെ.ആന്റണിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് (യു) ഇടതിനൊപ്പം ചേര്‍ന്ന 1980 ല്‍ ഇ.കെ.നായനാര്‍ മന്ത്രിസഭയില്‍ ആരോഗ്യ, ടൂറിസം വകുപ്പിന്റെ ചുമതല വഹിച്ചു.  2004-06 ലെ ഉമ്മന്‍ ചാണ്ടി സര്‍ക്കാരില്‍ ധന, എക്‌സൈസ്, ലോട്ടറി വകുപ്പ് മന്ത്രിയുമായിരുന്നു. 2 നിയമസഭകളിലായി (1982- 84, 2001-2004) 5 വര്‍ഷവും 9 മാസവും 5 ദിവസവും സ്പീക്കറായിരുന്ന വക്കത്തിനാണു കേരളത്തില്‍ ഏറ്റവും കൂടുതല്‍ കാലം ആ സ്ഥാനം വഹിച്ചതിന്റെ റെക്കോര്‍ഡ്. 1993-96 ല്‍ ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപില്‍ ലഫ്റ്റനന്റ് ഗവര്‍ണറായിരുന്ന വക്കം, 2011-14 ല്‍ യുപിഎ ഭരണകാലത്ത് മിസോറം ഗവര്‍ണറുമായിരുന്നു. 1984 ലും 1989 ലും ആലപ്പുഴയില്‍നിന്നു ലോക്‌സഭാംഗവുമായി. ഡിസിസി പ്രസിഡന്റ്, കെപിസിസി ജനറല്‍ സെക്രട്ടറി, വൈസ് പ്രസിഡന്റ് എന്നീ പദവികള്‍ വഹിച്ചിട്ടുണ്ട്.

ഗദ്ദർ. ചിത്രം: AFP
ഗദ്ദർ. ചിത്രം: AFP

∙ വിപ്ലവകവി ഗദ്ദര്‍

വിപ്ലവഗാനങ്ങളിലൂടെ 'ശബ്ദമില്ലാത്തവരുടെ ശബ്ദ'മായി മാറിയ തെലങ്കാനയുടെ വിപ്ലവഗായകനും കവിയും രാഷ്ട്രീയനേതാവുമായ ഗദ്ദര്‍ (75) ഓഗസ്റ്റ് 6ന് അന്തരിച്ചു. ഗുമ്മഡി വിത്തല്‍ റാവു എന്ന ഗദ്ദര്‍ 1948ല്‍ മേഡക് ജില്ലയിലെ തുപ്രാനിലാണു ജനിച്ചത്. 1969ലെ തെലങ്കാന സമരത്തില്‍ പങ്കെടുത്താണു വിപ്ലവപ്രസ്ഥാനങ്ങളുമായുള്ള ബന്ധം തുടങ്ങിയത്. 1975 ല്‍ ബാങ്ക് ജീവനക്കാരനായെങ്കിലും 1984ല്‍ രാജിവച്ചു പൂര്‍ണസമയ രാഷ്ട്രീയക്കാരനായി. സിപിഐ (എംഎല്‍) പ്രസ്ഥാനത്തിന്റെ ഭാഗമായി 1972ല്‍ ജന നാട്യ മണ്ഡല്‍ എന്ന സാംസ്‌കാരിക സംഘടന സ്ഥാപിച്ചു. പീപ്പിള്‍സ് വാര്‍ ഗ്രൂപ്പ്, മാവോയിസ്റ്റ് സംഘടനകളില്‍ പ്രവര്‍ത്തിച്ചു. മാവോയിസ്റ്റ് ബന്ധം 2010ല്‍ അവസാനിപ്പിച്ചു. 1971ല്‍ പുറത്തിറക്കിയ ആദ്യ ഗാന ആല്‍ബത്തിന്റെ പേരായിരുന്നു ഗദ്ദര്‍. പതിനായിരക്കണക്കിന് ആളുകളാണ് ഗദ്ദറെ കേള്‍ക്കാനെത്തിയിരുന്നത്. പരമ്പരാഗത തെലുങ്കു വേഷത്തിലായിരുന്നു സഞ്ചാരം. 1978ലെ ആശാന്‍ പുരസ്‌കാരം ഗദ്ദറിനായിരുന്നു.

മുഹമ്മദ് ഹബീബ് (PTI Photo / File)
മുഹമ്മദ് ഹബീബ് (PTI Photo / File)

∙ മുഹമ്മദ് ഹബീബ്

ഇന്ത്യന്‍ ഫുട്‌ബോളിന്റെ വസന്തകാലത്തെ അനശ്വരമാക്കിയ ഇതിഹാസ താരവും മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനും പരിശീലകനുമായിരുന്ന മുഹമ്മദ് ഹബീബ് (74) ഓഗസ്റ്റ് 15ന് അന്തരിച്ചു. 1977ല്‍ ബ്രസീല്‍ ഇതിഹാസം പെലെയുടെ ന്യുയോര്‍ക്ക് കോസ്‌മോസിനെതിരായ പ്രദര്‍ശന മത്സരത്തില്‍ മോഹന്‍ ബഗാനു വേണ്ടി ഗോള്‍ നേടിയതോടെയാണ് ഹബീബ് പ്രശസ്തനായത്. 1970 ബാങ്കോക്ക് ഏഷ്യന്‍ ഗെയിംസില്‍ വെങ്കലം നേടിയ, സയ്യിദ് നയീമുദ്ദീന്‍ നയിച്ച ഇന്ത്യന്‍ ടീമില്‍ അംഗമായിരുന്നു. ഇന്ത്യയ്ക്കായി 35 മത്സരങ്ങളില്‍ 11 ഗോളുകള്‍ നേടി. ചുനി ഗോസ്വാമിക്കു ശേഷം ഇന്ത്യന്‍ ഫുട്‌ബോളിലെ പ്രശസ്തനായ 10-ാം നമ്പരായിരുന്നു കൊല്‍ക്കത്തക്കാരുടെ 'ബഡേ മിയാന്‍' എന്നറിയപ്പെട്ടിരുന്ന ഹബീബ്. കൊല്‍ക്കത്ത ക്ലബ്ബുകളായ മോഹന്‍ ബഗാന്‍, ഈസ്റ്റ് ബംഗാള്‍, മുഹമ്മദന്‍സ് സ്‌പോര്‍ടിങ് എന്നിവയിലെല്ലാം കളിക്കാന്‍ കരിയറിന്റെ സുവര്‍ണകാലത്ത് ഹബീബിനു സാധിച്ചു. വിരമിച്ച ശേഷം ടാറ്റ ഫുട്‌ബോള്‍ അക്കാദമിയുടെ പരിശീലകനായി. പിന്നീട് ഇന്ത്യന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ അക്കാദമിയുടെ ചീഫ് കോച്ചായും സേവനമനുഷ്ഠിച്ചു.

ഹീത്ത് സ്ട്രീക്ക് (ഐസിസി പങ്കുവച്ച ചിത്രം)
ഹീത്ത് സ്ട്രീക്ക് (ഐസിസി പങ്കുവച്ച ചിത്രം)

∙ ഹീത്ത് സ്ട്രീക്ക്

സിംബാബ്‍വെ ക്രിക്കറ്റിലെ ഇതിഹാസ താരം ഹീത്ത് സ്ട്രീക്ക് (49) സെപ്റ്റംബര്‍ 3ന് അന്തരിച്ചു. സിംബാബ്‍വെ ക്രിക്കറ്റിന്റെ സുവര്‍ണകാലത്ത് ടീമിന്റെ നായകനായിരുന്നു. ഓള്‍റൗണ്ടറായ സ്ട്രീക്ക് 65 ടെസ്റ്റുകളിലും 189 ഏകദിനങ്ങളിലും സിംബാബ്‍വെ ജഴ്‌സിയണിഞ്ഞു. ടെസ്റ്റില്‍ 216 വിക്കറ്റുകള്‍ നേടിയ സ്ട്രീക്ക് ഒരു സെഞ്ചറിയും 11 അര്‍ധ സെഞ്ചറികളുമായി ബാറ്റിങ്ങിലും തിളങ്ങി. 239 വിക്കറ്റുകളും 2,943 റണ്‍സുമാണ് ഏകദിനത്തിലെ നേട്ടം. 2 ഫോര്‍മാറ്റുകളിലും സിംബാബ്‌വെ വിക്കറ്റ് നേട്ടക്കാരുടെ പട്ടികയില്‍ സ്ട്രീക്ക് ബഹുദൂരം മുന്നിലാണ്. രാജ്യാന്തര ക്രിക്കറ്റിലെ വലിയ വിജയങ്ങളിലെല്ലാം സിംബാബ്‌വെ ടീമിന്റെ അമരത്ത് സ്ട്രീക്കായിരുന്നു. 2005ല്‍ 31ാം വയസ്സില്‍ വിരമിച്ചതിനുശേഷം ഐപിഎല്‍ അടക്കമുള്ള ഫ്രാഞ്ചൈസി ലീഗുകളുടെ ഭാഗമായി. ദേശീയ ടീമിന്റെ പരിശീലകനുമായി. വാതുവയ്പ് വിവാദത്തില്‍ 2021ല്‍ വിലക്ക് നേരിട്ടു.

