പ്രശസ്ത സ്റ്റാൻഡ് അപ് കൊമേഡിയൻ നീൽ നന്ദ അന്തരിച്ചു; മരണം 32ാം ജന്മദിനാഘോഷത്തിനു പിന്നാലെ
Mail This Article
വാഷിങ്ടൻ ∙ ലൊസാഞ്ചലസ് ആസ്ഥാനമായി പ്രവർത്തിച്ചിരുന്ന പ്രശസ്ത സ്റ്റാൻഡ് അപ് കൊമേഡിയൻ നീൽ നന്ദ അന്തരിച്ചു. 32ാം ജന്മദിനം ആഘോഷിച്ചതിനു പിന്നാലെയായിരുന്നു വിയോഗം. വർഷങ്ങളായി നീലിനൊപ്പമുള്ള മാനേജർ ഗ്രെഗ് വെയ്സാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.
ഒരു മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് നീലിന്റെ മരണവിവരം മാനേജർ വെളിപ്പെടുത്തിയത്. ‘‘11 വർഷമായി എനിക്കൊപ്പമുള്ള നീലിന്റെ വിയോഗവാർത്ത വളരെ വ്യസനത്തോടെ അറിയിക്കുകയാണ്. നീൽ മികച്ചൊരു ഹാസ്യകലാകാരനും നല്ലൊരു സുഹൃത്തും മികച്ചൊരു മനുഷ്യനുമായിരുന്നു’’–ഗ്രെഗ് പറഞ്ഞു. പത്തൊൻപതാം വയസ്സു മുതൽ നീലിനൊപ്പമുള്ളയാളാണ് ഗ്രെഗ്.
നീലിന്റെ മരണകാരണം വ്യക്തമല്ല. ജോർജിയയിലെ അൻലാന്റയിൽ ഇന്ത്യൻ ദമ്പതികളുടെ മകനായാണ് ജനനം. ചെറുപ്പം മുതലേ കോമഡി ചെയ്യുന്നതിൽ താൽപര്യം കാണിച്ച നീൽ പിന്നീട് സ്റ്റാൻഡ് അപ് കൊമേഡിയനായി വളരുകയായിരുന്നു. രാഷ്ട്രീയ ആക്ഷേപഹാസ്യ പരിപാടിയായ ജിമ്മി കിമ്മൽ ലൈവ്, യുഎസിലെ ടെലിവിഷൻ കോമഡി പരിപാടിയായ ആദം ഡിവൈൻസ് ഹൗസ് പാർട്ടി എന്നിവയിലൂടെയാണ് ശ്രദ്ധേയനായത്.
നിലീന്റെ മരണവിവരം ഞെട്ടലോടെയാണ് ആരാധകരും സുഹൃത്തുക്കളും കേട്ടത്. നീലിന് ആദരാഞ്ജലി അർപ്പിച്ച് നിരവധിപ്പേർ സമൂഹമാധ്യമങ്ങളിൽ കുറിപ്പ് പങ്കുവച്ചു.