ADVERTISEMENT

ചെന്നൈ∙ തമിഴ് നടൻ മൻസൂർ അലിഖാന് ഒരു ലക്ഷം രൂപ പിഴ ചുമത്തി മദ്രാസ് ഹൈക്കോടതി. പിഴത്തുക രണ്ടാഴ്ചയ്ക്കകം അഡയാർ കാൻസർ ഇൻസ്റ്റിറ്റ്യൂട്ടിനു നൽകാനും ഉത്തരവിട്ടു. നടൻ ചിരഞ്ജീവി, നടിമാരായ തൃഷ, ഖുശ്ബു എന്നിവർക്കെതിരെ നൽകിയ മാനനഷ്ടക്കേസിലാണു മൻസൂർ അലി ഖാന് തിരിച്ചടി നേരിട്ടത്. കേസ് കോടതി തള്ളി. ഒരു കോടി രൂപയാണ് മൻസൂർ അലി ഖാൻ നഷ്ടപരിഹാരമായി ആവശ്യപ്പെട്ടിരുന്നത്. എന്നാൽ പ്രശസ്തിക്കുവേണ്ടിയാണു നടൻ കേസുമായി സമീപിച്ചതെന്നു ഹൈക്കോടതി വിമർശിച്ചു. 

നടന്റെ സ്ത്രീവിരുദ്ധ പരാമർശത്തിൽ കേസ് നൽകേണ്ടതു തൃഷയാണെന്നു കോടതി അഭിപ്രായപ്പെട്ടിരുന്നു. അപകീർത്തിപ്പെടുത്തിയെന്ന് ആരോപിച്ചാണ് തൃഷയ്ക്കെതിരെ മൻസൂർ അലി ഖാൻ പരാതി നൽകിയത്.

അടുത്തിടെ പുറത്തിറങ്ങിയ ‘ലിയോ’ എന്ന ചിത്രവുമായി ബന്ധപ്പെട്ട് ഒരു തമിഴ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ നടി തൃഷയ്‌ക്കെതിരെ മൻസൂർ അലി ഖാൻ നടത്തിയ പരാമർശമാണ് വിവാദമായത്. ‘ലിയോ’യിൽ തൃഷയാണ് നായികയെന്നറിഞ്ഞപ്പോൾ ഒരു കിടപ്പറരംഗമുണ്ടാവുമെന്ന് പ്രതീക്ഷിച്ചെന്നായിരുന്നു നടൻ പറഞ്ഞത്. ഇതിനെതിരെ തൃഷ തന്നെയാണ് ആദ്യം രംഗത്തുവന്നത്. ഇനിയൊരിക്കലും കൂടെ അഭിനയിക്കില്ലെന്നും അവർ വ്യക്തമാക്കിയിരുന്നു.

ഇതിനു പിന്നാലെ മൻസൂർ അലിഖാനെതിരെ സിനിമാലോകത്തുനിന്നു വ്യാപക പ്രതിഷേധമുയർന്നു. തുടർന്ന് താരം മാപ്പുപറഞ്ഞെങ്കിലും തൊട്ടുപിന്നാലെ മാനനഷ്ടക്കേസുമായി കോടതിയെ സമീപിക്കുകയായിരുന്നു. നടി തൃഷ, ദേശീയ വനിതാ കമ്മിഷൻ അംഗം ഖുശ്ബു, നടൻ ചിരഞ്ജീവി എന്നിവർ എക്സിലൂടെ തന്നെ അപമാനിച്ചെന്നും നഷ്ടപരിഹാരം നൽകണമെന്നുമായിരുന്നു മൻസൂർ അലിഖാന്റെ ആവശ്യം.

English Summary:

മൻസൂർ അലി ഖാന് തിരിച്ചടി; തൃഷയ്ക്കെതിരായ മാനനഷ്ടക്കേസ് തള്ളി, ഒരു ലക്ഷം രൂപ പിഴ - Mansoor Ali Khan | Manorama Online

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com