അജിത് നൈനാൻ (ഫയൽ ചിത്രം: ജെ. സുരേഷ്)
അജിത് നൈനാൻ (ഫയൽ ചിത്രം: ജെ. സുരേഷ്)

∙ അജിത് നൈനാന്‍

വരയിലും വാക്കിലും മൂര്‍ച്ച നിറഞ്ഞ രാഷ്ട്രീയ കാര്‍ട്ടൂണുകളിലൂടെ ശ്രദ്ധ നേടിയ അജിത് നൈനാന്‍ (68) സെപ്റ്റംബര്‍ 8ന് അന്തരിച്ചു. ഇന്ത്യ ടുഡേ, ഇന്ത്യന്‍ എക്‌സ്പ്രസ്, ഔട്ട്‌ലുക്ക് തുടങ്ങിയവയ്ക്കായി വരച്ചിട്ടുള്ള നൈനാന്‍ ടൈംസ് ഓഫ് ഇന്ത്യയില്‍ കാര്‍ട്ടൂണിസ്റ്റായിരുന്നു. തിരുവല്ല ആറ്റുപുറത്ത് വീട്ടില്‍ എ.എം മാത്യുവിന്റെയും ആനി മാത്യുവിന്റെയും മകനായി 1955 മേയ് 15ന് ആന്ധ്രപ്രദേശിലാണു ജനനം. മദ്രാസ് ക്രിസ്ത്യന്‍ കോളജില്‍ നിന്ന് ഉപരിപഠനം പൂര്‍ത്തിയാക്കി. ആദ്യ കാര്‍ട്ടൂണ്‍ ശങ്കേഴ്‌സ് വീക്കിലിയിലാണു പ്രസിദ്ധീകരിച്ചത്. പഠനശേഷം ചെന്നൈയിലെ പരസ്യ ഏജന്‍സിയിലും പിന്നീടു ഡല്‍ഹിയിലും ജോലി ചെയ്തു. ലോകപ്രശസ്ത കാര്‍ട്ടൂണിസ്റ്റ് ഡേവിഡ് ലോയുടെ കോള്‍ ബ്ലിംപ് എന്ന കഥാപാത്രത്തില്‍ നിന്നു പ്രചോദനം ഉള്‍ക്കൊണ്ടു 'ടാര്‍ഗറ്റ്' ബാലമാസികയില്‍ വച്ച ഡിറ്റക്ടീവ് മൂച്ച്വാല, ഇന്ത്യ ടുഡേയിലെ സെന്റര്‍ സ്റ്റേജ്, ടൈംസ് ഓഫ് ഇന്ത്യയിലെ നൈനാന്‍സ് വേള്‍ഡ് തുടങ്ങിയ കാര്‍ട്ടൂണ്‍ പരമ്പരകള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടു. ബാര്‍ട്ടന്‍ സമഗ്രസംഭാവനാ പുരസ്‌കാരം നല്‍കി ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കാര്‍ട്ടൂണിസ്റ്റ്‌സ് കഴിഞ്ഞ വര്‍ഷം ആദരിച്ചിരുന്നു.

pp-mukundan-3
പി.പി.മുകുന്ദന്‍ (ഫയൽ ചിത്രം ∙ മനോരമ)

∙ പി.പി.മുകുന്ദന്‍

ബിജെപി നേതാവ് പി.പി.മുകുന്ദന്‍ (77) സെപ്റ്റംബര്‍ 14ന് അന്തരിച്ചു. ആര്‍എസ്എസ് പ്രചാരകനായി പൊതുജീവിതം തുടങ്ങിയ മുകുന്ദന്‍ 1975 ല്‍ അടിയന്തരാവസ്ഥക്കാലത്ത് വിയ്യൂര്‍, കണ്ണൂര്‍ സെന്‍ട്രല്‍ ജയിലുകളിലായി 21 മാസം തടവില്‍ കഴിഞ്ഞു. പില്‍ക്കാലത്ത് ബിജെപി രൂപീകരിച്ചപ്പോള്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയും ദേശീയ നിര്‍വാഹകസമിതി അംഗവുമായി. ഇടതു-വലതു മുന്നണികള്‍ക്കു പ്രാമുഖ്യമുള്ള സംസ്ഥാനത്ത് പാര്‍ട്ടിക്ക് പൊതുസ്വീകാര്യത നേടിക്കൊടുക്കാന്‍ അദ്ദേഹം യത്‌നിച്ചു. 2004 ല്‍ ബിജെപിയുടെ ദക്ഷിണ ക്ഷേത്രീയ സംഘടനാ സെക്രട്ടറി സ്ഥാനത്തേക്കു മാറ്റി. പാളിപ്പോയ കോണ്‍ഗ്രസ് - ലീഗ്- ബിജെപി സഖ്യരാഷ്ട്രീയ പരീക്ഷണത്തിന്റെ പേരിലായിരുന്നു മാറ്റം. 3 വര്‍ഷത്തോളം ഈ ചുമതല വഹിച്ച ശേഷം, ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തനങ്ങളില്‍ നിന്ന് മുകുന്ദന്‍ പിന്‍വാങ്ങി. സംഘടനയില്‍ സജീവമാകാന്‍ ആര്‍എസ്എസ് ആവശ്യപ്പെട്ടുവെങ്കിലും ചുമതലകളൊന്നും സ്വീകരിക്കാതെ അദ്ദേഹം ജന്മനാട്ടിലേക്കു മടങ്ങി. 2 തവണ 'ജന്മഭൂമി' മാനേജിങ് ഡയറക്ടറായി.

siddique-director
സിദ്ദീഖ് (ഫയൽ ചിത്രം ∙ മനോരമ)

∙ സിദ്ദീഖ്

മലയാള സിനിമയില്‍ ചിരിയുടെ പുതുവഴി തുറക്കുകയും തമിഴിലും ഹിന്ദിയിലും വരെ ഹിറ്റ്‌മേക്കര്‍ ആകുകയും ചെയ്ത സംവിധായകന്‍ സിദ്ദിഖ് (68) ഓഗസ്റ്റ് 8ന് വിടവാങ്ങി. 34 വര്‍ഷം മുന്‍പ് 'റാംജിറാവ് സ്പീക്കിങ്' എന്ന സിനിമയിലൂടെ മലയാളത്തില്‍ ചിരിയുടെ പുതിയ ട്രാക്ക് സൃഷ്ടിച്ച സിദ്ദിഖ്-ലാല്‍ സംവിധായക കൂട്ടുകെട്ട് തുടര്‍ന്ന് ഹിറ്റുകളുടെ പരമ്പര തന്നെ സൃഷ്ടിച്ചു. 'ഇന്‍ ഹരിഹര്‍ നഗര്‍', 'ഗോഡ്ഫാദര്‍', 'വിയറ്റ്‌നാം കോളനി', 'കാബൂളിവാല' എന്നീ സിനിമകള്‍ക്കുശേഷം സിദ്ദിഖ് ഒറ്റയ്ക്കു സംവിധാനം ചെയ്തുതുടങ്ങിയപ്പോഴും വിജയചരിത്രം തുടര്‍ന്നു. 'ഹിറ്റ്‌ലര്‍', 'ഫ്രണ്ട്‌സ്', 'ക്രോണിക് ബാച്ചിലര്‍', 'ബോഡിഗാര്‍ഡ്', 'ലേഡീസ് ആന്‍ഡ് ജന്റില്‍മാന്‍', 'ഭാസ്‌കര്‍ ദ റാസ്‌കല്‍', 'കിങ് ലയര്‍', 'ഫുക്രി', 'ബിഗ് ബ്രദര്‍' തുടങ്ങിയവയാണ്  ശ്രദ്ധേയ സിനിമകള്‍. സല്‍മാന്‍ ഖാന്‍ നായകനായ 'ബോഡിഗാര്‍ഡി'ന്റെ ഹിന്ദി റീമേക്ക് 200 കോടിയിലേറെ രൂപ കലക്ഷന്‍ നേടി. 'ഫ്രണ്ട്‌സ്', 'എങ്കള്‍ അണ്ണ', 'കാവലന്‍', 'സാധുമിരണ്ട', 'ഭാസ്‌കര്‍ ഒരു റാസ്‌കല്‍' എന്നീ സിനിമകള്‍ തമിഴിലും 'മാരോ' എന്ന ചിത്രം തെലുങ്കിലും സംവിധാനം ചെയ്തു. മോഹന്‍ലാല്‍ നായകനായ 'ബിഗ് ബ്രദര്‍' (2020) ആണ് അവസാന സിനിമ. മഹാരാജാസില്‍ വിദ്യാര്‍ഥിയായിരിക്കെ മിമിക്രി, മോണോ ആക്ട് വേദികളില്‍ തിളങ്ങിയ സിദ്ദിഖ് കൊച്ചിന്‍ കലാഭാവനിലൂടെയാണ് കലാവേദികളില്‍ സജീവമായത്. സത്യന്‍ അന്തിക്കാടിന്റെ 'പപ്പന്‍ പ്രിയപ്പെട്ട പപ്പന്' തിരക്കഥയൊരുക്കിയായിരുന്നു സിദ്ദിഖ്‌ലാല്‍ ജോടിയുടെ സിനിമയിലെ അരങ്ങേറ്റം.

കെ.ജി.ജോർജും ഭാര്യ സൽമാ ജോർജും (File Photo: ROBERT VINOD / Manorama)
കെ.ജി.ജോർജും ഭാര്യ സൽമാ ജോർജും (File Photo: ROBERT VINOD / Manorama)

∙ കെ.ജി.ജോര്‍ജ്

മലയാളസിനിമയ്ക്ക് ആധുനികതയുടെ ചാരുതയും തീക്ഷ്ണതയും സമ്മാനിച്ച സംവിധായകന്‍ കെ.ജി.ജോര്‍ജ് (78) സെപ്റ്റംബര്‍ 24ന് അന്തരിച്ചു. ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍നിന്നു സംവിധാനം പഠിച്ച അദ്ദേഹം, പ്രശസ്ത സംവിധായകന്‍ രാമു കാര്യാട്ടിന്റെ സംവിധാന സഹായിയായാണു സിനിമയിലെത്തിയത്. ആദ്യമായി സംവിധാനം ചെയ്ത 'സ്വപ്നാടന'ത്തിന് 1976ല്‍ മികച്ച മലയാള ചിത്രത്തിനുള്ള ദേശീയപുരസ്‌കാരം ലഭിച്ചു. ഉള്‍ക്കടല്‍, മേള, യവനിക, ലേഖയുടെ മരണം ഒരു ഫ്‌ലാഷ്ബാക്ക്, ആദാമിന്റെ വാരിയെല്ല്, പഞ്ചവടിപ്പാലം, ഇരകള്‍, മറ്റൊരാള്‍, ഇലവങ്കോടുദേശം തുടങ്ങി 19 സിനിമകള്‍ സംവിധാനം ചെയ്തു. ദേശീയ ഫിലിം അവാര്‍ഡ് ജൂറി അംഗം, സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ജൂറി അധ്യക്ഷന്‍, കെഎസ്എഫ്ഡിസി അധ്യക്ഷന്‍, മാക്ട ചെയര്‍മാന്‍ എന്നീ സ്ഥാനങ്ങളും വഹിച്ചു. 2016ല്‍ ജെ.സി.ഡാനിയേല്‍ പുരസ്‌കാരത്തിന് അര്‍ഹനായി. ആദാമിന്റെ വാരിയെല്ല്, ഇരകള്‍ എന്നീ ചിത്രങ്ങളിലൂടെ തിരക്കഥയ്ക്കുള്ള സംസ്ഥാന പുരസ്‌കാരവും നേടി.

