നിർത്തിയിട്ടിരുന്ന വിമാനം കൊടുങ്കാറ്റിൽ വട്ടം കറങ്ങി, ചവിട്ടുപടികൾ തട്ടിത്തെറിപ്പിച്ചു– വിഡിയോ
Mail This Article
ബ്യൂണസ് ഐറിസ്∙ കിഴക്കൻ അർജന്റീനയിൽ ആഞ്ഞുവീശിയ കൊടുങ്കാറ്റിൽ വിമാനത്താവളത്തിൽ പാർക്ക് ചെയ്തിരുന്ന യാത്രാ വിമാനം വട്ടംകറങ്ങുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറൽ. ഞായറാഴ്ച, രാജ്യതലസ്ഥാനമായ ബ്യൂണസ് ഐറിസിനു സമീപമുള്ള എയറോപാർക് ജോർജ് ന്യൂബെറി വിമാനത്താവളത്തിലാണ് സംഭവം. ശക്തമായ കാറ്റിൽ, നിർത്തിയിട്ടിരുന്ന വിമാനം വട്ടംകറങ്ങുന്നത് ദൃശ്യങ്ങളിൽ കാണാം. വിമാനത്തിന്റെ ചിറക് തട്ടി ബോർഡിങ് പടികൾ മറിഞ്ഞുവീഴുന്നുമുണ്ട്.
കൊടുങ്കാറ്റിൽ 14 പേർക്ക് ജീവൻ നഷ്ടപ്പെട്ടതായി അധികൃതർ അറിയിച്ചു. നിരവധി കെട്ടിടങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുകയും വൈദ്യുതി മുടങ്ങുകയും ചെയ്തു. ശനിയാഴ്ച രാത്രി ബഹിയ ബ്ലാങ്ക നഗരത്തിൽ മണിക്കൂറിൽ 150 കിലോമീറ്റർ വേഗതയിൽ വീശിയടിച്ച കൊടുങ്കാറ്റിൽ റോളർ സ്കേറ്റിങ് മത്സരം നടന്ന കായിക കേന്ദ്രത്തിന്റെ മേൽക്കൂര തകർന്നുവീണു. സംഭവത്തിൽ 14 പേർക്ക് പരുക്കേറ്റതായി നഗരസഭാധികൃതർ അറിയിച്ചു.
രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി അർജന്റീനിയൻ പ്രസിഡന്റ് ജാവിയർ മിലി ഞായറാഴ്ച ബഹിയ ബ്ലാങ്കയിലേക്ക് നിരവധി മന്ത്രിമാർക്കൊപ്പം യാത്രതിരിച്ചതായി എഎഫ്‌പി റിപ്പോർട്ട് ചെയ്തു. ബ്യൂണസ് ഐറിസിൽ നിന്ന് 40 കിലോമീറ്റർ അകലെയുള്ള മൊറേനോ പട്ടണത്തിൽ മരക്കൊമ്പ് വീണ് ഒരു സ്ത്രീ കൊല്ലപ്പെട്ടതോടെ കൊടുങ്കാറ്റിൽ ജീവൻ നഷ്ടപ്പെട്ടവരുടെ എണ്ണം 14 ആയി.