ADVERTISEMENT

ചെന്നൈ ∙ ലോക്സഭാ തിരഞ്ഞെടുപ്പിനു മാസങ്ങൾ മാത്രം ശേഷിക്കെ പ്രതിപക്ഷ ഇന്ത്യ മുന്നണിയിൽ വിവാദത്തിനു തിരി കൊളുത്തി ഡിഎംകെ നേതാവും എംപിയുമായ ദയാനിധി മാരൻ. ബിഹാറിലെ തൊഴിലാളികളെ കുറിച്ചുള്ള ദയാനിധിയുടെ പരാമർശമാണു വിവാദത്തിലായത്.

‘‘ഇംഗ്ലിഷ് പഠിച്ചതു കൊണ്ടു മാത്രം ഇവിടെയുള്ളവർക്ക് ഐടി മേഖലയിലടക്കം മികച്ച ജോലിയും നല്ല ശമ്പളവും ലഭിക്കുന്നു. അവർ ‘ഹിന്ദി, ഹിന്ദി’ എന്നാണു പറയുന്നത്. ആരാണു കെട്ടിടങ്ങൾ നിർമിക്കുന്നതെന്നു നിങ്ങൾക്കറിയാം. ഹിന്ദി മാത്രമറിയുന്ന ബിഹാറിലെ ആളുകൾ തമിഴ്നാട്ടിൽ വീട് നിർമിക്കുന്നു, റോഡ് വൃത്തിയാക്കുന്നു, കക്കൂസ് കഴുകുന്നു.’’– സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വിഡിയോയിൽ ദയാനിധി മാരൻ പറയുന്നതിങ്ങനെയാണ്.

പഴയ വിഡിയോ പ്രത്യേക ലക്ഷ്യത്തോടെ ചിലർ പ്രചരിപ്പിക്കുകയാണെന്നു ഡിഎംകെ വ്യക്തമാക്കി. കഴിഞ്ഞദിവസം ഇന്ത്യ മുന്നണിയുടെ യോഗത്തിനിടെ ഹിന്ദിയെച്ചൊല്ലി വാക്പോരുണ്ടായതിനു പിന്നാലെയാണു ദയാനിധിയുടെ വിഡിയോ വൈറലായത്. പ്രസംഗം ഇംഗ്ലിഷിലേക്കു തർജമ ചെയ്യണമെന്നു ഡിഎംകെ നേതാവ് ടി.ആർ.ബാലു ആവശ്യപ്പെട്ടപ്പോൾ, ബിഹാർ മുഖ്യമന്ത്രിയും ജെഡിയു അധ്യക്ഷനുമായ നിതീഷ് കുമാർ പൊട്ടിത്തെറിച്ചിരുന്നു. ഇന്ത്യ മുന്നണിയിലെ അംഗമായ ആർജെഡി ദയാനിധിയുടെ പ്രസ്താനവയ്ക്കെതിരെ രംഗത്തെത്തി.

‘‘ഇത് അപലപനീയമാണ്. മറ്റു സംസ്ഥാനങ്ങളിലെ നേതാക്കൾ, അവരേതു പാർട്ടിക്കാരുമാകട്ടെ, ഇത്തരം പരാമർശങ്ങൾ ഒഴിവാക്കേണ്ടതാണ്.  ഈ രാജ്യം ഒന്നാണ്. ഞങ്ങൾ മറ്റു സംസ്ഥാനങ്ങളിലുള്ളവരെ ബഹുമാനിക്കുന്നു. തിരിച്ചും അതാണു പ്രതീക്ഷിക്കുന്നത്.’’– ബിഹാർ ഉപമുഖ്യമന്ത്രിയും ആർജെഡി നേതാവുമായ തേജസ്വി യാദവ് പറഞ്ഞു. ഡിഎംകെ നേതാവിന്റെ പരാമർശത്തെ വിമർശിച്ച് ബിജെപിയും രംഗത്തുവന്നു.

കോൺഗ്രസിന്റെയും ഡിഎംകെയുടെയും ഭാഷ രാജ്യത്തെ വിഭജിക്കുന്നതാണെന്നു ബിഹാറിൽനിന്നുള്ള കേന്ദ്രമന്ത്രി ഗിരിരാജ് സിങ് പറഞ്ഞു. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കും നിതീഷ് കുമാറിനും സമാന അഭിപ്രായമാണോയെന്നു വിഡിയോ പങ്കിട്ടുകൊണ്ട് ബിജെപി നേതാവ് അമിത് മാളവ്യ ചോദിച്ചു. ഡിഎംകെ നേതാവും മന്ത്രിയുമായ ഉദയനിധി സ്റ്റാലിൻ നേരത്തേ നടത്തിയ സനാതന ധർമ പരാമർശവും വലിയ വിവാദമായിരുന്നു.

English Summary:

Tejashwi Yadav's Response To DMK MP's "Bihar People Clean Toilets" Video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com