എം.എസ്.സ്വാമിനാഥൻ (File Photo: Josekutty Panackal / Manorama)
എം.എസ്.സ്വാമിനാഥൻ (File Photo: Josekutty Panackal / Manorama)

∙ ഡോ. എം.എസ്.സ്വാമിനാഥന്‍

ഹരിതവിപ്ലവത്തിലൂടെ ഇന്ത്യയുടെ പട്ടിണിയകറ്റിയ ലോകപ്രശസ്ത കൃഷിശാസ്ത്രജ്ഞന്‍ ഡോ. എം.എസ്.സ്വാമിനാഥന്‍ (98) സെപ്റ്റംബര്‍ 28ന് അന്തരിച്ചു. സ്വാമിനാഥന്‍ ഇന്ത്യന്‍ അഗ്രികള്‍ചര്‍ റിസര്‍ച് ഇന്‍സ്റ്റിറ്റ്യൂട്ട് (ഐഎആര്‍ഐ) ഡയറക്ടറായിരുന്ന 1966–72 കാലത്താണ് കേന്ദ്രസര്‍ക്കാര്‍ ഹരിതവിപ്ലവം നടപ്പാക്കിയത്. 1925 ഓഗസ്റ്റ് ഏഴിനു തമിഴ്‌നാട്ടിലെ കുംഭകോണത്തായിരുന്നു ജനനം. കോയമ്പത്തൂര്‍ കാര്‍ഷിക കോളജില്‍നിന്ന് (ഇന്നത്തെ തമിഴ്‌നാട് കാര്‍ഷിക സര്‍വകലാശാല) സ്വര്‍ണമെഡലോടെയായിരുന്നു കൃഷിശാസ്ത്ര ബിരുദം; തുടര്‍ന്ന് ന്യൂഡല്‍ഹി ഐഎആര്‍ഐയില്‍നിന്ന് അസോഷ്യേറ്റ്ഷിപ്. 1949ല്‍ ഐപിഎസ് ലഭിച്ചെങ്കിലും ഉപേക്ഷിച്ച് യുനെസ്‌കോ ഫെലോഷിപ്പോടെ നെതര്‍ലന്‍ഡ്‌സില്‍ ഗവേഷണത്തിനു പോയി. തുടര്‍ന്ന് കേംബ്രിജിലെത്തി 1952ല്‍ ഡോക്ടറേറ്റ് നേടി. യുഎസിലെ വിസ്‌കോന്‍സെന്‍ സര്‍വകലാശാലയിലും ഉപരിപഠനം നടത്തിയശേഷം 1954ല്‍ കട്ടക്കിലെ കേന്ദ്ര നെല്ലുഗവേഷണകേന്ദ്രത്തില്‍ ചേര്‍ന്നു. പിന്നീട് ഐഎആര്‍ഐയിലെത്തി ഡയറക്ടര്‍ വരെയായി. ടൈം വാരിക 20ാം നൂറ്റാണ്ടില്‍ ലോകത്തെ ഏറ്റവും സ്വാധീനിച്ച 20 ഏഷ്യക്കാരെ തിരഞ്ഞെടുത്തപ്പോള്‍ 3 ഇന്ത്യക്കാരിലൊരാള്‍ സ്വാമിനാഥനായിരുന്നു. പത്മശ്രീ (1967), പത്മഭൂഷണ്‍ (1972), പത്മവിഭൂഷണ്‍ (1989) ബഹുമതികള്‍ ലഭിച്ച അദ്ദേഹം 200713 കാലത്ത് രാജ്യസഭാംഗമായിരുന്നു.

ആനത്തലവട്ടം ആനന്ദൻ. ചിത്രം: മനോരമ
ആനത്തലവട്ടം ആനന്ദൻ. ചിത്രം: മനോരമ

∙ ആനത്തലവട്ടം ആനന്ദന്‍

തൊഴിലാളി സംഘടനാരംഗത്തെ അതികായനായ പ്രമുഖ സിപിഎം നേതാവ് ആനത്തലവട്ടം ആനന്ദന്‍ (86) ഒക്ടോബര്‍ 5ന് അന്തരിച്ചു. സിഐടിയു സംസ്ഥാന പ്രസിഡന്റും ദേശീയ വൈസ് പ്രസിഡന്റുമായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്.. മൂന്നു തവണ ആറ്റിങ്ങലില്‍ നിന്ന് എംഎല്‍എ ആയി. 2006 മുതല്‍ 2011 വരെ നിയമസഭയില്‍ ചീഫ് വിപ് ആയിരുന്നു. സിപിഎം സംസ്ഥാന കമ്മിറ്റിയില്‍ പ്രത്യേക ക്ഷണിതാവാണ്. കയര്‍ തൊഴിലാളി സമരത്തിലൂടെ രാഷ്ട്രീയ ജീവിതം തുടങ്ങിയ ആനന്ദന്‍ അവസാനകാലത്ത് എല്‍ഡിഎഫ് ഭരണത്തിലും കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്കു വേണ്ടി സമരപ്പോരാളിയായി. കയര്‍ മേഖലയായ ചിറയിന്‍കീഴിലെ ആനത്തലവട്ടത്തു 1937ല്‍ ജനിച്ച ആനന്ദന്‍ 1954 ല്‍ ഒരണ കൂലിക്കൂടുതലിനു വേണ്ടി നടന്ന കയര്‍ തൊഴിലാളി പണിമുടക്കിലൂടെയാണു രാഷ്ട്രീയത്തിലെത്തുന്നത്. 1956ല്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി അംഗമായി.  1984ല്‍ സിപിഎം സംസ്ഥാന കമ്മിറ്റിയിലെത്തി. 2009ല്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയറ്റില്‍ ഇടംനേടി. 1972 മുതല്‍ കയര്‍ വര്‍ക്കേഴ്സ് സെന്റര്‍ ജനറല്‍ സെക്രട്ടറിയായ അദ്ദേഹം 12 വര്‍ഷം കയര്‍ഫെഡ് പ്രസിഡന്റായിരുന്നു. കെഎസ്ആര്‍ടി എംപ്ലോയീസ് അസോസിയേഷന്റെ (സിഐടിയു) പ്രസിഡന്റുമായിരുന്നു.

കാർത്യായനി അമ്മ (ഫയൽ ചിത്രം)
കാർത്യായനി അമ്മ (ഫയൽ ചിത്രം)

∙ കാര്‍ത്യായനിയമ്മ

96-ാം വയസ്സില്‍ സാക്ഷരതാ മിഷന്റെ നാലാംതരം തുല്യതാപരീക്ഷയില്‍ ഒന്നാം റാങ്ക് നേടിയ അക്ഷരമുത്തശ്ശി ചേപ്പാട് മുട്ടം പടീറ്റതില്‍ കാര്‍ത്യായനിയമ്മ (101) ഒക്ടോബര്‍ 10ന് അന്തരിച്ചു. 2017 ഓഗസ്റ്റ് 5ന് 96ാം വയസ്സില്‍ 40,000 പേര്‍ പങ്കെടുത്ത അക്ഷരലക്ഷം പരീക്ഷയില്‍ 98 മാര്‍ക്ക് വാങ്ങിയാണ് കാര്‍ത്യായനിയമ്മ ഒന്നാമതെത്തിയത്. 2019ല്‍ നാരീശക്തി പുരസ്‌കാരം ലഭിച്ചു. കോമണ്‍വെല്‍ത്ത് രാജ്യങ്ങള്‍ വിവിധ ഭാഷകളില്‍ പുറത്തിറക്കുന്ന ജേണലുകളിലും കാര്‍ത്യായനിയമ്മ ഇടംപിടിച്ചു. കോമണ്‍വെല്‍ത്ത് ലേണിങ് ഗുഡ്വില്‍ അംബാസഡര്‍ പദവിയും വഹിച്ചു. ചലച്ചിത്രകാരനും ഷെഫുമായ വികാഷ് ഖന്ന 'നഗ്നപാദയായ ചക്രവര്‍ത്തിനി' എന്ന പേരില്‍ പുസ്തകവും പ്രസിദ്ധീകരിച്ചിരുന്നു.

