ADVERTISEMENT

ന്യൂഡൽഹി ∙ പാർലമെന്റിലെ പുകയാക്രമണ കേസുമായി ബന്ധപ്പെട്ടു രണ്ടുപേർ കൂടി പിടിയിൽ. കർണാടക സ്വദേശിയായ യുവ എൻജിനീയർ, ഉത്തർപ്രദേശ് സ്വദേശി എന്നിവരാണു പിടിയിലായതെന്നു ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു. ഇവരെ ചോദ്യം ചെയ്യുകയാണെന്നു ഡൽഹി പൊലീസ് അറിയിച്ചു.

കർണാടകയിൽനിന്ന് അറസ്റ്റിലായ സായ് കൃഷ്ണ ജഗാലി മുൻ പൊലീസ് ഉദ്യോഗസ്ഥന്റെ (ഡിഎസ്‌പി) മകനാണ്. ലോക്സഭയിൽ പുകയാക്രമണം നടത്തി പിടിയിലായ ഡി.മനോരഞ്ജന്റെ സുഹൃത്താണ് സായ് കൃഷ്ണ. ഇരുവരും ബെംഗളൂരുവിലെ എൻജിനീയറിങ് കോളജിൽ ഒരേ സമയം പഠിച്ചിരുന്നവരാണ്. ചോദ്യം ചെയ്യലിൽ മനോരഞ്ജൻ ഇയാളുടെ പേരു പറഞ്ഞിരുന്നതായാണു റിപ്പോർട്ട്. സായ് കൃഷ്ണ വീട്ടിലിരുന്നു ജോലി ചെയ്യുകയായിരുന്നെന്നും തെറ്റൊന്നും ചെയ്തില്ലെന്നും സഹോദരി സ്പന്ദ മാധ്യമങ്ങളോടു പറഞ്ഞു.

‘‘ഡൽഹി പൊലീസ് ഇവിടെ വന്നിരുന്നുവെന്നതു സത്യമാണ്. എന്റെ സഹോദരനെ ചോദ്യം ചെയ്തു. ഞങ്ങൾ അന്വേഷണത്തോടു പൂർണമായും സഹകരിച്ചു. സായ് കൃഷ്ണ തെറ്റായൊന്നും ചെയ്തിട്ടില്ല. മനോരഞ്ജനും സായ്‍‌യും നേരത്തേ ഒരേ മുറിയിൽ താമസിച്ചിരുന്നു. ഇപ്പോൾ സഹോദരൻ വീട്ടിലിരുന്നാണു ജോലി ചെയ്യുന്നത്.’’– സ്പന്ദ വ്യക്തമാക്കി. യുപി സ്വദേശി അതുൽ കുൽശ്രേഷ്ഠയാണ് (50) കസ്റ്റഡിയിലുള്ള അടുത്തയാൾ.

ഡൽഹി പൊലീസ് അതുലിനെ കസ്റ്റഡിയിലെടുത്തതായും കൂടുതൽ വിവരങ്ങൾ പങ്കുവച്ചില്ലെന്നും ജലാവ് എസ്പി പറഞ്ഞു. ഭഗത് സിങ് ഫാൻ ക്ലബിലെ അംഗമാണ് ഇയാളെന്നാണു വിവരം. അറസ്റ്റിലായ പ്രതികളെല്ലാം ഈ സമൂഹമാധ്യമ ഗ്രൂപ്പിൽ അംഗങ്ങളായിരുന്നു. പ്രതികൾ അതുലുമായി ചാറ്റ് ചെയ്തെന്നും സൂചനയുണ്ട്. ഹൈസ്കൂളിൽ പഠനം ഉപേക്ഷിച്ച അതുൽ, ഇടതുപക്ഷ ആശയങ്ങളിൽ ആകൃഷ്ടനായിരുന്നു. നാലു മക്കളുടെ പിതാവാണെന്നും പൊലീസ് പറഞ്ഞു. ഇതിനിടെ, പുകയാക്രമണത്തിനെതിരെ പ്രതിഷേധിച്ചതിന്, സഭാനടപടികൾ തടസ്സപ്പെടുത്തിയെന്നാരോപിച്ച് പാർലമെന്റിന്റെ ഇരുസഭകളിൽ നിന്നുമായി സസ്പെൻഡ് ചെയ്യപ്പെട്ട അംഗങ്ങളുടെ എണ്ണം 143 ആയി.

English Summary:

Ex-Karnataka Top Cop's Son Detained In Parliament Security Breach Case

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com