കശ്മീരിലെ ഭീകരരുമായി കൈകോർത്ത് ഖലിസ്ഥാൻ ഭീകരൻ പന്നു; പുതിയ സഖ്യം
Mail This Article
ന്യൂഡൽഹി∙ കശ്മീരിലെ ഭീകരരുമായി ചേർന്ന് പുതിയ സഖ്യം ഉണ്ടാക്കാൻ ഖലിസ്ഥാൻ ഭീകരൻ ഗുർപട്‌വന്ത് സിങ് പന്നു ശ്രമിക്കുന്നുവെന്ന് റിപ്പോർട്ട്. വ്യാഴാഴ്ച ഇന്ത്യൻ സൈന്യത്തിനു നേരെയുണ്ടായ ആക്രമണം കശ്മീരികൾക്കെതിരായ ഇന്ത്യയുടെ അതിക്രമങ്ങളുടെ പരിണിത ഫലമാണെന്ന് കശ്മീർ–ഖലിസ്ഥാൻ റഫറാൻഡം ഫ്രണ്ട് വക്താവ് അറിയിച്ചതോടെയാണ് പന്നുവിന്റെ നേതൃത്വത്തിലുള്ള ഖലിസ്ഥാൻ ഭീകരർ കശ്മീരിലെ ഭീകരുമായി കൈകോർക്കുന്നുവെന്ന റിപ്പോർട്ട് പുറത്തുന്നത്.
ജമ്മു കശ്മീരിൽ കഴിഞ്ഞ ദിവസം ആക്രമണമുണ്ടായതിനു പിന്നാലെയാണ് കശ്മീർ – ഖലിസ്ഥാൻ റഫറാൻഡം ഫ്രണ്ട് എന്ന സഖ്യത്തിന്റെ വക്താവ് എന്ന നിലയിൽ ഒരാൾ ഇന്ത്യൻ സൈന്യത്തിനെതിരെ രംഗത്തെത്തിയത്. ‘‘രാജ്യാന്തര തലത്തിൽ തർക്കമുള്ള സ്ഥലം എന്ന് രേഖപ്പെടുത്തിയ കശ്മീരിലാണ് ഇന്ത്യ അധിനിവേശം നടത്തി ദശാബ്ദങ്ങളായി വംശീയ ഉൻമൂലനം നടത്തുന്നത്. വ്യാഴാഴ്ചയുണ്ടായ ഏറ്റുമുട്ടലിൽ ഇന്ത്യൻ സൈന്യത്തിന് കനത്ത നഷ്ടം നേരിടേണ്ടി വന്നു. അക്രമം അക്രമത്തെ മാത്രമാണ് ഉളവാക്കുന്നത്’’– വക്താവ് അറിയിച്ചു.
കശ്മീരിലെ രജൗറി ജില്ലയിലുണ്ടായ ഏറ്റുമുട്ടലിൽ നാല് സുരക്ഷാ ഉദ്യോഗസ്ഥരാണ് വീരമൃത്യു വരിച്ചത്. രണ്ട് സൈനിക വാഹനങ്ങൾക്കു നേരെയാണ് ഭീകരർ ഒളിയാക്രമണം നടത്തിയത്.
2020 ജൂലൈ ഒന്നുമുതലാണ് പന്നുവിനെ ഭീകരനായി ഇന്ത്യ പ്രഖ്യാപിച്ചത്. എന്നാൽ പന്നുവിനെ വധിക്കാൻ ഇന്ത്യ ആസൂത്രണം നടത്തിയെന്ന് റിപ്പോർട്ട് പുറത്തുവന്നത് വലിയ പ്രശ്നങ്ങൾക്ക് വഴിതുറന്നു. പന്നുവിനെ കൊലപ്പെടുത്താൻ നിഖിൽ ഗുപ്ത എന്നൊരാളെ ഇന്ത്യയിലെ ഉദ്യോഗസ്ഥർ ഏർപ്പാടാക്കിയതായി യുഎസ് കോടതിയിൽ സമർപ്പിച്ച ഒരു കുറ്റപത്രത്തിൽ പറഞ്ഞിരുന്നു. ബൈഡൻ ഭരണകൂടവും ഇന്ത്യയുമായുള്ള ബന്ധം ദൃഢമാകുന്ന സമയത്തു പുറത്തു വന്ന ഈ വിവരം ഏറെ വിവാദമായി.
കാനഡയിൽ മറ്റൊരു ഖലിസ്ഥാൻ ഭീകരൻ ഹർദീപ് സിങ് നിജ്ജാറിനെ കൊലപ്പെടുത്തിയതും ഈ രീതിയിലാണെന്ന് നിഖിൽ ഗുപ്ത യുഎസ് ഏജന്റിനോടു വെളിപ്പെടുത്തിയെന്നും ഈ വിവരം കാനഡയ്ക്കു യുഎസ് കൈമാറിയതിനെത്തുടർന്നാണ് കാനഡ ഇന്ത്യയക്കെതിരെ പ്രതികരിച്ചതെന്നും വാർത്തകളുണ്ടായിരുന്നു.