ലി കെചിയാങ് (Photo by Noel CELIS / AFP)
ലി കെചിയാങ് (Photo by Noel CELIS / AFP)

∙ ലീ കെച്യാങ്

കഴിഞ്ഞ മാര്‍ച്ചില്‍ ചൈനയുടെ പ്രധാനമന്ത്രി സ്ഥാനമൊഴിഞ്ഞ ലീ കെച്യാങ് (68) ഒക്ടോബര്‍ 27ന് അന്തരിച്ചു. പ്രസിഡന്റ് ഷി ചിന്‍പിങ്ങിനൊപ്പം പാര്‍ട്ടി ജനറല്‍ സെക്രട്ടറി പദവിയിലേക്കു പരിഗണിക്കപ്പെട്ടിരുന്ന ലീ കെച്യാങ് മികച്ച സാമ്പത്തിക വിദഗ്ധന്‍ കൂടിയായിരുന്നു. 2013 മുതല്‍ മാര്‍ച്ച് 2023 വരെയായിരുന്നു പ്രധാനമന്ത്രിപദം വഹിച്ചത്. പ്രസിഡന്റ് പദവിയിലെത്തിയ ശേഷം പരമോന്നത നേതാവായി മാറിയ ഷി ചിന്‍പിങ്ങുമായി പില്‍ക്കാലത്ത് നല്ല ബന്ധത്തിലായിരുന്നില്ല കെച്യാങ്. രാജ്യത്തെ 60 കോടിയോളം ജനങ്ങളുടെ ശരാശരി മാസവരുമാനം 1000 യുവാന്‍ (140 ഡോളര്‍) മാത്രമാണെന്ന 2020ലെ കെച്യാങ്ങിന്റെ വെളിപ്പെടുത്തലാണ് അദ്ദേഹത്തെ പാര്‍ട്ടി നേതൃത്വത്തിന് അനഭിമതനാക്കിയത്.  ജനങ്ങള്‍ക്കിടയില്‍ പ്രിയങ്കരനായിരുന്നു കെച്യാങ്, ഇന്ത്യയുമായുള്ള ബന്ധം മെച്ചപ്പെടുത്താന്‍ ശ്രമിച്ച നേതാവു കൂടിയായിരുന്നു. പ്രധാനമന്ത്രി പദവി ഏറ്റെടുത്ത ശേഷം ആദ്യ വിദേശ സന്ദര്‍ശനം ന്യൂഡല്‍ഹിയിലേക്കായിരുന്നു. എന്നാല്‍ ഏറെ വൈകാതെ ഷി ചിന്‍പിങ് വിദേശനയം ഏറ്റെടുക്കുകയും സാമ്പത്തിക രംഗം മെച്ചപ്പെടുത്താനുള്ള ചുമതല കെച്യാങ്ങിനെ ഏല്‍പ്പിക്കുകയും ചെയ്തു. സാമ്പത്തിക ശാസ്ത്രജ്ഞന്‍ കൂടിയായ കെച്യാങ് തുറന്ന സമ്പദ്‌വ്യവസ്ഥയുടെ ആളായിരുന്നു. എന്നാല്‍ ഈ നയത്തോടു വിയോജിച്ച് ഷി കൂടുതല്‍ സര്‍ക്കാര്‍ നിയന്ത്രണം കൊണ്ടുവന്നതോടെയാണു കെച്യാങ് ദുര്‍ബലനായത്.

പ്രഫ. ലീല ഓംചേരി (ഫോട്ടോ: രാഹുൽ ആർ. പട്ടം ∙ മനോരമ)
പ്രഫ. ലീല ഓംചേരി (ഫോട്ടോ: രാഹുൽ ആർ. പട്ടം ∙ മനോരമ)

∙ പ്രഫ. ലീല ഓംചേരി

സോപാന സംഗീതത്തെ ദേശീയതലത്തില്‍ ശ്രദ്ധേയമാക്കിയ പ്രശസ്ത കലാകാരി പ്രഫ. ലീല ഓംചേരി (94) നവംബര്‍ ഒന്നിന് അന്തരിച്ചു. അധ്യാപിക, നടി, എഴുത്തുകാരി എന്നീ നിലകളിലും സജീവമായിരുന്നു. 1929 മേയ് 31നു കന്യാകുമാരി ജില്ലയില്‍പ്പെട്ട തിരുവട്ടാര്‍ കമുകറ വീട്ടിലാണു ജനനം. മാതാപിതാക്കളായ പരമേശ്വരക്കുറുപ്പും ലക്ഷ്മിക്കുട്ടിയമ്മയുമായിരുന്നു സംഗീതത്തിലെ ആദ്യ ഗുരുക്കന്മാര്‍. ശാസ്ത്രീയ സംഗീതത്തിനൊപ്പം സോപാന സംഗീതവും പരിശീലിച്ചു. ഹിന്ദുസ്ഥാനി സംഗീതവും അഭ്യസിച്ചു. ഡല്‍ഹി സര്‍വകലാശാലയില്‍ 35 വര്‍ഷം സംഗീതാധ്യാപികയായിരുന്ന ലീല 1994ല്‍ വിരമിച്ചു. സോപാനസംഗീതവുമായി ബന്ധപ്പെട്ട പഠനത്തിനും ഗവേഷണത്തിനും പ്രാധാന്യം നല്‍കി. കൃഷ്ണനാട്ടം, കഥകളി സംഗീതം, ഓണപ്പാട്ടുകള്‍ എന്നിവയെക്കുറിച്ചെല്ലാം ഗവേഷണം നടത്തി. ഇരുപതിലേറെ പുസ്തകങ്ങള്‍ മലയാളത്തിലും ഇംഗ്ലിഷിലുമായി രചിച്ചിട്ടുണ്ട്. പ്രശസ്ത നാടകരചയിതാവും കേന്ദ്ര സാഹിത്യഅക്കാദമി അവാര്‍ഡ് ജേതാവുമായ പ്രഫ. ഓംചേരി എന്‍.എന്‍.പിള്ളയാണു ഭര്‍ത്താവ്. കേന്ദ്ര, കേരള സംഗീത നാടക അക്കാദമികളുടെ ബഹുമതികള്‍ ലഭിച്ചു. 2008ല്‍ പത്മശ്രീ ലഭിച്ചു.

പി.ആര്‍.എസ്.ഒബ്‌റോയ് (PTI Photo by Swapan Mahapatra / File)
പി.ആര്‍.എസ്.ഒബ്‌റോയ് (PTI Photo by Swapan Mahapatra / File)

∙ പി.ആര്‍.എസ്.ഒബ്‌റോയ്

ഹോട്ടല്‍ വ്യവസായത്തിലെ പ്രൗഢഗംഭീര സാന്നിധ്യമായിരുന്ന, ഒബ്‌റോയ് ഗ്രൂപ്പ് ഇമെരിറ്റസ് ചെയര്‍മാന്‍ പി.ആര്‍.എസ്.ഒബ്‌റോയ് (94) നവംബര്‍ 14ന് അന്തരിച്ചു. ഒബ്‌റോയ് ഹോട്ടലുകളുടെ ശ്യംഖല രാജ്യം മുഴുവനെത്തിക്കാന്‍ നേതൃത്വം നല്‍കിയ പൃഥ്വി രാജ് സിങ് ഒബ്‌റോയ്, 'ബിക്കി' എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. ഒബ്‌റോയ്, ട്രൈഡന്റ് ഹോട്ടലുകളുടെ ഫ്‌ലാഗ്ഷിപ് കമ്പനിയായ ഇഐഎച്ച് ലിമിറ്റഡിന്റെ സാരഥ്യം ദീര്‍ഘകാലം വഹിച്ചു. ഒബ്‌റോയ് ഗ്രൂപ്പ് സ്ഥാപകന്‍ റായ് ബഹാദൂര്‍ എം.എസ്. ഒബ്‌റോയിയുടെ മകനായി 1929 ഫെബ്രുവരി 3ന് ഡല്‍ഹിയില്‍ ജനിച്ച പി.ആര്‍.എസ്. ഒബ്‌റോയ് യുകെയിലും സ്വിറ്റ്‌സര്‍ലന്‍ഡിലുമായാണ് ഉപരിപഠനം പൂര്‍ത്തിയാക്കിയത്. പിതാവിനു കീഴില്‍ ഒബ്‌റോയ് ഗ്രൂപ്പിന്റെ പ്രവര്‍ത്തനങ്ങളില്‍ ഭാഗമായ ഇദ്ദേഹം രാജ്യത്തെ ആഡംബര ഹോട്ടല്‍ വ്യവസായത്തിനു പുതിയ ദിശാബോധം നല്‍കിയവരില്‍ മുന്‍പന്തിയിലുണ്ട്. 1967ല്‍ ആരംഭിച്ച 'ദി ഒബ്‌റോയ് സെന്റര്‍ ഓഫ് ലേണിങ് ആന്‍ഡ് ഡവലപ്‌മെന്റിനു' കീഴില്‍ ഹോട്ടല്‍ വ്യവസായ രംഗത്തെ ഒട്ടേറെപ്പേര്‍ പരിശീലനം നേടി. 1934ല്‍ പ്രവര്‍ത്തനമാരംഭിച്ച ഗ്രൂപ്പിനു കീഴില്‍ ഇന്ന് 7 രാജ്യങ്ങളിലായി 32 ആഡംബര ഹോട്ടലുകളും 2 ക്രൂസ് ഷിപ്പുകളുമുണ്ട്. ഇഐഎച്ച് കമ്പനി ചെയര്‍മാനായി 1988ല്‍ സ്ഥാനമേറ്റ അദ്ദേഹം അനാരോഗ്യത്തെത്തുടര്‍ന്നു കഴിഞ്ഞ വര്‍ഷം മേയ് 2നാണു പദവിയൊഴിഞ്ഞത്. 2008ല്‍ രാജ്യം പത്മവിഭൂഷന്‍ നല്‍കി ആദരിച്ചു.  2012ല്‍ ഇന്റര്‍നാഷനല്‍ ലക്ഷ്വറി ട്രാവല്‍ മാര്‍ക്കറ്റിന്റെ (ഐല്‍ടിഎം) സമഗ്രസംഭാവനയ്ക്കുള്ള പുരസ്‌കാരം ലഭിച്ചു.

