ADVERTISEMENT

തിരുവനന്തപുരം∙ സർവകലാശാല സെനറ്റ് നിയമനത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ അനുകൂലിച്ച് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ നടത്തിയ പ്രസ്താവനയിൽ പ്രതികരണവുമായി എ.എ.റഹീം എംപി. കെ.സുധാകരൻ പണ്ട് ആർഎസ്എസ് ശാഖയ്ക്ക് കാവൽ നിൽക്കാൻ കോൺഗ്രസുകാരെ പറഞ്ഞുവിട്ട ആളാണെന്നും തോന്നിയാൽ ബിജെപിയിലേക്ക് പോകുമെന്നു പറഞ്ഞിട്ടുണ്ടെന്നും റഹീം സമൂഹമാധ്യമത്തിൽ കുറിച്ചു. 

സർവകലാശാല സെനറ്റ് നിയമനത്തിൽ ഗവർണറെ അനുകൂലിച്ച കെ.സുധാകരൻ, യോഗ്യതയുള്ള സംഘപരിവാര്‍ അനുകൂലികളെ സെനറ്റില്‍ നാമനിര്‍ദേശം ചെയ്യുന്നതിനെ എതിര്‍ക്കുന്നില്ലെന്നും സംഘപരിവാർ അനുകൂലികളും ജനാധിപത്യത്തിന്റെ ഭാഗമാണെന്നും പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് പ്രതികരണവുമായി റഹീം രംഗത്തെത്തിയത്.

റഹീമിന്റെ കുറിപ്പിന്റെ പൂർണരൂപം:

‘സംഘപരിവാറിന് എന്താണ് കുഴപ്പം?’. കെ.സുധാകരൻ പണ്ട് ആർഎസ്എസ് ശാഖയ്ക്ക് കാവൽ നിൽക്കാൻ കോൺഗ്രസുകാരെ പറഞ്ഞുവിട്ട ആളാണ്. തനിക്ക് തോന്നിയാൽ ബിജെപിയിലേക്ക് പോകും എന്നും പറഞ്ഞിട്ടുണ്ട്. അതുകൊണ്ട് കെ.സുധാകരൻ നടത്തിയ സംഘപരിവാർ അനുകൂല പ്രസ്താവനയിൽ ഒരു ഞെട്ടലുമില്ല.

ആദ്യം പറഞ്ഞ രണ്ടും പോലല്ല ഇപ്പോഴത്തെ കാര്യം. അതിൽ തികച്ചും നയപരമായ ഒരു ഭാഗമുണ്ട്. കേരളത്തിലെ സർവകലാശാല സെനറ്റുകളിൽ ആർഎസ്എസുകാരെ നിയമവിരുദ്ധമായും ജനാധിപത്യവിരുദ്ധമായും ചാൻസലർ ശുപാർശ ചെയ്യുന്നതിൽ ഒരു കുഴപ്പവുമില്ല എന്ന് കോൺഗ്രസ് അധ്യക്ഷൻ ഇതിലൂടെ പ്രഖ്യാപിച്ചിരിക്കുകയാണ്. അത് കോൺഗ്രസിന്റെ നയപരമായ പ്രഖ്യാപനമാണ്. കോൺഗ്രസിന്റെ ഈ നയത്തോട് ലീഗിന്റെ നിലപാട് എന്താണ്?. 

സർവകലാശാല സെനറ്റിലേക്ക് ഗവർണർ സംഘപരിവാർ പ്രവർത്തകരെ കുത്തിനിറയ്ക്കുന്നത് സിൻഡിക്കേറ്റ് ലക്ഷ്യം വച്ചാണ്. സർവകലാശാലകളെ വർഗീയവൽക്കരിക്കുകയാണ് ലക്ഷ്യം. സിൻഡിക്കേറ്റിലേക്കായാലും നിയമസഭയിലായാലും സംഘപരിവാർ അംഗങ്ങൾ വരുന്നതിൽ തനിക്ക് ഒരു കുഴപ്പവുമില്ലെന്ന് പറയുന്ന കെപിസിസി അധ്യക്ഷൻ മതനിരപേക്ഷ കേരളത്തിന് അപമാനമാണ്.

English Summary:

AA Rahim on K Sudhakaran's Sangh Parivar remarks

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com