ADVERTISEMENT

വാഷിങ്ടൻ∙ യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍നിന്ന് മുൻ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിനെ അയോഗ്യനാക്കി. കൊളറാ‍‍ഡോ സുപ്രീം കോടതിയാണ് ട്രംപിനെ അയോഗ്യനാക്കി ഉത്തരവ് പുറപ്പെടുവിച്ചത്. 2021ല്‍ യുഎസ് പാര്‍ലമെന്‍റ്  മന്ദിരമായ ക്യാപ്പിറ്റളിൽ കലാപ സമാനമായ പ്രതിഷേധം നടന്നതില്‍ ട്രംപിന് പങ്കുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ നിര്‍ണായക ഇടപെടല്‍. യുഎസിന്റെ ചരിത്രത്തിൽ അട്ടിമറിയുടെയോ അക്രമത്തിന്റെയോ പേരിൽ അയോഗ്യനാക്കപ്പെടുന്ന ആദ്യ പ്രസിഡന്റ് സ്ഥാനാർഥിയാണ് ട്രംപ്. 

കലാപത്തിലും അക്രമങ്ങളിലും മറ്റും ഉൾപ്പെട്ടവരെ അധികാര സ്ഥാനങ്ങളിൽനിന്നു വിലക്കുന്ന 14ാം ഭേദഗതിയുടെ മൂന്നാം വകുപ്പു പ്രകാരമാണ് വിധി. പ്രതിഭാഗത്തിന് അപ്പീൽ പോകുന്നതിനായി ജനുവരി നാലു വരെ വിധി സ്റ്റേ ചെയ്തു. പ്രസിഡന്റ് തിരഞ്ഞെടുപ്പിനായി പ്രൈമറി ബാലറ്റുകൾ അച്ചടിക്കേണ്ട അവസാന തീയതി ജനുവരി 5 ആണ്.

കോടതി വിധി തികച്ചും അന്യായവും ജനാധിപത്യവിരുദ്ധവുമാണെന്നും സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കുമെന്നും ട്രംപിന്‍റെ പ്രചാരണ വിഭാഗം വക്താവ് പ്രതികരിച്ചു. ക്യാപ്പിറ്റളിൽ നടന്ന സംഘർഷം ട്രംപിനെ വിലക്കാൻ മാത്രം ഗൗരവമുള്ളതല്ലെന്നും ബാലറ്റിൽനിന്ന് ട്രംപിനെ നീക്കം ചെയ്യാനുള്ള അധികാരം കോടതിക്കില്ലെന്നും ട്രംപിനു വേണ്ടി ഹാജരായ അഭിഭാഷകൻ കോടതിയിൽ വാദിച്ചു.  എന്നാൽ പ്രതികരിക്കാൻ യുഎസ് പ്രസിഡന്റ് ജോ ബൈഡൻ തയാറായില്ല. 

2020ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിനു പിന്നാലെ ജോ ബൈഡൻ യുഎസ് പ്രസിഡന്റായി അധികാരത്തിലേറുന്നത് ചെറുക്കാൻ ക്യാപ്പിറ്റളിൽ വൻ സംഘർഷം അരങ്ങേറിയിരുന്നു. ഇതിനു നേതൃത്വം നൽകിയത് ട്രംപാണെന്ന് ആരോപിച്ച് സിറ്റിസൺ ഫോർ റെസ്പോൺസിബിലിറ്റി ആൻഡ് എത്തിക്സിന്റെ പിന്തുണയിൽ കൊളറാഡോയിലെ ചില വോട്ടർമാരാണ് പരാതി നൽകിയത്. കൊളറാ‍‍ഡോ സ്റ്റേറ്റില്‍ മാത്രമാകും ഈ നിയമത്തിന് സാധുത. മറ്റ് സ്റ്റേറ്റുകളില്‍ ട്രംപിന് നിലവില്‍ വിലക്കില്ല.

English Summary:

Colorado Court Declares Trump Ineligible To Hold US President Office Again

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com