സുബ്രത റോയ്. Photo: AFP / Sujit Jaiswal
സുബ്രത റോയ്. Photo: AFP / Sujit Jaiswal

∙ സുബ്രത റോയ്

സഹാറ ഇന്ത്യ പരിവാര്‍ സ്ഥാപകനും ചെയര്‍മാനുമായ സുബ്രത റോയ് (75) നവംബര്‍ 14ന് അന്തരിച്ചു. 1948 ജൂണ്‍ 10ന് ബിഹാറില്‍ ജനിച്ച റോയ് 1976ല്‍ പ്രതിസന്ധിയിലായ സഹാറ ഫിനാന്‍സ് കമ്പനി ഏറ്റെടുത്തുകൊണ്ടാണ് ബിസിനസ് രംഗത്തേക്കു ചുവടുവച്ചത്. 1978ല്‍ കമ്പനിയുടെ പേര് സഹാറ ഇന്ത്യ പരിവാര്‍ എന്നു മാറ്റി. സുബ്രതോ റോയിയുടെ നേതൃത്വത്തില്‍ സഹാറ വിവിധ മേഖലകളിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിച്ചു. 1992ല്‍ രാഷ്ട്രീയ സഹാറ എന്ന പേരില്‍ ഹിന്ദി ഭാഷാ ദിനപത്രം തുടങ്ങി. സഹാറ ടിവി ചാനല്‍ ആരംഭിച്ചു. പിന്നീട്, ലണ്ടനിലെ ഗ്രോസ്വെനര്‍ ഹൗസ് ഹോട്ടല്‍, ന്യൂയോര്‍ക്ക് സിറ്റിയിലെ പ്ലാസ ഹോട്ടല്‍ എന്നിവ ഏറ്റെടുത്തുകൊണ്ട് രാജ്യാന്തര ശ്രദ്ധ നേടി. ഇന്ത്യന്‍ റെയില്‍വേ കഴിഞ്ഞാല്‍ ഏറ്റവുമധികം ജീവനക്കാരുള്ള ഇന്ത്യയിലെ രണ്ടാമത്തെ വലിയ തൊഴില്‍ദാതാവെന്നു സഹാറയെ ടൈം മാഗസിന്‍ പ്രശംസിച്ചിരുന്നു. സെബിയില്‍ (സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ്) റജിസ്റ്റര്‍ ചെയ്യാത്ത കടപ്പത്രങ്ങളിലൂടെ ലക്ഷക്കണക്കിനു നിക്ഷേപകരെ വഞ്ചിച്ചെന്ന കേസില്‍ 2010ല്‍ സെബി അന്വേഷണം ആരംഭിച്ചതോടെ കമ്പനി തിരിച്ചടി നേരിട്ടു. ഇത്തരത്തില്‍ സമാഹരിച്ച  24,000 കോടി രൂപ നിക്ഷേപകര്‍ക്കു തിരികെ നല്‍കാന്‍ 2012ല്‍ സുപ്രീം കോടതി വിധിച്ചു. കോടതിയില്‍ ഹാജരാകാതിരുന്നതിനെത്തുടര്‍ന്ന് 2014ല്‍ സുബ്രതോ റോയിയെ സുപ്രീം കോടതി തടവിലാക്കി. 2016ല്‍ പരോളില്‍ പുറത്തിറങ്ങിയെങ്കിലും സഹാറ ഗ്രൂപ്പിനെ പുനരുജ്ജീവിപ്പിക്കുന്നതില്‍ പരാജയപ്പെട്ടു.

പി.വൽസല
പി.വല്‍സല (ഫയൽ ചിത്രം ∙ മനോരമ)

∙ പി.വല്‍സല

മലയാളസാഹിത്യത്തിനു പുന്നെല്ലിന്റെ പുണ്യം തൂകിയ പ്രിയകഥാകാരി പി.വല്‍സല (84) നവംബര്‍ 21ന് വിടവാങ്ങി. കേരള സാഹിത്യ അക്കാദമി മുന്‍ അധ്യക്ഷയാണ്. നോവലിനും സമഗ്രസംഭാവനയ്ക്കുമുള്ള അക്കാദമി അവാര്‍ഡുകള്‍ നേടിയിട്ടുണ്ട്. ഹൈസ്‌കൂള്‍ പഠനകാലത്ത്  വാരികകളില്‍ കഥയും കവിതയും എഴുതിത്തുടങ്ങി. ഇരുപതോളം നോവലുകളും മുന്നൂറിലേറെ ചെറുകഥകളും ബാലസാഹിത്യകൃതികളും ജീവചരിത്ര ഗ്രന്ഥങ്ങളും യാത്രാവിവരണങ്ങളും എഴുതിയിട്ടുണ്ട്. വയനാട്ടിലെ ആദിവാസികളുടെ ജീവിതത്തെ മുന്‍നിര്‍ത്തി രചിച്ച 'നെല്ല്' എന്ന നോവലിലൂടെയാണു ശ്രദ്ധേയയായത്. 'തകര്‍ച്ച' ആണ് ആദ്യ നോവല്‍. 'നിഴലുറങ്ങുന്ന വഴികള്‍' എന്ന നോവലിന് 1975ല്‍ കേരളസാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചു. 2007ല്‍ സമഗ്രസംഭാവനയ്ക്കുള്ള കേരള സാഹിത്യ അക്കാദമിയുടെ അവാര്‍ഡും 2019ല്‍ കേരള സാഹിത്യ അക്കാദമി വിശിഷ്ടാംഗത്വവും ലഭിച്ചു. 

പി.സിറിയക് ജോൺ
പി.സിറിയക് ജോൺ

∙ സിറിയക് ജോണ്‍

മുന്‍മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ പി.സിറിയക് ജോണ്‍ (91) നവംബര്‍ 30ന് അന്തരിച്ചു. കര്‍ഷക കോണ്‍ഗ്രസ് മുന്‍ സംസ്ഥാന പ്രസിഡന്റായ സിറിയക് ജോണ്‍ എന്‍സിപി സംസ്ഥാന പ്രസിഡന്റായും പ്രവര്‍ത്തിച്ചു. 4 തവണ കേരള നിയമസഭാംഗമായി. 1982 മുതല്‍ 2 വര്‍ഷം കൃഷി മന്ത്രിയുമായിരുന്നു. തിരുവമ്പാടി ഉള്‍പ്പെട്ട കല്‍പറ്റ മണ്ഡലത്തില്‍ നിന്നു കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായാണ് 1970ല്‍ നിയമസഭയിലെത്തിയത്. 1977, 80, 82 വര്‍ഷങ്ങളില്‍ തിരുവമ്പാടിയില്‍ നിന്നു വിജയം ആവര്‍ത്തിച്ചു. 84ല്‍ കെ.കരുണാകരന്‍ മന്ത്രിസഭയില്‍ നിന്നു രാജിവച്ച് കോണ്‍ഗ്രസ് എസില്‍ ചേര്‍ന്നു. എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി 87ല്‍ ബത്തേരിയിലും 91ലും 96ലും തിരുവമ്പാടിയിലും മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. 2007ല്‍ കോണ്‍ഗ്രസില്‍ തിരിച്ചെത്തി.

കാനം രാജേന്ദ്രൻ.ചിത്രം: അഭിജിത്ത് രവി∙മനോരമ
കാനം രാജേന്ദ്രൻ.ചിത്രം: അഭിജിത്ത് രവി∙മനോരമ

∙ കാനം രാജേന്ദ്രന്‍

കനമുള്ള വാക്കും കര്‍ശനനിലപാടുമായി സിപിഐയെ നയിച്ച കാനം രാജേന്ദ്രന്‍ (73) ഡിംസബര്‍ 8ന് വിടവാങ്ങി. 2015 മുതല്‍ സിപിഐ സംസ്ഥാന സെക്രട്ടറിയായിരുന്നു കാനം. എം.എന്‍.ഗോവിന്ദന്‍ നായരും സി.അച്യുതമേനോനും സിപിഐയുടെ നേതൃനിരയിലുള്ളപ്പോള്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയറ്റിലെത്തിയ കാനം 1982 ല്‍ 32 ാം വയസ്സില്‍ വാഴൂരില്‍നിന്ന് എംഎല്‍എയായി, 87 ലും തിരഞ്ഞെടുക്കപ്പെട്ടു. പിന്നീടു 3 തവണ മത്സരിച്ചെങ്കിലും ജയിക്കാനായില്ല. പി.കെ.വാസുദേവന്‍ നായര്‍ക്കു ശേഷം കോട്ടയം ജില്ലയില്‍നിന്ന് സിപിഐയുടെ സംസ്ഥാന സെക്രട്ടറിയായ കാനം 2015 ല്‍ കോട്ടയത്തു തന്നെ നടന്ന സംസ്ഥാന സമ്മേളനത്തിലാണ് ആ പദവിയില്‍ എത്തിയത്. പിന്നീട് മലപ്പുറം, തിരുവനന്തപുരം സംസ്ഥാന സമ്മേളനങ്ങളിലും സെക്രട്ടറിയായി. സിപിഐ കേന്ദ്ര സെക്രട്ടേറിയറ്റ് അംഗവുമാണ്. എഐടിയുസി സംസ്ഥാന പ്രസിഡന്റും ജനറല്‍ സെക്രട്ടറിയുമായിരുന്നു. 53 വര്‍ഷമായി സിപിഐ സംസ്ഥാന കൗണ്‍സില്‍ അംഗമാണ്. എഐഎസ്എഫിലൂടെ രാഷ്ട്രീയരംഗത്തേക്കു  വന്ന കാനം 1970 ല്‍ എഐവൈഎഫ് സംസ്ഥാന സെക്രട്ടറിയായി. 2 തവണ സിപിഐയുടെ കോട്ടയം ജില്ലാ സെക്രട്ടറിയായും പ്രവര്‍ത്തിച്ചു.

