ADVERTISEMENT

ന്യൂഡൽഹി ∙ അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിലേക്ക് മുതിർന്ന ബിജെപി നേതാക്കളായ എൽ.കെ. അഡ്വാനിയെയും മുരളി മനോഹർ ജോഷിയെയും ക്ഷണിച്ച് വിശ്വഹിന്ദു പരിഷത്ത് (വിഎച്ച്‌പി). ആരോഗ്യവും പ്രായവും കണക്കിലെടുത്ത് ഇരുവരും ചടങ്ങിൽ വരരുതെന്ന് അഭ്യർഥിച്ചതായി രാമക്ഷേത്ര ട്രസ്റ്റ് വ്യക്തമാക്കിയതിനു പിന്നാലെയാണ് വിഎച്ച്പിയുടെ ക്ഷണം. ജനുവരി 22ന് നടക്കുന്ന ചടങ്ങിൽ പങ്കെടുക്കാൻ  ബിജെപിയുടെ മുതിർന്ന നേതാക്കളായ ഇരുവരും സന്നദ്ധത അറിയിച്ചതായി വിഎച്ച്പി അധ്യക്ഷൻ അലോക് കുമാർ പറഞ്ഞു. 

‘‘രാമക്ഷേത്ര നിർമാണ നീക്കങ്ങളുടെ തുടക്കക്കാരായ അഡ്വാനിയെയും മുരളി മനോഹർ ജോഷിയെയും പ്രതിഷ്ഠാചടങ്ങിലേക്കു ക്ഷണിച്ചു. ചടങ്ങിൽ പങ്കെടുക്കാൻ പരമാവധി ശ്രമിക്കുമെന്ന് ഇരുവരും അറിയിച്ചു.’’– അലോക് കുമാർ എക്സ് പ്ലാറ്റ്‌ഫോമിൽ കുറിച്ചു. 

ജനുവരി 22ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന പ്രതിഷ്ഠാ ചടങ്ങിനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുകയാണെന്ന് രാമക്ഷേത്ര ട്രസ്റ്റ് ജനറൽ സെക്രട്ടറി ചമ്പത് റായ് പറഞ്ഞു. ജനുവരി 15നകം ഒരുക്കങ്ങൾ പൂർത്തിയാകുമെന്നും പ്രാണപ്രതിഷ്ഠയ്ക്കുള്ള പൂജ ജനുവരി 16ന് ആരംഭിച്ച് 22 വരെ തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നാലായിരത്തോളം പുരോഹിതരെയും 2,200 മറ്റ് അതിഥികളെയും ക്ഷണിച്ചിട്ടുണ്ട്.

പ്രധാന ക്ഷേത്രങ്ങളായ കാശി വിശ്വനാഥ്, വൈഷ്ണോദേവി തുടങ്ങിയവയിലെയും മത, ഭരണഘടനാ സ്ഥാപനങ്ങളുടെയും പ്രതിനിധികൾ പങ്കെടുക്കും. ജനുവരി 23ന് ക്ഷേത്രം ഭക്തർക്കായി തുറന്നു നൽകും.

English Summary:

Vishwa Hindu Parishad invited L.K. Advani and Murali Manohar Joshi For Ram Temple Consecration

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com