ഇന്നസന്റ്. ചിത്രം: ഫഹദ് മുനീർ ∙ മനോരമ
ഇന്നസന്റ്. ചിത്രം: ഫഹദ് മുനീർ ∙ മനോരമ

∙ ഇന്നസന്റ്

നാവിന്‍തുമ്പില്‍ നര്‍മം പുരട്ടി സിനിമയെയും ജീവിതത്തെയും ഒരുപോലെ പ്രസാദാത്മകമാക്കിയ ഇന്നസന്റ് (75) മാര്‍ച്ച് 26ന് വിടവാങ്ങി. തെക്കേത്തല വറീതിന്റെയും മര്‍ഗലീത്തയുടെയും മകനായി 1948 മാര്‍ച്ച് നാലിന് ഇരിങ്ങാലക്കുടയില്‍ ജനിച്ച ഇന്നസന്റ് എട്ടാം ക്ലാസില്‍ പഠിപ്പു നിര്‍ത്തി. നാട്ടുകാരനും സുഹൃത്തുമായ സംവിധായകന്‍ മോഹന്‍ മുഖേനയാണ് സിനിമാരംഗത്തുവരുന്നത്. 700ല്‍ അധികം സിനിമകളില്‍ അഭിനയിച്ചു. ആദ്യസിനിമ നൃത്തശാല (1972). മലയാളത്തിനു പുറമേ ഹിന്ദി, തമിഴ്, കന്നഡ, ഇംഗ്ലിഷ് ഭാഷകളിലും അഭിനയിച്ചിട്ടുണ്ട്. 1989ല്‍ മികച്ച രണ്ടാമത്തെ നടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം (ചിത്രം: മഴവില്‍ക്കാവടി) നേടി. 1981ല്‍ ഡേവിഡ് കാച്ചപ്പള്ളിയുമായി ചേര്‍ന്ന് 'ശത്രു കംബൈന്‍സ്' എന്ന സിനിമാ നിര്‍മാണക്കമ്പനി തുടങ്ങി. ഇളക്കങ്ങള്‍, വിടപറയും മുന്‍പേ, ഓര്‍മയ്ക്കായി, ലേഖയുടെ മരണം ഒരു ഫ്‌ലാഷ് ബാക്ക്, ഒരു കഥ ഒരു നുണക്കഥ എന്നീ ചിത്രങ്ങള്‍ നിര്‍മിച്ചു. ഏതാനും ചിത്രങ്ങള്‍ക്കു കഥയെഴുതുകയും ഒരു കഥാസമാഹാരം പ്രസിദ്ധീകരിക്കുകയും ചെയ്തു. 2000 മുതല്‍ 2018 വരെ താരസംഘടന അമ്മയുടെ പ്രസിഡന്റ് ആയിരുന്നു. 1979ല്‍ ഇരിങ്ങാലക്കുട നഗരസഭാ കൗണ്‍സിലറായ അദ്ദേഹം 2014ല്‍ ചാലക്കുടി പാര്‍ലമെന്റ് മണ്ഡലത്തില്‍ യുഡിഎഫിന്റെ പി.സി.ചാക്കോയ്‌ക്കെതിരെ ഇടതുപക്ഷ സ്വതന്ത്ര സ്ഥാനാര്‍ഥിയായി വിജയിച്ചു. 2019ല്‍ ബെന്നി ബഹനാനോടു പരാജയപ്പെട്ടു.

ജസ്റ്റിസ് എം.ഫാത്തിമ ബീവി
ജസ്റ്റിസ് എം.ഫാത്തിമ ബീവി

∙ ജസ്റ്റിസ് ഫാത്തിമ ബീവി

സുപ്രീംകോടതിയിലെ ആദ്യ വനിതാ ജഡ്ജിയും ഗവർണർ സ്ഥാനത്തെത്തുന്ന ആദ്യ മലയാളി വനിതയുമായ ജസ്റ്റിസ് എം.ഫാത്തിമ ബീവി (96) നവംബർ 23ന് വിടവാങ്ങി. 1989 മുതൽ 92 വരെ സുപ്രീം കോടതി ജഡ്ജിയായിരുന്ന ഫാത്തിമ ബീവി, 1997 മുതൽ 2001 വരെ തമിഴ്നാട് ഗവർണറുമായി. സംസ്ഥാന സർക്കാരിന്റെ രണ്ടാമത്തെ പരമോന്നത പുരസ്കാരമായ കേരളപ്രഭയാണ് അവസാനമായി ലഭിച്ച പുരസ്കാരം. തിരുവനന്തപുരം ലോ കോളജിൽനിന്നു സ്വർണമെഡലോടെ നിയമബിരുദം നേടിയ ഫാത്തിമ ബീവി 1950 ൽ കൊല്ലം ജില്ലാ കോടതിയിൽ അഭിഭാഷകയായി ഔദ്യോഗിക ജീവിതം തുടങ്ങി. പിന്നീടു ഹൈക്കോടതിയിലും സുപ്രീം കോടതിയിലും ജഡ്ജിയായി. ദേശീയ മനുഷ്യാവകാശ കമ്മിഷനിലും ആദായനികുതി അപ്‌ലറ്റ് ട്രൈബ്യൂണലിലും അംഗമായിരുന്നു. 

എൻ.ശങ്കരയ്യ (ഫയൽ ചിത്രം)
എൻ.ശങ്കരയ്യ (ഫയൽ ചിത്രം)

∙ ശങ്കരയ്യ

സിപിഎമ്മിന്റെ സ്ഥാപക നേതാക്കളിലൊരാളായ എൻ.ശങ്കരയ്യ (102) നവംബർ 15ന് അന്തരിച്ചു. 1964 ൽ സിപിഐ ദേശീയ കൗൺസിലിൽനിന്ന് ഇറങ്ങിപ്പോയി സിപിഎമ്മിനു രൂപം നൽകിയ 32 നേതാക്കളിലൊരാളാണ് ‘എൻഎസ്’ എന്ന എൻ.ശങ്കരയ്യ. 1995– 2002 കാലയളവിൽ തമിഴ്നാട് സംസ്ഥാന സെക്രട്ടറിയായിരുന്ന ശങ്കരയ്യ, പാർട്ടി കേന്ദ്രകമ്മിറ്റി അംഗം, ഓൾ ഇന്ത്യ കിസാൻ സഭ പ്രസിഡന്റ്, സെക്രട്ടറി എന്നീ നിലകളിലും പ്രവർത്തിച്ചു. 1967, 77, 80 വർഷങ്ങളിൽ തമിഴ്നാട് നിയമസഭയിലെത്തി.തമിഴ്നാട് സിപിഎമ്മിന്റെ മുഖപത്രമായ ‘തീക്കതിരി’ന്റെ പത്രാധിപരായിരുന്നു. അതിനുമുൻപ് ‘ജനശക്തി’ വാരികയുടെയും അമരത്തുണ്ടായിരുന്നു. 

ഹെൻറി കിസ്സിൻജർ (PTI Photo/Kamal Kishore)
ഹെൻറി കിസ്സിൻജർ (PTI Photo/Kamal Kishore)

∙ ഹെൻറി കിസിഞ്ജര്‍

യുഎസിലെ ഏറ്റവും ശ്രദ്ധേയനായ നയതന്ത്രജ്ഞനും നൊബേല്‍ സമാധാന സമ്മാന ജേതാവുമായ ഡോ. ഹെൻറി കിസിഞ്ജര്‍ (100) നവംബര്‍ 29ന് അന്തരിച്ചു. റിച്ചഡ് നിക്‌സന്‍, ജെറള്‍ഡ് ഫോഡ് എന്നീ പ്രസിഡന്റുമാരുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവും സെക്രട്ടറി ഓഫ് സ്റ്റേറ്റുമായിരുന്ന കിസിഞ്ജര്‍ ശീതയുദ്ധകാലത്ത് യുഎസ് വിദേശകാര്യനയം നിര്‍ണയിച്ച സുപ്രധാന ശക്തിയായിരുന്നു. അവസാനകാലം വരെ രാജ്യാന്തരരംഗത്തു സജീവമായിരുന്നു. 1973 ല്‍ വിയറ്റ്‌നാം യുദ്ധം അവസാനിപ്പിച്ച ഉടമ്പടിയുടെ പേരിലാണ് സമാധാന നൊബേല്‍ ലഭിച്ചത്. യുദ്ധവെറിയുടെ പേരില്‍ ഏറെ വിമര്‍ശിക്കപ്പെട്ടിട്ടുമുണ്ട്. ജര്‍മനിയിലെ ഫുര്‍ത്തില്‍ 1923 മേയ് 27നു ജനിച്ച ഹെയ്ന്‍സ് ആല്‍ഫ്രഡ് കിസിഞ്ജര്‍ നാത്‌സി പീഡനം ശക്തമായതിനെത്തുടര്‍ന്ന് 1938 ലാണ് കുടുംബസമേതം യുഎസിലെത്തിയത്. ഹെൻറി എന്ന ഇംഗ്ലിഷ് പേരിലേക്കു മാറിയ അദ്ദേഹം 1943 ല്‍ യുഎസ് പൗരനായി. രണ്ടാം ലോകയുദ്ധത്തില്‍ സേവനമനുഷ്ഠിച്ചു. യുദ്ധം അവസാനിച്ചശേഷം സ്‌കോളര്‍ഷിപ്പോടെ ഹാര്‍വഡില്‍ പഠനം തുടര്‍ന്നു. 1952 ല്‍ മാസ്റ്റേഴ്‌സും 1954 ല്‍ ഡോക്ടറേറ്റും നേടി 17 വര്‍ഷം അവിടെ അധ്യാപകനായി സേവനം ചെയ്തു. നയതന്ത്ര വിഷയങ്ങളില്‍ സര്‍ക്കാരിന്റെ കണ്‍സല്‍റ്റന്റായിരുന്ന അദ്ദേഹം 1968 ല്‍ നിക്‌സന്‍ പ്രസിഡന്റായപ്പോള്‍ ദേശീയ സുരക്ഷാ ഉപദേശകനായി. പിന്നീട് സെക്രട്ടറി ഓഫ് സ്റ്റേറ്റ് പദവിയും കൂടി ലഭിച്ചതോടെ യുഎസ് നയതന്ത്രത്തില്‍ കിസിഞ്ജറുടേത് അവസാന വാക്കായി.  ലോകസമാധാനം നിലനിര്‍ത്തുന്നതിന് തന്ത്രപ്രധാന ആയുധങ്ങള്‍ സംബന്ധിച്ച് സോവിയറ്റ് യൂണിയനുമായുള്ള കരാര്‍ സാധ്യമാക്കിയത് കിസിഞ്ജറുടെ നയതന്ത്രമാണ്.

ഡോ.എം. കുഞ്ഞാമൻ
ഡോ.എം. കുഞ്ഞാമൻ

∙  ഡോ.എം. കുഞ്ഞാമന്‍

പ്രമുഖ സാമ്പത്തിക ശാസ്ത്രജ്ഞനും ചിന്തകനുമായ ഡോ.എം. കുഞ്ഞാമന്‍ (74) ഡിസംബര്‍ 3ന് അന്തരിച്ചു. പട്ടിണിയും കൊടിയ ജാതി വിവേചനവും മറികടന്നാണ് കുഞ്ഞാമന്‍ രാജ്യത്തെ ശ്രദ്ധേയനായ ബുദ്ധിജീവികളില്‍ ഒരാളായത്. കെ.ആര്‍.നാരായണനു ശേഷം ഇക്കണോമിക്‌സില്‍ എംഎയ്ക്ക് ഒന്നാം റാങ്ക് നേടുന്ന ആദ്യ ദലിത് വിദ്യാര്‍ഥിയായി. മുന്‍ മുഖ്യമന്ത്രിമാരായ ഇഎംഎസ് നമ്പൂതിരിപ്പാട്, വി.എസ്.അച്യുതാനന്ദന്‍ എന്നിവരുമായി അടുപ്പം പുലര്‍ത്തിയിരുന്ന കുഞ്ഞാമന്‍, അതേസമയം തന്നെ ഇടതുപക്ഷത്തോടുള്ള വിയോജിപ്പുകള്‍ തുറന്നുപറഞ്ഞിരുന്നു. പാലക്കാട് പട്ടാമ്പി വാടാനംകുറിശ്ശി സ്വദേശിയായ കുഞ്ഞാമന്‍ സെന്റര്‍ ഫോര്‍ ഡവലപ്‌മെന്റ് സ്റ്റഡീസില്‍ നിന്ന് എംഫില്ലും കുസാറ്റില്‍ നിന്നു പിഎച്ച്ഡിയും നേടി. കേരള സര്‍വകലാശാല ഇക്കണോമിക്‌സ് വകുപ്പില്‍ 27 വര്‍ഷം അധ്യാപകനായിരുന്നു. 2006 ല്‍ മഹാരാഷ്ട്രയിലെ ടാറ്റ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സസില്‍ ചേര്‍ന്നു. ഡെലവപ്‌മെന്റ് ഓഫ് ട്രൈബല്‍ ഇക്കോണമി, സ്റ്റേറ്റ് ലവല്‍ പ്ലാനിങ് ഇന്‍ ഇന്ത്യ, ഗ്ലോബലൈസേഷന്‍: എ സബാള്‍ട്ടേണ്‍ പെഴ്‌സ്‌പെക്ടീവ്, ഇക്കണോമിക് ഡവലപ്‌മെന്റ് ആന്‍ഡ് സോഷ്യല്‍ ചേഞ്ച്, കേരളത്തിലെ വികസന പ്രതിസന്ധി എന്നിവയാണ് പ്രധാന കൃതികള്‍. താന്‍ നേരിട്ട ജാതിവിവേചനങ്ങള്‍ തുറന്നെഴുതിയ 'എതിര്' എന്ന ആത്മകഥയ്ക്ക് 2021 ല്‍  കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചെങ്കിലും അദ്ദേഹം നിരസിച്ചു. നൂറിലേറെ ലേഖനങ്ങള്‍ രചിച്ചു.

∙ വിടപറഞ്ഞ മറ്റുചിലർ

നടിയും അവതാരകയുമായ സുബി സുരേഷ് (41), നടനും ടിവി  സ്റ്റേജ് ഷോ കലാകാരനുമായ കൊല്ലം സുധി, മുത്തശ്ശി വേഷങ്ങളിലൂടെ ശ്രദ്ധേയയായ നടിയും നര്‍ത്തകിയും സംഗീതജ്ഞയുമായ ആര്‍.സുബ്ബലക്ഷ്മി അമ്മാള്‍ (87), യുഎസ് ടിവിയിലെ ആദ്യ വാര്‍ത്താ അവതാരകയും പ്രമുഖ അഭിമുഖകാരിയുമായ ബാര്‍ബറ വോള്‍ട്ടേഴ്‌സ് (93),  പ്രമുഖ ടെക്‌സ്‌റ്റൈല്‍ ഡിസൈനറും നെയ്ത്തു കലാകാരിയുമായ  കെ.വി.ശാന്തകുമാരി (69), ടാറ്റ സണ്‍സ് മുന്‍ ഡയറക്ടറും മലയാളിയുമായ ആര്‍.കെ. കൃഷ്ണകുമാര്‍ (84), വീന്ദ്രസംഗീത ആലാപനത്തിലൂടെ ഇന്ത്യയുടെയും ലോകത്തിന്റെയും മനം കവര്‍ന്ന സുമിത്ര സെന്‍ (89), കവിയും ചലച്ചിത്ര ഗാനരചയിതാവും ടിവി അവതാരകനും നാടകകൃത്തുമായ ബീയാര്‍ പ്രസാദ് (61), ദക്ഷിണേന്ത്യന്‍ ചലച്ചിത്ര ലോകത്തെ പ്രശസ്ത കലാസംവിധായകനും പ്രൊഡക്ഷന്‍ ഡിസൈനറുമായ സുനില്‍ ബാബു (52), മുന്‍ ഇറ്റാലിയന്‍ ഫുട്‌ബോള്‍ താരവും ഇംഗ്ലിഷ് ക്ലബ് ചെല്‍സിയുടെ പരിശീലകനുമായിരുന്ന ജിയാന്‍ലൂക്ക വിയാലി (58), ഇന്ത്യയിലെ താക്കോല്‍ദ്വാര (ലാപ്രോസ്‌കോപിക്) ശസ്ത്രക്രിയയുടെ പിതാവ് എന്നറിയപ്പെടുന്ന ഡോ. ടെഹംടന്‍ ഇ. ഉദ്വാഡിയ (88), കന്നഡയിലെ പ്രമുഖ എഴുത്തുകാരിയും ദക്ഷിണേന്ത്യയില്‍ മെട്രിക്കുലേഷന്‍ പാസായ ആദ്യ മുസ്‌ലിം പെണ്‍കുട്ടിയും കാസര്‍കോട് സ്വദേശിയുമായ സാറ അബൂബക്കര്‍ (87), വിഖ്യാതനായ സെര്‍ബിയന്‍-അമേരിക്കന്‍ കവി ചാള്‍സ് സിമിക് (84), രണ്ടു പതിറ്റാണ്ടോളം പ്രേക്ഷകരെ പുളകം കൊള്ളിച്ച ഇറ്റാലിയന്‍ താരറാണി ജീന ലോലോബ്രിജിഡ (ലോലോ-95), ജനസംഖ്യാ ശാസ്ത്രജ്ഞനും ഐക്യരാഷ്ട്ര സംഘടന, ലോക ബാങ്ക് ഉദ്യോഗസ്ഥനുമായിരുന്ന ഡോ. കെ.സി.സക്കറിയ (99), കഴിഞ്ഞ നൂറ്റാണ്ടിലെ 2 ലോകയുദ്ധങ്ങളും മഹാമാരികളും കഴിഞ്ഞ വര്‍ഷം കോവിഡും അതിജീവിച്ച് ആയുസ്സിന്റെ പ്രകാശം പരത്തിയ സിസ്റ്റര്‍ ഓന്ദ്‌റേ (118), പ്രശസ്ത ഭരതനാട്യം കലാകാരി ലക്ഷ്മി വിശ്വനാഥന്‍ (78), പ്രശസ്ത കഥകളി കലാകാരന്‍ പുന്നയം ചന്ദ്രമന നാരായണന്‍ നമ്പൂതിരി (81), വിഖ്യാത കര്‍ണാടക സംഗീതജ്ഞരായ ബോംബെ സിസ്റ്റേഴ്‌സിലെ ഇളയസഹോദരി സി.ലളിത (85), മുന്‍ കേന്ദ്ര നിയമമന്ത്രിയും പ്രമുഖ അഭിഭാഷകനുമായ ശാന്തി ഭൂഷണ്‍ (97), പ്രശസ്ത തെന്നിന്ത്യന്‍ സംവിധായകനും ദാദാ സാഹേബ് ഫാല്‍കെ പുരസ്‌കാര ജേതാവുമായ കെ.വിശ്വനാഥ് (92),

തെലുങ്ക് നടന്‍ നന്ദമൂരി താരകരത്ന (39), മോഹിനിയാട്ടത്തിന് രാജ്യാന്തരപ്രശസ്തി നേടിക്കൊടുത്ത വിഖ്യാത നര്‍ത്തകി ഡോ. കനക് റെലെ (85), സുപ്രീം കോടതി മുന്‍ ചീഫ് ജസ്റ്റിസ് എ.എം.അഹ്മദി (അസീസ് മുഷാബര്‍ അഹ്മദി-91), സ്വാതന്ത്ര്യസമര സേനാനിയും കാവുമ്പായി സമരനേതാവുമായിരുന്ന ഇ.കെ.നാരായണന്‍ നമ്പ്യാര്‍ (99), സംഗീത സംവിധായകനും കേരള സംഗീത നാടക അക്കാദമി അവാര്‍ഡ് ജേതാവുമായ എന്‍.പി.പ്രഭാകരന്‍ (75), ഡൈവിങില്‍ തുടരെ രണ്ട് ഒളിംപിക്‌സുകളില്‍ ഇരട്ടസ്വര്‍ണം നേടിയ ആദ്യ താരമായ പാറ്റ് മക്കോര്‍മിക്, ദക്ഷിണാഫ്രിക്കയിലെ ഇന്ത്യന്‍വംശജനായ സ്വാതന്ത്ര്യസമരസേനാനി മുസെ മൂല (88), കഥാകൃത്തും നോവലിസ്റ്റുമായ സാറാ തോമസ് (88), ഇലക്ട്രോണിക് സംഗീതത്തിന്റെ മാര്‍ഗദര്‍ശിയും ഓസ്‌കര്‍ ജേതാവുമായ ജാപ്പനീസ് സംഗീത സംവിധായകന്‍ രൂയിച്ചി സാകാമോത്തോ (71), സ്വാതന്ത്ര്യസമര സേനാനിയും ഗാന്ധിയനും സിപിഐ നേതാവുമായ എ.ഗോപാലന്‍കുട്ടി മേനോന്‍ (106), ചലച്ചിത്ര പിന്നണിഗായികയും എഴുത്തുകാരിയും നിര്‍മാതാവുമായ പമേല ചോപ്ര (74), പ്രശസ്ത നാടക നടനും സംവിധായകനുമായ മയ്യനാട് കൂട്ടിക്കട താഴത്തുചേരി ചെക്കാലയില്‍ കബീര്‍ദാസ് (69), തമിഴ് നടനും നിര്‍മാതാവും സംവിധായകനുമായ മനോബാല (69), കര്‍ണാടക സംഗീത ലോകത്ത് മൃദംഗ വായനയില്‍ സ്വന്തം ശൈലി സൃഷ്ടിച്ച കാരൈക്കുടി ആര്‍.മണി (77), മലയാളം ഉള്‍പ്പെടെ ഇരുനൂറിലേറെ തെന്നിന്ത്യന്‍ ഭാഷാചിത്രങ്ങളില്‍ പ്രധാന വേഷത്തില്‍ അഭിനയിച്ച നടന്‍ ശരത് ബാബു (71), ത്രസിപ്പിക്കുന്ന ചുവടുകളും മുഴങ്ങുന്ന ശബ്ദവുമായി എണ്‍പതുകളിലെ പോപ് സംഗീത അരങ്ങുകളില്‍ ഉന്മാദഹര്‍ഷം നിറച്ച സൂപ്പര്‍താരം ടിന ടേണര്‍, ഭക്തിനിര്‍ഭരമായ ഒട്ടേറെ ഗാനങ്ങള്‍ക്ക് ഈണം നല്‍കിയ സംഗീതജ്ഞനും സംഗീത സംവിധായകനുമായ പി.കെ. കേശവന്‍ നമ്പൂതിരി (84), ശാന്തിഗിരി ആശ്രമം ഓര്‍ഗനൈസിങ് സെക്രട്ടറി സ്വാമി ഗുരുമിത്രന്‍ ജ്ഞാനതപസ്വി (47), മലയാള സിനിമയിലെ നാട്ടിടവഴികളില്‍ നാടന്‍ കഥാപാത്രങ്ങളായി ഒതുങ്ങിനടന്ന നടന്‍ ഹരീഷ് പേങ്ങന്‍ (എം.കെ.ഹരീഷ്‌കുമാര്‍-48), ഫ്രഞ്ച് ചിത്രകാരിയും എഴുത്തുകാരിയും വിഖ്യാത ചിത്രകാരന്‍ പിക്കാസോയുടെ പ്രണയിനിയുമായിരുന്ന ഫ്രാന്‍സ്വ ജിലോ (101), വിയറ്റ്‌നാം യുദ്ധത്തിനു പിന്നിലെ അമേരിക്കയുടെ നിയമവിരുദ്ധവും അധാര്‍മിക ഇടപെടലുകള്‍ ലോകശ്രദ്ധയില്‍ കൊണ്ടുവന്ന യുഎസ് യുദ്ധവിശകലന വിദഗ്ധന്‍ ഡാനിയല്‍ എല്‍സ്‌ബെര്‍ഗ് (92), അമുല്‍ ഗേളിന്റെ സ്രഷ്ടാവ് സില്‍വസ്റ്റര്‍ ഡി കുഞ്ഞ, രസതന്ത്ര നൊബേല്‍ ജേതാവും ലിഥിയം അയോണ്‍ ബാറ്ററി വികസിപ്പിക്കുന്നതില്‍ പങ്കാളിയുമായ ജോണ്‍ ഗുഡിനെഫ് (100),

നോവലിസ്റ്റും ചെറുകഥാകൃത്തുമായ എം.സുധാകരന്‍ (65), കന്നഡ നടിയും നിര്‍മാതാവുമായ സ്പന്ദന (41), സ്ഥിതിവിവര ശാസ്ത്രത്തിലെ ഇന്ത്യന്‍ ഇതിഹാസം ഡോ. സി.ആര്‍.റാവു, മലയാളത്തിലെ ഒട്ടേറെ ഹിറ്റ് സിനിമകളുടെ എഡിറ്റര്‍ കെ.പി.ഹരിഹരപുത്രന്‍ (79), മുതിര്‍ന്ന സിപിഎം നേതാവും ജനാധിപത്യ മഹിളാ അസോസിയേഷന്‍ ആദ്യ അഖിലേന്ത്യ വൈസ് പ്രസിഡന്റുമായ സരോജിനി ബാലാനന്ദന്‍ (86), ഈജിപ്ഷ്യന്‍ കോടീശ്വരനും ഡയാന രാജകുമാരിയോടൊപ്പം കാറപടകത്തില്‍ മരിച്ച ദോദി അല്‍ ഫയാദിന്റെ പിതാവുമായ മുഹമ്മദ് അല്‍ ഫയാദ് (94), മാര്‍ഗരിറ്റെവില്‍ ഉള്‍പ്പെടെയുള്ള ജനപ്രിയഗാനങ്ങളിലൂടെ പേരുകേട്ട ഗായകനും ഗാനരചയിതാവുമായ ജിമ്മി ബഫറ്റ് (76),  തമിഴ് ചലച്ചിത്ര നടനും സംവിധായകനുമായ ജി.മാരിമുത്തു (57), 1996 ല്‍ ക്ലോണിങ്ങിലൂടെ ഡോളി എന്ന ആട്ടിന്‍കുട്ടിക്കു ജന്മം നല്‍കിയ ശാസ്ത്രസംഘത്തെ നയിച്ച ഇയാന്‍ വില്‍മട് (79), എഴുത്തുകാരനും പ്രഭാഷകനും ഏറെ ശിഷ്യസമ്പത്തുള്ള അധ്യാപകനുമായ  പ്രഫ.സി.ആര്‍.ഓമനക്കുട്ടന്‍ (80), ഇറ്റലിയുടെ മുന്‍ പ്രസിഡന്റും ഇറ്റാലിയന്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ പ്രബല നേതാക്കളിലൊരാളുമായിരുന്ന ജോര്‍ജിയൊ നപൊളിറ്റാനോ (98), മുഖ്യ തിരഞ്ഞെടുപ്പു കമ്മിഷണറും കേന്ദ്രമന്ത്രിയും ആയിരുന്ന എം.എസ്.ഗില്‍ (86), പ്രശസ്ത സീരിയല്‍ സംവിധായകന്‍ ആദിത്യന്‍ (ഷെജി-47), സ്‌ക്രീനിലെ ചെറുവേഷങ്ങളിലൂടെ പ്രേക്ഷകനെ പൊട്ടിച്ചിരിപ്പിച്ച നടന്‍ കലാഭവന്‍ ഹനീഫ് (64), സിറോ മലബാര്‍ സഭ സീനിയര്‍ ബിഷപ്പും ചങ്ങനാശേരി അതിരൂപത മുന്‍ ആര്‍ച്ച് ബിഷപ്പുമായ മാര്‍ ജോസഫ് പൗവത്തില്‍, സിനിമ, സീരിയല്‍ നടന്‍ വിനോദ് തോമസ് (47), നടന്മാരായ കസാന്‍ ഖാന്‍, പൂജപ്പുര രവി, കൈലാസ് നാഥ്, കുണ്ടറ ജോണി, നടി അപര്‍ണ നായര്‍, യുവനടി ലക്ഷ്മിക സജീവന്‍,  തൃക്കരിപ്പൂര്‍ മുന്‍ എംഎല്‍എയും സിപിഎം നേതാവുമായ കെ.കുഞ്ഞിരാമന്‍,കോലഞ്ചേരി മലങ്കര ഓര്‍ത്തഡോക്‌സ് സിറിയന്‍ ചര്‍ച്ച് (എംഒഎസ്സി) മെഡിക്കല്‍ മിഷന്‍ ആശുപത്രി സ്ഥാപക മെഡിക്കല്‍ ഡയറക്ടറും പ്രമുഖ ശിശുരോഗ വിദഗ്ധനും വെല്ലൂര്‍ മെഡിക്കല്‍ കോളജ് പീഡിയാട്രിക്‌സ് വിഭാഗം മുന്‍ പ്രഫസറും മലയാള മനോരമയുടെ മെഡിക്കല്‍ ഡയറക്ടറുമായ കഞ്ഞിക്കുഴി മൗണ്ട് വാര്‍ധ തയ്യില്‍ കണ്ടത്തില്‍ ഡോ. കെ.സി.മാമ്മന്‍ (ബാപ്പുക്കുട്ടി - 93), മുതിര്‍ന്ന സിപിഎം നേതാവും കാസര്‍കോട് മുന്‍ ജില്ലാ സെക്രട്ടറിയുമായ എ.കെ.നാരായണന്‍ (84) എന്നിവരും വിടപറഞ്ഞു.

English Summary:

Notable Deaths in 2023

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com